വൈക്കം : ചെറുപ്പക്കാരായ ഡ്രൈവർമാരുടെ ചോരത്തിളപ്പും , സ്വകാര്യ ബസുകൾക്ക് സെക്കൻഡുകളുടെ വ്യത്യാസത്തിൽ സമയക്രമം നിശ്ചയിക്കുന്നതും നിരത്ത് കുരുതിക്കളമാക്കിയതോടെ കർശന പരിശോധനയുമായി മോട്ടോർവാഹനവകുപ്പ്. കഴിഞ്ഞ ദിവസം തലയോലപ്പറമ്പിൽ സ്വകാര്യ ബസ് കയറിയിറങ്ങി വൃദ്ധയ്ക്ക് കാലിന് ഗുരുതരപരിക്കേറ്റതോടെയാണ് അധികൃതർ ഉണർന്നത്. ഇതിന് മുൻപും നിരവധി പരാതികൾ ഉയർന്നെങ്കിലും നടപടിയെടുക്കാത്തതിൽ പ്രതിഷേധം ശക്തമായിരുന്നു. ഒരാഴ്ച മുൻപ് ബൈക്ക് യാത്രികനായിരുന്ന വെള്ളൂർ പഞ്ചായത്തംഗത്തിന് നേരെ സ്വകാര്യബസ് ഡ്രൈവർ ഭീഷണി മുഴക്കിയിരുന്നു. ഭാഗ്യം കൊണ്ടാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. മുഖ്യമന്ത്രിയ്ക്കടക്കം പഞ്ചായത്തംഗം പരാതി നൽകിയിരുന്നു. കോട്ടയം - എറണാകുളം റൂട്ടിലെ ബസുകളെ കുറിച്ചാണ് ആക്ഷേപം കൂടുതൽ. റൂട്ട് കുത്തകയാക്കി വച്ചിരിക്കുന്ന ആവേമരിയ ബസിനെതിരെ അടുത്തകാലത്ത് ജനങ്ങൾ സംഘടിച്ചിരുന്നു. എന്നിട്ടും അമിതവേഗതയ്ക്ക് കുറവില്ലായിരുന്നു. വരും ദിവസങ്ങളിൽ കർശന പരിശോധനയിലേക്ക് കടക്കാനാണ് മോട്ടോർവാഹനവകുപ്പ് തീരുമാനം.
ചെറുവാഹനങ്ങളോട് പുച്ഛം
ചെറുവാഹനങ്ങളിലെ യാത്രക്കാർക്കും ബസിലുള്ളവർക്കും ഭീഷണിയായി ഇവർ മരണപ്പാച്ചിൽ നടത്തുന്നത്. 25 - 40 വയസിനിടയിലുള്ളവരാണ് ഒട്ടുമിക്ക സ്വകാര്യ ബസുകളിലെയും ഡ്രൈവർമാർ. ഡ്രൈവിംഗിലെ സാഹസികത മറ്റുള്ളവരെ കാട്ടാൻ ഇവർ നടത്തുന്ന ശ്രമങ്ങൾ അപകടങ്ങൾക്കിടയാക്കുകയാണ്. രാവിലെയും വൈകിട്ടുമാണ് ബെല്ലും ബ്രേക്കുമില്ലാത്ത പാച്ചിൽ. ചോദ്യം ചെയ്യുന്നവരെ ജീവനക്കാർ ഭീഷണിപ്പെടുത്തുന്ന സംഭവങ്ങളുമേറെയാണ്. ഇരുചക്ര വാഹന യാത്രക്കാരടക്കം ഭീതിയോടെയാണ് കടന്നു പോകുന്നത്.
കണ്ടെത്തിയ നിയമലംഘനം
സ്പീഡ് ഗവർണർ ഘടിപ്പിച്ചിട്ടില്ല
മ്യൂസിക്കൽ എയർഹോണുകൾ
ഡ്രൈവർ ക്യാബിൻ തിരിക്കാറില്ല
വാതിലുകൾ തുറന്നിടൽ
അഗ്‌നിശമന ഉപകരണങ്ങളില്ല
യൂണിഫോം, നെയിംബാഡ്ജ് ഇല്ല
64 ബസുകൾക്ക് എതിരെ നടപടി
പിഴയായി ലഭിച്ചത് : 75000
''കോട്ടയം - എറണാകുളം റൂട്ടിൽ അപകടം ഒഴിവാക്കുന്നതിനായി മോട്ടോർ വാഹന വകുപ്പ് പരിശോധന ആരംഭിച്ചത് നല്ലകാര്യമാണ്. ഇത് വൈകിപ്പോയെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. യാത്രക്കാരുടെ ജീവൻവച്ചുള്ള ഈ യാത്രയ്‌ക്ക് ബ്രേക്കിടണം. പരിശോധനകൾ നിലയ്ക്കരുത്.
(ബിബിൻ, കടുത്തുരുത്തി)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |