കോട്ടയം : കിടങ്ങൂരിൽ സ്ഥാപിക്കുന്ന സഹകരണ റൈസ് മില്ല് നെൽ കർഷക മേഖലയിൽ ഉണർവുണ്ടാക്കുമെന്ന് കർഷകരും, റേഷൻ കട ഉടമകളും. അതേ സമയം ഓയിൽ പാം ഉടമസ്ഥതയിലുള്ള വെച്ചൂരിലെ റൈസ് മില്ലിന്റെ അവസ്ഥയാകരുതെന്ന അപേക്ഷയും ഇവർക്കുണ്ട്.
''റേഷൻ കടകൾ വഴി ലഭിക്കുന്ന മട്ട അരി ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് മിൽ പ്രയോജനമാകും. റേഷൻ അരിയിലെ ഭൂരിപക്ഷ വിഹിതവും മട്ട അരിയാണ്. സംഭരിക്കുന്ന നെല്ലിന്റെ നല്ലതെല്ലാം പുറം വിപണിയിലേക്ക് മാറ്റുകയും, മില്ലുകാർ കൊടുക്കുന്നത് വാങ്ങാൻ കാർഡുടമകൾ നിർബന്ധിതരാവുകയും ചെയ്യുന്നു. സഹകരണ റൈസ് മില്ലിലൂടെ ഇനിയെങ്കിലും നമ്മുടെ നെല്ല് കുത്തിയ അരി തന്നെ ജനങ്ങൾക്ക് ലഭിക്കുന്നത് വലിയ കാര്യമാണ്. നല്ല അരി വിതരണം ചെയ്താൽ റേഷൻ കടകളിൽ എത്തുന്നവരുടെ എണ്ണം കൂടും. പൊതുവിപണിയിൽ അരി വില കുറയും.
-കെ.കെ.ശിശുപാലൻ (സംസ്ഥാന സെക്രട്ടറി, ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ)
''സഹകരണ മില്ല് നെൽകൃഷി മേഖലയിൽ കർഷകർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകും. നന്നായി ഉണങ്ങിയ നെല്ലാണെങ്കിലും 30 ശതമാനം വരെ കിഴിവാണ് സ്വകാര്യ മില്ലുകൾ ഈടാക്കുന്നത്. ഗോഡൗൺ സൗകര്യമില്ലാത്തതിനാൽ നെല്ല് നശിക്കാതിരിക്കാൻ ഗതികേട് കൊണ്ട് കർഷകർ കിഴിവ് അംഗീകരിക്കുകയാണ്. കിടങ്ങൂര് ആധുനിക ഗോഡൗൺ സൗകര്യം ഉണ്ടെന്നത് ആശ്വാസമാണ്. സഹകരണ ബാങ്കുകളെക്കൂടി കൺസോർഷ്യത്തിൽ ഉൾപ്പെടുത്തി സംഭരിച്ച നെല്ലിന്റെ പണം കാലത്താമസം കൂടാതെ ലഭ്യമാക്കണം.
-എം.കെ. പൊന്നപ്പൻ (നെൽകർഷകൻ , ട്രാക്ടർ തൊഴിലാളി യൂണിയൻ ഭാരവാഹി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |