മുണ്ടക്കയം : പാറക്കെട്ടുകളെ വകഞ്ഞുമാറ്റി തട്ടുതട്ടുകളായി പാൽനുരപോലെ രണ്ടായിരം അടി ഉയരത്തിൽ നിന്ന് താഴേക്ക് പതിക്കുന്ന വെള്ളച്ചാട്ടം ആസ്വദിക്കാൻ വെംബ്ലിയിൽ സഞ്ചാരികളുടെ തിരക്കേറുന്നു. ഇടുക്കി ജില്ലയുടെ ഭാഗമായ കൊക്കയാർ പഞ്ചായത്തിലെ വെംബ്ലി ,വടക്കേമല ഭാഗത്താണ് മനംകവവരുന്ന വെള്ളചാട്ടങ്ങൾ. നൂറേക്കർ, പാപ്പാനി, വെള്ളപ്പാറ വെള്ളചാട്ടങ്ങളാണ് കണ്ണിനു കുളിർമ്മയ്‌ക്കൊപ്പം കൗതുകവും സൃഷ്ടിക്കുന്നത്. മുണ്ടക്കയം കൂട്ടിക്കൽ കൊക്കയാർ വെംബ്ലി ഉറുമ്പിക്കര റോഡിന് സമീപത്താണ് മൂന്ന് വെള്ളചാട്ടങ്ങളും സ്ഥിതി ചെയ്യുന്നത്. വെംബ്ലിയിൽ നിന്നും ഒരുകിലോമീറ്റർ മുന്നോട്ടുപോകുമ്പോൾ ആദ്യ വെള്ളചാട്ടമാണ് നൂറേക്കർ വെള്ളചാട്ടങ്ങൾ .നൂറേക്കറിലെ കൊടുംവളവിൽ ഇടതുവശത്തു ഇരുപതു മീറ്റർ അകലത്തിൽ നൂറേക്കർ വെള്ളചാട്ടങ്ങൾ സ്ഥിതി ചെയ്യുന്നത്. പാപ്പാനി തോട്ടിന്റെ ശാഖയായി ഒഴുകുന്ന ഈ വെള്ളചാട്ടം നൂറേക്കർ വെള്ളചാട്ടമെന്ന പേരിലാണ് ആദ്യകാലംമുതൽ അറിയപ്പെടുന്നത്.
നൂറേക്കർ വെള്ളചാട്ടം കണ്ടു മനം കുളിർത്തു മുന്നോട്ടു നീങ്ങുന്ന സഞ്ചാരികൾക്ക് 400 മീറ്റർ സ്വകാര്യ റബർ തോട്ടലൂടെ യാത്ര ചെയ്താൽ വെള്ളപ്പാറ വെള്ളചാട്ടത്തിലെത്താം.
പാപ്പാനിയോട് ഏറെ പ്രിയം
മൂന്നാമത്തെ പാപ്പാനി വെള്ളച്ചാട്ടമാണ് നിലവിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയിരിക്കുന്നത്. ഇടുക്കി പാക്കേജിൽ പെടുത്തി നിർമ്മിച്ച പാലത്തിന്റെ വരവോടെയാണ് പാപ്പാനി വെള്ളച്ചാട്ടം പുറംലോകമറിയുന്നത്. വാഹനങ്ങൾ കടന്നുവരുന്നതിനും പാർക്കിംഗിനും ഏറെ സൗകര്യമുളളതിനാൽ സഞ്ചാരികൾ കൂടുതലായി എത്തുന്നതും ഇവിടെ തന്നെ.
പദ്ധതികൾ പ്രഖ്യാപനത്തിൽ
മുൻപ് എം.എം.മണി വൈദ്യുതമന്ത്രിയായിരുന്നപ്പോൾ വെളളപ്പാറ വെള്ളച്ചാട്ടം സന്ദർശിക്കുകയും ജലവൈദ്യുത പദ്ധതി നടപ്പിലാക്കാമെന്നുും പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. മനസുവച്ചാൽ സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാക്കാനാകും. മുണ്ടക്കയം ടൗണിൽ നിന്ന് മുപ്പത്തിയഞ്ചാംമൈൽ ബോയ്‌സ് വഴിയും മുണ്ടക്കയം കൂട്ടിക്കൽ ചപ്പാത്ത് വഴിയും കൊക്കയാറ്റിലെത്താം. അവിടെ നിന്നും മൂന്നു കിലോമീറ്റർ യാത്ര ചെയ്താൽ വെംബ്ലിയിലെത്തി ഉറുമ്പിക്കര പാതയിലൂടെ ഒരുകിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ ആദ്യ വെള്ളച്ചാട്ടത്തിലെത്താം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |