പാലാ: എല്ലാ പഞ്ചായത്തിലും കളിക്കളങ്ങളുള്ള ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളത്തെ ഉടൻ മാറ്റുമെന്ന് കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. പാലായിൽ സിന്തറ്റിക്ക് ട്രാക്ക് സ്റ്റേഡിയത്തിന്റെ നവീകരണ ജോലികളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിൽ കേരളത്തിൽ 467 കളിക്കളങ്ങളാണുള്ളത്. 300 എണ്ണംകൂടി പണിതുകൊണ്ടിരിക്കുകയാണ്. 200 കളിക്കളങ്ങൾക്കൂടി പൂർത്തിയായാൽ എല്ലാ പഞ്ചായത്തിലും കളിക്കളങ്ങളുള്ള ആദ്യ സംസ്ഥാനമായി കേരളം മാറും.
കേരളത്തിലെ എല്ലാ ജില്ലകളിലും ജില്ലാ സ്റ്റേഡിയത്തിന്റെ പണികളും ഉടൻ പൂർത്തികരിക്കും. കോട്ടയത്ത് യൂണിവേഴ്‌സിറ്റി ക്യാമ്പസിലാണ് ജില്ലാ സ്റ്റേഡിയം പണിയുന്നത്. കായിക മേഖലയിൽ പതിനായിരം തൊഴിലവസരങ്ങൾ ഉടൻ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ നിന്ന് പുതിയ ദേശീയ, അന്തർദേശീയ കായിക താരങ്ങളുടെ എണ്ണത്തിൽ കുറവു വന്നിട്ടുണ്ട്. ഇത് പരിഹരിക്കാൻ കൂട്ടായ പരിശ്രമം ആവശ്യമാണെന്നും മന്ത്രി തുടർന്നു.
മാണി സി. കാപ്പൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ജോസ് കെ. മാണി എം.പി. ആമുഖപ്രസംഗം നടത്തി. പാലാ നഗരസഭാ ചെയർമാൻ തോമസ് പീറ്റർ, വൈസ് ചെയർപേഴ്‌സൺ ബിജി ജോജോ, ഒളിമ്പ്യൻ ഷൈനി വിൽസൺ, വിൽസൺ ചെറിയാൻ തുടങ്ങിയവർ പങ്കെടുത്തു. കായിക വകുപ്പ് എഞ്ചിനീയർ പി.കെ. അനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |