കോട്ടയം : കണ്ണിന് കുളിർമയേകി അഴക് വിരിച്ച് തിരുവായ്‌ക്കരി പാടശേഖരത്തിൽ വീണ്ടും ആമ്പൽ വിടർന്നു. കണ്ണെത്താ ദൂരത്ത് പരന്നുകിടക്കുന്ന പാടത്തെ ആ വിസ്മയ കാഴ്ച കാണാൻ സഞ്ചാരികളുടെ ഒഴുക്കാണ്. വെള്ളത്തിന് മീതെ സൂര്യനെ നോക്കി ചുവന്ന് തുടുത്തു നിൽക്കുന്ന ആമ്പലിന്റെ ഭംഗി ആസ്വദിച്ച് തന്നെ അറിയണം. വേമ്പനാട് കായലിനോട് ചേർന്നാണ് ഈ ആമ്പൽക്കാഴ്ച. ഇതിന് സമീപമാണ് മലരിക്കൽ. ഇവിടെ പൂവിട്ടു തുടങ്ങുന്നതേയുള്ളൂ. പ്രകൃതി ആവോളം സൗന്ദര്യം വാരി വിതറിയിരിക്കുന്ന ഈ നാട് ഇന്ന് സഞ്ചാരികൾക്കിടയിൽ ഹിറ്റായിരിക്കുന്നത് ആമ്പൽപ്പാടങ്ങളുടെ ക്രെഡിറ്റിലാണ്. കൊയ്‌ത്തു കഴിഞ്ഞ പാടത്തേക്ക് കായൽ വെള്ളം കയറ്റുന്നതോടെയാണ് ആമ്പൽ വസന്തം തുടങ്ങുന്നത്.
ഫോട്ടോഷൂട്ട്, റീൽസ്, വെഡിംഗ് ഷൂട്ട്, സേവ് ദ ഡേറ്റ് തുടങ്ങി നിരവധി ചിത്രീകരണങ്ങൾക്കായി അന്യജില്ലകളിൽ നിന്നുൾപ്പെടെ നിരവധി പേരാണ് എത്തുന്നത്. ജൂലായ് മുതൽ സെപ്തംബർ വരെയുള്ള കാലയളവിലാണ് ആമ്പലുകൾ പൂവിടുന്നത്.
വള്ളത്തിൽ യാത്ര , പൂക്കൾ പറിക്കാം
കൊച്ചു തടിവള്ളത്തിലും ഫൈബർ വള്ളത്തിലും പൂക്കൾ വിരിഞ്ഞു നിൽക്കുന്നത് തൊട്ടടുത്ത് എത്തി ആസ്വദിക്കാമെന്നതാണ് പ്രത്യേകത. കൂടാതെ, വള്ളസവാരി ഇഷ്ടപ്പെടുന്നവർക്ക് കായലിലേക്കും ഉൾപ്രദേശത്തേയ്ക്കും സർവീസ് നടത്തുന്നുണ്ട്. പൂക്കൾ പറിക്കുന്നതിനും ഫോട്ടോയെടുക്കുന്നതിനും സൗകര്യമുണ്ട്. വള്ളത്തിൽ അരമണിക്കൂർ സഞ്ചരിച്ച് വേണം ഇവിടെയെത്താൻ. മഴക്കാലമായതിനാൽ പാടശേഖരത്തിൽ ജലനിരപ്പ് ഉയർന്ന് നിൽക്കുന്നതിനാൽ മുന്നറിയിപ്പും നൽകുന്നുണ്ട്.
നിരക്ക് ഇങ്ങനെ
8 പേർക്ക് : 1000 രൂപ (ഒരു മണിക്കൂർ)
ഒരു കെട്ട് പൂവിന് : 30 രൂപ
എത്തിച്ചേരാൻ
കുമരകം, കോട്ടയം ഭാഗത്ത് നിന്ന് വരുന്നവർ ഇല്ലിക്കൽ കവലയിൽ എത്തി തിരുവാർപ്പ് റോഡിൽ പ്രവേശിച്ച് കാഞ്ഞിരം ജംഗ്ഷനിൽ എത്തണം. ഇവിടെ നിന്ന് തിരിഞ്ഞ് കാഞ്ഞിരം റോഡിലൂടെ മലരിക്കലിലെത്തി മുന്നോട്ടുപോയാൽ തിരുവായ്ക്കരി പാടത്ത് എത്താം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |