കോട്ടയം: ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകളായ പെരുന്ന ഗവൺമെന്റ് എൽ.പി.സ്‌കൂൾ ഇന്നും ചിങ്ങവനം ഗവൺമെന്റ് യു.പി സ്‌കൂൾ 30നും തുറക്കുമെന്ന് കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു. കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
പെരുന്ന ഗവൺമെന്റ് എൽ.പി. സ്‌കൂളിൽ ഒരു കുടുംബത്തിലെ ആറുപേരും പ്രായമായ ഒരു സ്ത്രീയുമാണുള്ളത്. ഇവർക്കു താമസിക്കുന്നതിനു താത്കാലിക സൗകര്യമൊരുക്കാൻ ചങ്ങനാശേരി നഗരസഭ സെക്രട്ടറിക്കു ജില്ലാ കളക്ടർ നിർദ്ദേശം നൽകി. ചങ്ങനാശേരി നഗരസഭയുടെ മിനി ഹാളിന്റെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കാനും നിർദേശിച്ചു. ചിങ്ങവനം ഗവൺമെന്റ് യു.പി. സ്‌കൂളിൽ അഞ്ച് കുടുംബങ്ങളിലായി 16 പേരാണുള്ളത്. ഇവരെ പന്നിമറ്റം നിർമ്മിതി കോളനി കമ്മ്യൂണിറ്റി ഹാളിലേക്ക് മാറ്റാനുള്ള അടിയന്തരനടപടി സ്വീകരിക്കാൻ കോട്ടയം നഗരസഭ സെക്രട്ടറിക്കു നിർദ്ദേശം നൽകി. യോഗത്തിൽ പങ്കെടുക്കാതിരുന്ന കോട്ടയം നഗരസഭാ സെക്രട്ടറിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാനും കളക്ടർ ഉത്തരവായി.
യോഗത്തിൽ കോട്ടയം നഗരസഭാംഗം സൂസൻ കെ. സേവ്യർ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ശ്രീജിത്ത്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺകുമാർ, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് എസ്. ശ്രീകുമാർ, തഹസിൽദാർ എസ്.എൻ. അനിൽകുമാർ, ചങ്ങനാശ്ശേരി നഗരസഭ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ എം.സി. ജഗൽജിത്ത്, പെരുന്ന ഗവൺമെന്റ് എൽ.പി. സ്‌കൂൾ പ്രഥമാധ്യാപിക ജെസി പിജോൺ, ചിങ്ങവനം ഗവൺമെന്റ് യു.പി സ്‌കൂൾ പ്രഥമാധ്യാപിക കെ. ജിബി റെജിന, സ്‌കൂൾ അധ്യാപിക സുബി പി. ചെറിയാൻ, ചിങ്ങവനം ഗവൺമെന്റ് യു.പി സ്‌കൂൾ പി.ടി.എ. പ്രസിഡന്റ് സിമിക്സ് സേവ്യർ, എം.കെ. രതീഷ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |