കോട്ടയം : സി.പി.ഐ ജില്ലാ സമ്മേളനത്തിന് ഇന്ന് വൈക്കത്ത് ചെങ്കൊടി ഉയരുമ്പോൾ കഴിഞ്ഞ ലോക്‌സഭ, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുകളിലെ പരാജയം ചർച്ചയായാകും. ജില്ലാ സെക്രട്ടറി അഡ്വ.വി.ബി.ബിനു അവതരിപ്പിക്കുന്ന റിപ്പോർട്ടിലും ഇതേക്കുറിച്ച് വിശദീകരണമുണ്ടാകും. ഒരു ലക്ഷത്തിലേറെ വോട്ടുകൾക്കായിരുന്നു ഇടതുസ്ഥാനാർത്ഥിയും, സിറ്റിംഗ് എം.പിയുമായിരുന്ന തോമസ് ചാഴികാടന്റെ പരാജയം. സി.പി.ഐ ശക്തികേന്ദ്രമായ വൈക്കത്തൊഴിച്ച് മറ്റെല്ലായിടത്തും ഇടതുസ്ഥാനാർത്ഥി പിന്നിൽ പോയിരുന്നു. മാണിഗ്രൂപ്പിന്റെ ശക്തികേന്ദ്രങ്ങളിലെ വോട്ടുചോർച്ച ഉയർത്തിക്കാട്ടി സമ്മേളന ചർച്ചയിൽ വിശദീകരിക്കാനുള്ള അവസരമാണ് ഇതു വഴി ലഭിച്ചിട്ടുള്ളത്. ബ്രാഞ്ച്, ലോക്കൽ, മണ്ഡലം സമ്മേളനങ്ങൾ പൂർത്തിയായ ശേഷം നടക്കുന്ന ജില്ലാ സമ്മേളനത്തിൽ 325 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ഒരു സമ്മേളനത്തിലും വിഭാഗീയ പ്രശ്നങ്ങൾ ഉയർന്നില്ല.
മുന്നണിയിൽ അർഹമായ പരിഗണന
ഇടതുമുന്നണിയിൽ സി.പി.എം അർഹമായി പരിഗണന സി.പി.ഐയ്‌ക്ക് നൽകിയെന്ന പൊതുവികാരമാണുള്ളത്. പല തദ്ദേശ സ്ഥാപനങ്ങളിലും ഇത് ലഭിച്ചു. വൈക്കം ബ്ലോക്കിൽ സി.പി.എമ്മിന് ഒറ്റയ്ക്ക് ഭരണം ലഭിച്ചെങ്കിലും പ്രസിഡന്റ് സ്ഥാനം ഒരു ടേം സി.പി.ഐയ്ക്ക് നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനവും അവസാന ടേം ലഭിച്ചു. കേരള കോൺഗ്രസ് (എം) ഇടതുമുന്നണിയിലെ രണ്ടാം കക്ഷിയെന്ന അവകാശവാദത്തിനിടയിലും അവർക്ക് ഭൂരിപക്ഷം ലഭിച്ച തദ്ദേശ സ്ഥാപനങ്ങളിലും സി.പി.ഐയ്ക്ക് ഭാരവാഹിത്വം ലഭിച്ചു.
വി.കെ.സന്തോഷ് കുമാർ സെക്രട്ടറിയാകും
ജില്ലാ സെക്രട്ടറി മത്സരം ഒഴിവാക്കണമെന്നാണ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടുള്ളത്. വി.ബി ബിനു സെക്രട്ടറി സ്ഥാനം ഒഴിയാൻ കത്തു നൽകിയിരുന്നു. മത്സരം ഉണ്ടാകുന്നില്ലെങ്കിൽ സംസ്ഥാന നേതൃത്വം നിർദ്ദേശിച്ചിട്ടുള്ള വി.കെ.സന്തോഷ് കുമാർ സെക്രട്ടറിയാകും.
''പാർട്ടിയിൽ കൂടുതൽ കെട്ടുറപ്പുണ്ടാക്കാനായി എന്ന ആത്മവിശ്വാസത്തോടെയാണ് സമ്മേളനത്തിലേക്ക് കടക്കുന്നത്. കർശന പരിശോധനയ്ക്ക് ശേഷവും അംഗത്വം 11500 ആയി ഉയർന്നു. വിദ്യാർത്ഥി , യുവജന, കർഷക, മഹിളാ , തൊഴിലാളി സംഘടനാ രംഗത്ത് കഴിഞ്ഞ മൂന്നുവർഷം വൻമുന്നേറ്റമുണ്ടാക്കി.
-അഡ്വ.വി.ബി ബിനു, ജില്ലാ സെക്രട്ടറി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |