കിഴക്കമ്പലം: ഓൺലൈൻ തട്ടിപ്പ് മുഖ്യപ്രതിയെ ഗുജറാത്ത് ധുരേലിയ ഗ്രാമത്തിൽ നിന്ന് തടിയിട്ട പറമ്പ് പൊലീസ് പിടികൂടി. മുംബൈ ഈസ്റ്റ് അന്തേരിയിൽ താമസിക്കുന്ന രാജസ്ഥാൻ സ്വദേശി ലക്ഷ്മൺ ലാൽ കുമാവത്താണ് (27) പിടിയിലായത്. പ്രവാസിയായ
വാഴക്കുളം സ്വദേശിയുടെ 27 ലക്ഷം രൂപയാണ് ഇയാൾ ഉൾപ്പെട്ട സംഘം തട്ടിയെടുത്തത്.
സമൂഹമാദ്ധ്യമം വഴിയാണ് വാഴക്കുളം സ്വദേശി ഇയാളെ പരിചയപ്പെട്ടത്. ഓൺലൈൻ ട്രേഡിംഗിലൂടെ വൻ ലാഭം പ്രതി വാഗ്ദാനം ചെയ്തു. ഇതനുസരിച്ച് ആദ്യം കുറച്ച് തുക ട്രേഡിംഗിൽ നിക്ഷേപിച്ചു. ഇതിന് ആറായിരം രൂപ ലാഭമാണെന്ന് പറഞ്ഞ് തിരികെ നൽകി. ഇതോടെ വിശ്വാസം വർദ്ധിച്ച പ്രവാസി ഘട്ടങ്ങളായി 27 ലക്ഷം രൂപ നിക്ഷേപിക്കുകയായിരുന്നു. തുടർന്ന് തുകയും ലാഭവും തിരികെ ചോദിച്ചപ്പോൾ സംഘം മുങ്ങുകയായിരുന്നു. തുടർന്ന് പ്രവാസി പൊലീസിൽ പരാതി നൽകി.
ജില്ലാ പൊലീസ് മേധാവി എം. ഹേമലതയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ചായിരുന്നു അന്വേഷണം. പൊലീസ് മുംബയിലെത്തിയപ്പോൾ ഇയാൾ ഗുജറാത്തിലേക്ക് കടന്നു. മൊബൈൽ സ്വിച്ച് ഓഫ് ചെയ്തതിനാൽ കണ്ടു പിടിക്കുക ശ്രമകരമായിരുന്നു. തുടർന്ന് വേഷം മാറി ദിവസങ്ങളോളം താമസിച്ചാണ് പ്രതിയെ കണ്ടെത്തിയത്. മുംബൈയിൽ പ്ലംബിംഗ് കരാർ കമ്പനി നടത്തുന്ന ഇയാൾ ഇതിന്റെ മറവിലാണ് തട്ടിപ്പ് നടത്തിയിരുന്നത്. കോടികളുടെ ഇടപാടാണ് അക്കൗണ്ടിലൂടെ നടന്നിട്ടുള്ളത്. നിരവധി പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് ലഭ്യമാകുന്ന വിവരം. എ.എസ്.പി ഹാർദിക് മീണ, ഇൻസ്പെക്ടർ പി.ജെ. കുര്യാക്കോസ്, എസ്.ഐ എൻ.കെ.ജേക്കബ്ബ്, സീനിയർ സി.പി.ഒ കെ.കെ. ഷിബു, സി.പി.ഒ മിഥുൻ മോഹൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |