അപേക്ഷയുമായി കൂടുതൽ ജീവനക്കാർ
പെൻഷൻ ഫണ്ടിൽ നിന്ന് ക്ലാർക്ക് 2.4 കോടി അടിച്ചു മാറ്റി മുങ്ങി വർഷങ്ങളായിട്ടും പൊങ്ങാതിരിക്കുന്നതിനിടയിൽ 89 ജീവനക്കാരെ ഒന്നിച്ച് സ്ഥലം മാറ്റി 'കോട്ടയം നരകസഭ 'അത്ഭുതമായി'. പെൻഷൻ ഫണ്ടിലെ കോടികൾ അമ്മയുടെ അക്കൗണ്ടിലേക്ക് മാറ്റി മുങ്ങിയ അഖിൽ സി.വർഗീസിനെ സകല പൊലീസ് ഏമാന്മാരും അന്വേഷിച്ചിട്ടും പൊടി പോലും കണ്ടു പിടിക്കാനായിട്ടില്ല. ഭരണ കക്ഷി യൂണിയൻ ബന്ധമാണ് കാരണമെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോൾ പിടിക്കില്ല തൊട്ടു കാണിക്കാമെന്നാണ് ഏമാന്മാർ പറയുന്നത്. കട്ടവനെ കണ്ടില്ലെങ്കിൽ കിട്ടിയവനെ പിടിക്കുന്നെന്നു പറഞ്ഞതു പോലെ ക്ലർക്ക് അടിച്ചു മാറ്റിയ കോടികൾ 29 ജീവനക്കാരിൽ നിന്ന് പിടിക്കാൻ തദ്ദേശ വകുപ്പ് ഡയറക്ടർ ശുപാർശ ചെയ്തിരുന്നു. ഒരു കോടി പിഴപ്പലിശ അടക്കം 2.4 കോടി അടക്കണമെന്നാണ് ഉത്തരവ്. മറ്റു തട്ടിപ്പുകൾ കൂടി കണ്ടെത്തിയാൽ കുടുംബം വിറ്റ് പൈസ അടക്കേണ്ട ഗതികേട് മുന്നിൽ കണ്ട് പലരും സ്ഥലംമാറ്റ അപേക്ഷ നൽകി. അങ്ങനെയാണ് 89 ജീവനക്കാരെ ഒന്നിച്ചു സ്ഥലം മാറ്റാൻ ഉത്തരവായത്. മറ്റു നഗരസഭകളിൽ നിന്ന് ഇത്രയും ജീവനക്കാർ എത്തിയാലേ 89 പേരേ സ്ഥലം മാറ്റാനാവൂ. നിരന്തരം കേസുകളും ഓഫീസ് കേന്ദ്രീകരിച്ച് തുടരന്വേഷണവും നടക്കുന്നതിനാൽ കൂടുതൽ ജീവനക്കാരും ഓൺലൈൻ വഴി സ്ഥലം മാറ്റ അപേക്ഷ നൽകി. ഒരു വർഷം മാത്രം ജോലി ചെയ്തവരും തടി രക്ഷിക്കാൻ സ്ഥലമാറ്റം സംഘടിപ്പിച്ചെടുത്തു. ഇങ്ങോട്ടു വന്നാൽ മാനഹാനിയും പണനഷ്ടവും ഉണ്ടാവുമെന്നതിനാൽ വരാതിരിക്കാൻ വേണ്ടപ്പെട്ടവരെ വേണ്ടരീതിയിൽ കാണുകയാണ് ഇങ്ങോട്ട് സ്ഥലം മാറ്റപ്പെട്ട പലരുമെന്നാണ് ചുറ്റുവട്ടത്ത് കേൾക്കുന്നത്. 157 സ്ഥിരം ജീവനക്കാരാണ് ആകെയുള്ളത്. കൗൺസിൽ യോഗം ചേർന്നാൽ സ്ഥിരം ബഹളം. ഭരണപക്ഷം തന്നെ ചെയർപേഴ്സണെതിരെ കൊമ്പുകോർക്കുന്നതിനാൽ ഒരു അജൻഡയും പൂർത്തിയാകില്ല. തിരുനക്കര സ്റ്റാൻഡിലെ കച്ചവടക്കാരെ ഒരു മാസത്തിനുള്ളിൽ താത്ക്കാലിക ഷെഡ് കെട്ടി പുനരധിവസിപ്പിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിട്ടും നടപ്പാക്കാനായിട്ടില്ല. ഇതു സംബന്ധിച്ച ഫയൽ കൗൺസിലിൽ വന്നിട്ടില്ല. ജീവനക്കാരുടെ കുറവാണ് കാരണമായി പറയുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ കൂട്ട സ്ഥലംമാറ്റം കോട്ടയം നഗരസഭയെ ഏതു പരുവത്തിലാക്കുമെന്ന് കാത്തിരുന്നു കാണാം..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |