കോട്ടയം : ശബരിപാതയ്ക്ക് വീണ്ടും ജീവൻവയ്‌ക്കുന്നതോടെ സ്ഥലമെടുപ്പ്, നഷ്ടപരിഹാരം എന്നിവ സർക്കാരിന് കീറാമുട്ടിയാകും. മലയോരമേഖലയിലെ ജനങ്ങളുടെ ആശങ്കയ്ക്ക് പരിഹാരം കാണണമെന്ന ആവശ്യം ഇതിനോടകം ശക്തമായി. രാമപുരം വരെ സർവേ നടത്തി കല്ലിട്ടിട്ട് മൂന്നു പതിറ്റാണ്ടായി. അങ്കമാലി - കാലടി വരെ നഷ്ടപരിഹാരം നൽകി സ്ഥലമേറ്റെടുത്തിട്ടുണ്ട്. ബാക്കി സ്ഥലമേറ്റെടുക്കൽ ഉടൻ ഉണ്ടായേക്കുമെന്നതിനൊപ്പം അയ്യായിരത്തോളം കുടുംബങ്ങളുടെ നഷ്ടപരിഹാരവും പുനരധിവാസവും എങ്ങനെയെന്ന ചോദ്യമാണ് ഉയരുന്നത്. രാമപുരം, പിഴക്, പ്രവിത്താനം, ഭരണങ്ങാനം, ചെമ്മലമറ്റം, തിടനാട്, പാറത്തോട്, കൊരട്ടി, വഴിയാണ് എരുമേലിയിൽ എത്തേണ്ടത്. രാമപുരം മുതൽ എരുമേലി സ്റ്റേഷൻ വരെ ഏരിയൽ സർവേയാണ് നടന്നത്.
അങ്കമാലി മുതൽ രാമപുരം വരെ 70 കിലോ മീറ്ററിൽ സർവേ നടത്തിയിട്ടുണ്ട്. സാമൂഹികാഘാത പഠനവും, ഹിയറിംഗും പൂർത്തിയാകണം.
മറ്റ് നിർമ്മിതികൾ നടത്താനാകാതെ
ഭൂമി വിട്ടുകൊടുത്ത 2862 കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. വിട്ടുകൊടുത്ത ഭൂമിയിൽ മറ്റു നിർമ്മിതികൾ നടത്താനാകില്ല. പഞ്ചായത്തോ നഗരസഭയോ നിർമ്മാണത്തിന് പെർമിറ്റ് നൽകുന്നില്ല. പഴയ കെട്ടിടം ബലപ്പെടുത്താനും സമ്മതിക്കുന്നില്ല. ഭാവി വികസനത്തിന് പാളത്തിന് ഇരുവശത്തും റെയിൽവേയുടെ വികസനത്തിനും കൂടുതൽ ഭൂമി വിട്ടുകൊടുക്കണം. രാമപുരം, ഭരണങ്ങാനം ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി, എന്നിങ്ങനെ അഞ്ചു സ്റ്റേഷനുകളാണ് കോട്ടയം ജില്ലയിൽ വരിക. നഗര കേന്ദ്രങ്ങളിൽ നിന്ന് അകലെ വരുന്നനിർദ്ദിഷ്ട സ്റ്റേഷനുകളിലേക്ക് അപ്രോച്ച് റോഡും നിർമ്മിക്കണം.
പദ്ധതിയ്ക്ക് വേണ്ടത് 303.58 ഹെക്ടർ സ്ഥലം
ഏറ്റെടുത്ത സ്ഥലം : 24.40 ഹെക്ടർ
''നേരത്തേ സർവേ നടത്തി കല്ലിട്ടിട്ടുള്ളതിനാൽ സ്ഥലമേറ്റെടുക്കൽ പ്രശ്നമാകില്ല. ഭൂമിക്ക് മാർക്കറ്റ് വിലയിലും ഇരട്ടി വരെ റെയിൽവേ നഷ്ടപരിഹാരമായി നൽകും. ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ടതായതിനാൽ കേന്ദ്ര സർക്കാർ പ്രത്യേക താത്പര്യവും പദ്ധതിയ്‌ക്കുണ്ട്
-സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |