കോട്ടയം : അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തിയത് ഇത്ര പൊല്ലാപ്പാകുമെന്ന് യാത്രക്കാർ കരുതിയിട്ടുണ്ടാകില്ല. അത്രത്തോളം ദുരിതമാണ് ഏറ്റുമാനൂർ റെയിൽവെ സ്റ്റേഷൻ സമ്മാനിക്കുന്നത്. പദ്ധതി നടക്കുമെന്ന പ്രതീക്ഷയിൽ അടിയന്തരമായി നടക്കേണ്ട നവീകരണ ജോലികളടക്കം നിറുത്തിവച്ചു. അധികൃതർ ഉറപ്പ് പറഞ്ഞ പല ട്രെയിനുകളുടെയും സ്റ്റോപ്പുകളുടെ ഭാവി അനിശ്ചിതത്വത്തിലായി. കോട്ടയത്തിനോട് ചേർന്നുള്ള സ്‌റ്റോപ്പായതിനാൽ നിരവധിപ്പേരാണ് ഏറ്റുമാനൂർ സ്റ്റേഷനെ ആശ്രയിക്കുന്നത്. കോട്ടയം റെയിൽവേ സ്റ്റേഷൻ പോലെ പ്രാധാന്യമുണ്ട് ഏറ്റുമാനൂരിനും. 1.34 കോടി രൂപയാണ് ഒരുവർഷം വരുമാനം. എന്നാൽ സൗകര്യങ്ങൾ തീരെയില്ല. എറണാകുളം ജംഗ്ഷനിൽ നിന്ന് രാവിലെ 9.45ന് എത്തുന്ന എക്‌സ്‌പ്രസ് മെമുവിന് സ്റ്റോപ്പില്ല. രാവിലെ 6.15 നുള്ള വഞ്ചിനാട് എക്‌സ്‌പ്രസിന് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യം നടപ്പായില്ല.
അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായി 2023 ൽ വികസന പ്രവർത്തികൾ ആരംഭിച്ചിരുന്നു. നാലുകോടി രൂപയാണ് അനുവദിച്ചത്. എന്നാൽ പ്രാഥമികവികസനങ്ങൾ പോലും പൂർത്തിയായിട്ടില്ല. കോൺട്രാക്ട് ഏറ്റെടുത്ത കമ്പനി സബ് കരാറുകാരെ ഏൽപിച്ചാണ് നിർമ്മാണം മുന്നോട്ടുപോകുന്നത്.
പ്രതിസന്ധികൾ നിരവധി, പരിഹാരം അകലെ
കവാടത്തിന്റെ മേൽക്കൂര നിർമ്മാണം പാതിവഴിയിൽ
സ്റ്റേഷനിലേക്കുള്ള വൺവേ നിർമ്മാണത്തിൽ അപാകത
കവാടത്തൂണുകൾ സ്ഥിതിചെയ്യുന്നത് റോഡിന്റെ മദ്ധ്യഭാഗത്ത്
ഇടറോഡിലൂടെ വേണം യാത്രക്കാർക്ക് സ്റ്റേഷനിലെത്താൻ
ലഘുഭക്ഷണശാലയില്ല, വേനൽക്കാലത്ത് വെള്ളമില്ല
പ്ലാറ്റ്‌ഫോമുകളിലെ റൂഫുകൾ ചോർന്നൊലിക്കുന്നു
എൽ.ഇ.ഡി ലൈറ്റുകൾ നശിച്ച നിലയിൽ
ഏകീകരണമില്ലാതെ യാത്രാസംവിധാനം
30 ഓളം ഒട്ടോറിക്ഷകളും അതിലേറെ ടാക്‌സികളും ഇവിടെ സർവീസ് നടത്തുന്നുണ്ട്. എന്നാൽ 13 വർഷമായി ഒട്ടോറിക്ഷകൾക്ക് കൃത്യമായ ഏകീകരണമില്ല. രാവിലെ 5 മുതൽ രാത്രി 11 വരെയാണ് പ്രവർത്തനം. ഇതിന് ശേഷം അനധികൃതമായി സവാരി പിടിക്കുന്നവർ അമിതകൂലി ഈടാക്കുന്നു. പൊലീസ് വേരിഫിക്കേഷൻ ഉൾപ്പെടെ ഒരുവർഷത്തേക്ക് രണ്ടായിരം രൂപ റെയിൽവേയിൽ അടച്ചാണ് ഒട്ടോ - ടാക്‌സികൾ സർവീസ് നടത്തുന്നത്. പ്രീപെയ്ഡ് ടാക്‌സി കൗണ്ടറുകൾ ഏർപ്പെടുത്തിയാൽ സഹായകമാകും.
''സൗകര്യപരിമിതികളിൽ യാത്രക്കാർ വീർപ്പുമുട്ടുകയാണ്. പരാതികൾ തുടർച്ചയായി ഉയരുന്നുണ്ടെങ്കിലും അധികൃതർ കണ്ടഭാവം നടിക്കുന്നില്ല.
(യാത്രക്കാർ)
അമൃത് പദ്ധതിയിൽ അനുവദിച്ചത് : 4 കോടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |