കോട്ടയം : കുറഞ്ഞ വിലയ്ക്ക് മികച്ച കോഴിക്കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്ന മണർകാട് കോഴിവളർത്തൽ കേന്ദ്രം 15 ന് തുറക്കും. പക്ഷിപ്പനി ബാധയെത്തുടർന്ന് കഴിഞ്ഞ ഒരു വർഷമായി അടച്ചിട്ടിരുന്ന ഫാം പൂർണമായും അണുവിമുക്തമാക്കി.
ആദ്യഘട്ടത്തിൽ തൊടുപുഴ കോലാനി ഫാമിൽ നിന്ന് ഒരുദിവസം പ്രായമായ ഗ്രാമശ്രീ ഇനത്തിൽപ്പെട്ട 1372 കോഴിക്കുഞ്ഞുങ്ങളെ എത്തിക്കും. അടുത്ത മാസം മാതൃ - പിതൃ ശേഖരത്തിനായി മണ്ണുത്തി യൂണിവേഴ്സിറ്റി പൗൾട്രിഫാമിൽനിന്ന് ഒരു ദിവസം പ്രായമായ 1800 കോഴിക്കുഞ്ഞുങ്ങളെയും കൊണ്ടുവരും. ഫാമിന്റെ പ്രവർത്തനം പൂർണതോതിലായാൽ സെൻട്രൽ പൗൾട്രി ഡെവലപ്പ്മെന്റ് ഓർഗനൈസേഷനിൽ നിന്ന് കാവേരിയിനത്തിൽപ്പെട്ട കോഴികളുടെ 4000 മുട്ടകൾ വിരിയിക്കാനായി എത്തിക്കും.
10 കൂടുകളാണുള്ളത്. കൂടുകളിൽ പെയിന്റിംഗടക്കമുള്ള നവീകരണ ജോലികൾ പുരോഗമിക്കുകയാണ്. തുടക്കത്തിൽ എല്ലാ കൂടുകളിലും കോഴികളെ ഇടുന്നില്ല. 2024 മേയിലാണ് ഫാമിൽ എച്ച് 5 എൻ 1 പിടിപെട്ട് കോഴികൾ കൂട്ടത്തോടെ ചത്തത്. ആകെ 9175 കോഴികളെ ദയാവധത്തിന് വിധേയമാക്കി. 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്ക്. ഒരു വർഷമായി പ്രവർത്തിക്കാത്തതിനാൽ വൻ നഷ്ടമാണ് പൗൾട്രി ഫാമിന് നേരിട്ടത്.
പക്ഷിപ്പനി തടയാൻ പഴുതടച്ച സുരക്ഷ
പക്ഷികൾ കടക്കാതെ സംരക്ഷിക്കാൻ കൂടുകൾക്ക് ചുറ്റും നൈലേൺവല
ഫാമിലേക്ക് വരുന്ന വാഹനങ്ങളുടെ ടയറുകൾ അണുവിമുക്തമാക്കാൻ സംവിധാനം
പ്രധാന ഗേറ്റിൽ 12 അടി നീളത്തിലും 12 അടി വീതിയിലും കോൺക്രീറ്റിട്ട് വീൽഡിപ്പ്
ടയറുകൾ അണുവിമുക്തമാക്കാൻ ഹൈപ്പോക്ലോറേറ്റ് ലായനി ഇവിടെ നിറയ്ക്കും
ജീവനക്കാർക്ക് കടന്നുവരാൻ ചെറിയ ഗേറ്റ്, പുറത്തു നിന്നുള്ളവർക്ക് നിയന്ത്രണം
കൂടുകളിലേക്ക് കടക്കുന്ന ജീവനക്കാരുടെ കാലുകൾ അണുവിമുക്തമാക്കാൻ സംവിധാനം
പച്ചക്കറി, പൂക്കൃഷിയ്ക്കും തുടക്കം
കോഴിവളർത്തൽ കേന്ദ്രത്തിൽ കാർഷികവികസന കർഷകക്ഷേമ വകുപ്പമായി ചേർന്ന് പച്ചക്കറി, പൂക്കൃഷിക്കും തുടക്കമായി. പച്ചക്കറിവ്യാപനം സർക്കാർ സ്ഥാപനങ്ങളിലൂടെയും സാദ്ധ്യമാക്കണമെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണിത്. ഏഴര ഏക്കർ സ്ഥലമുള്ള ഫാമിൽ 70 സെന്റ് സ്ഥലത്താണ് കൃഷി. ഇതിന് 50,000 രൂപ കൃഷിവകുപ്പ് നൽകിയിരുന്നു. ഫാം ജീവനക്കാരാണ് കൃഷിചെയ്യുന്നത്.
2023-24 സാമ്പത്തിക വർഷത്തെ വരുമാനം : 95 ലക്ഷം രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |