കോട്ടയം : രാസവളത്തിന് അടിക്കടി വില കൂടുന്നതും ലഭ്യത കുറയുന്നതും കർഷകർക്ക് ഇരുട്ടടിയാവുന്നു. ഫാക്ടംഫോസ്, യൂറിയ, പൊട്ടാഷ്, ഡൈഅമോണിയം ഫോസ് ഫേറ്റ് വളങ്ങൾ കിട്ടാനില്ലെന്നാണ് പരാതി. കർഷകർ ഏറ്റവുമധികം ഉപയോഗിക്കുന്ന സമ്മിശ്ര വളമായി ഫാക്ടംഫോസിന്റെ ക്ഷാമമാണ് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ഒരുചാക്കിന് 1400 രൂപയാണ്. 1500 രൂപയായിരുന്ന പൊട്ടാഷിന് 300 രൂപ വർദ്ധിച്ച് 1800 ആയി. 18,9,18 മിശ്രിത വളത്തിന് 1310 രൂപയായി. മറ്റ് വളങ്ങൾക്ക് 100,90 രൂപയുടെ വർദ്ധനവാണുണ്ടായത്. യൂറിയ കിലോ 266 രൂപയാണ്. ജൂലായിൽ റബർ, വാഴ, കപ്പ, തെങ്ങ്, പച്ചക്കറി കൃഷി തുടങ്ങിയവയയ്ക്ക് വളം ഇടേണ്ട കർഷകരെയാണ് വില വർദ്ധനവ് പ്രതികൂലമായി ബാധിക്കുന്നത്. 70 ശതമാനം സബ്‌സിഡി വളങ്ങളും വിൽക്കുന്നത് സഹകരണ ബാങ്കുകളുടെ വളം ഡിപ്പോകളിലൂടെയാണ്. സ്വകാര്യ സ്ഥാപനങ്ങളിലും സബ്‌സിഡി വളങ്ങൾ ലഭ്യമാണ്.
വിരിപ്പു കൃഷി പ്രതിസന്ധിയിൽ
വിരിപ്പു കൃഷിയുടെ രണ്ടാംഘട്ട വളപ്രയോഗത്തിനായി വളം കിട്ടാനില്ലാത്ത സ്ഥിതിയാണ്. യൂറിയ നെൽച്ചെടികൾക്ക് കൃത്യ അളവിൽ നൽകിയില്ലെങ്കിൽ വിളവ് കുറയും. ഒരു ഏക്കറിന് 50 കിലോ ഫാക്ടംഫോസ്, 20 കിലോ പൊട്ടാഷ്, 15 മുതൽ 25കിലോ വരെ യൂറിയ എന്ന ക്രമത്തിലാണ് നെൽച്ചെടികൾക്ക് വളം നൽകുന്നത്. ഓണത്തോട് അനുബന്ധിച്ച് വിളവെടുപ്പ് നടത്താവുന്ന തരത്തിലാണ് വിരിപ്പു കൃഷി. രണ്ടാം വളപ്രയോഗം നടത്താനാകാതെ പലരും ബുദ്ധിമുട്ടിലാണ്. പ്രതിസന്ധി മറയാക്കി ഗുണനിലവാരമില്ലാത്ത സ്വകാര്യ കമ്പനികളുടെ കൂട്ടുവളങ്ങളും, ജൈവ വളങ്ങളും കർഷകരിൽ അടിച്ചേൽപ്പിക്കാനും നീക്കമുണ്ട്.
''
വളപ്രയോഗത്തിന്റെ സമയം തെറ്റിയാൽ വിളവിനെ ബാധിക്കുമെന്നതിനാൽ രാസവളത്തിനായി കർഷകർ നെട്ടോമോടുകയാണ്. പ്രതിവർഷം ഒരു ലക്ഷത്തിലേറെ മെട്രിക് ടൺ പൊട്ടാഷ് ആവശ്യമുള്ള സംസ്ഥാനത്ത് ഇത്തവണ കടുത്ത ക്ഷാമമാണ് നേരിടുന്നത്.
-ജോയി ജോസഫ് (കർഷകൻ )
6000-7000 രൂപ വരെ ഒരേക്കർ നെൽ കൃഷിക്ക് വളത്തിന് മാത്രമായി ചെലവാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |