കോട്ടയം : ഓണക്കാലം ലക്ഷ്യമിട്ട് അന്യസംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുക്കളെത്തുമന്ന രഹസ്യാന്വേഷണ റിപ്പോർട്ട് കിറുകൃത്യം. പൊലീസും എക്സൈസും ചേർന്ന് പിടികൂടിയതിന്റെ ഇരട്ടി ലഹരി ജില്ലയിൽ എത്തിയെന്നാണ് കരുതുന്നത്. അന്യസംസ്ഥാനക്കാർ നേരിട്ട് കഞ്ചാവ് കച്ചവടത്തിന്റെ ഭാഗമാകുകയാണ്. ഹോട്ടൽ, കെട്ടിനിർമ്മാണ മേഖലയിൽ ജോലി തേടി വന്നവരാണ് പ്രധാന കണ്ണികൾ. പിടികൂടിയാലും ഹിന്ദി ഉൾപ്പെടെയുള്ള ഭാഷ വശമില്ലാത്തതിനാൽ അന്വേഷണം അധികം നീളാറില്ല. തൊണ്ടി പിടികൂടി മറ്റ് നടപടികളിലേയ്ക്ക് പോകുകയാണ് പതിവ്. നിരീക്ഷിക്കാനും വിവരങ്ങൾ അറിയാനും ഭാഷാപരിമിതിയുണ്ട്. എല്ലാവരേയും പരിശോധിക്കുക പ്രായോഗികമല്ല. ലേബർ ക്യാമ്പുകളിലും പരിശോധനയില്ല. അറസ്റ്റിലായാലും അന്വേഷണം അധികം നീളാത്തതും ഇവർക്ക് സഹായകമാകുന്നു.
വൻതോതിൽ കിലോക്കണക്കിന് കഞ്ചാവ് ഇവിടെ എത്തിച്ച് വിതരണം ചെയ്യുന്ന പ്രത്യേക സംഘങ്ങളുണ്ടെന്നാണ് വിവരം.
ഒരു മാസം പിടികൂടിയത് 242 കിലോ കഞ്ചാവ്
ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ആഗസ്റ്റ് നാലു മുതൽ സെപ്തംബർ ഏഴ് വരെ പിടികൂടിയതാണ് 242 കിലോ കഞ്ചാവ്. മുൻപ് ഓണക്കാലത്ത് വ്യാപകമായി വാറ്റ് നടക്കാറുണ്ടായിരുന്നെങ്കിൽ റിസ്ക് കൂടിയതോടെ കൂടുതൽ വരുമാനമുണ്ടാക്കാവുന്ന മറ്റ് ലഹരിക്കടത്തുകളിലേയ്ക്ക് യുവാക്കളടക്കമുള്ള സംഘം തിരിഞ്ഞു. സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നൂറ്റമ്പതോളം വാഹനങ്ങളും എക്സൈസ് പിടികൂടി. നിരോധിത പുകയില വിറ്റതിന് 21.10 ലക്ഷം രൂപയും പിഴയീടാക്കി.
കൂടുതൽ ശക്തരായി ലഹരിമാഫിയ
പിടികൂടിയതിന്റെ ഇരട്ടി ലഹരി എത്തിയെന്ന് വിവരം
സ്ഥിരം പ്രതികളിൽ പലരും ജില്ലയ്ക്ക് പുറത്ത്
കൗമാരക്കാരെ ഉപയോഗിച്ചും കഞ്ചാവ് കടത്ത്
ലഹരി മാഫിയകൾ തമ്മിലുള്ള വൈര്യം കുറഞ്ഞു
കേസുകളിങ്ങനെ
നാർക്കോട്ടിക്: 1475
അറസ്റ്റ്: 1457
അബ്കാരി: 2214
അറസ്റ്റ്: 1852
പിടിച്ചെടുത്ത ലഹരിക്കണക്കിങ്ങനെ
കഞ്ചാവ് ചെടി : 185
ചാരായം : 687.7ലിറ്റർ
എം.ഡി.എം.എ : 93.08 ഗ്രാം
മെത്താഫിറ്റമിൻ : 1131.486 ഗ്രാം
'' എൻഫോഴ്സ്‌മെന്റിന്റെ പ്രവർത്തനത്തിനൊപ്പം വിമുക്തി ടീമും ശക്തമായി മുന്നോട്ടു പോവുകയാണ്. ഇത്രയധികം ആവശ്യക്കാരുള്ളതുകൊണ്ടാണ് ലഹരി എത്തുന്നത് എന്നത് ഞെട്ടിക്കുന്നതാണ്''
കെ.ആർ.അജയ്, എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |