അയ്യപ്പസംഗമത്തിന് പിന്നാലെ ശബരിമലയിലെ സ്വർണപ്പാളി വിവാദം കത്തിക്കയറുമ്പോൾ അയ്യപ്പനെവച്ച് കച്ചവടം നടത്തിയവരൊന്നും പിന്നീട് രക്ഷപ്പെട്ടിട്ടില്ലെന്ന ചരിത്രം ഓർമ്മിപ്പിക്കുകയാണ് ചുറ്റുവട്ടത്തുള്ളവർ. ശബരിമലയിൽ വർഷങ്ങളായി നടന്നുവരുന്നത് സ്പോൺസർമാരുടെ കച്ചവടമാണ്. മണിക്കൂറുകളോളം ക്യൂ നിന്ന് വിയർത്തൊലിച്ചെത്തുന്ന സാധാരണ ഭക്തരുടെ ദുരിതം പറഞ്ഞറിയിക്കാനാകില്ല. അയ്യപ്പ വിഗ്രഹം അടുത്ത് നിന്നു കൺകുളിർക്കെ ദർശിക്കാൻ വി.ഐ.പിമാർക്ക് പ്രത്യേക പരിഗണനയാണ്. അഭിഷേകം ചെയ്ത നെയ്യ്, ഗസ്റ്റ് ഹൗസിൽ താമസസൗകര്യം എല്ലാം ഒരുക്കിക്കൊടുക്കും. ഇതിന് എത്ര പണം വേണമെങ്കിലും വി.ഐ.പി മുടക്കും. ഇതറിയാവുന്ന ദേവസ്വംബോർഡ് ജീവനക്കാർ മുതൽ പുരോഹിതർ വരെ ഒപ്പം കൂടും. പകരം ദേവസ്വം ബോർഡിന് സ്പോൺസർമാരെ ഇവർ ബന്ധപ്പെടുത്തി കൊടുക്കും. ശർക്കര ക്കുടത്തിൽ കൈയ്യിട്ടു നക്കാത്തവർ ആരുമില്ലെന്നു പറഞ്ഞപോലെ യാണ് ശബരിമലയിലെ കച്ചവടം. അതിന്റെ അവസാനത്തെ കണ്ണിയാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി.
കീഴ് ശാന്തിയുടെ സഹായി ആയിരിക്കെ പുറത്താക്കിയ ആൾക്ക് പിന്നീട് വി.വി.ഐ.പി പരിവേഷമായിരുന്നു. എന്താവശ്യത്തിനും കോടികളുടെ സ്പോൺസർഷിപ്പ് സംഘടിപ്പിച്ച് കൊടുക്കുമെന്നു വന്നതോടെ അയ്യപ്പൻ ഒഴിച്ച് ബാക്കി എല്ലാവരുടെയും ഉറ്റമിത്രമായി. ഈ ബന്ധം ചൂഷണം ചെയ്താണ് ദ്വാരപാലക വിഗ്രഹത്തിന്റെ സ്വർണപ്പാളി ഉരുക്കാൻ ചെന്നൈയ്ക്ക് കൊണ്ടുപോയത്. ഇത് ചെമ്പായിരുന്നു സ്വർണമല്ലെന്നും ചെമ്പല്ല തനി തങ്കമായിരുന്നുവെന്നുമുള്ള വിവാദം തുടരുമ്പോൾ ആരു പറയുന്നതാണ് സത്യമെന്ന് അറിയാതെ ശരണം വിളിക്കാനേ യഥാർത്ഥ ഭക്തന് കഴിയൂ.
പ്രമുഖ വ്യവസായി വിജയ് മല്യയായിരുന്നു ശബരിമല ശ്രീകോവിൽ സ്വർണം പൊതിഞ്ഞ് നൽകിയത്. ഇതാണ് ചെമ്പായി മാറിയത്. അഞ്ചു കിലോ സ്വർണപ്പാളി താൻ കൊടുത്തുവെന്നാണ് മല്യയുടെ ചുമതലക്കാരന്റെ വെളിപ്പെടുത്തൽ. ഉണ്ണിക്കൃഷ്ണൻ പോറ്റിയെപ്പോലെ നിരവധി അവതാരങ്ങൾ ശബരിമലയിലുണ്ട്. ദേവസ്വം ബോർഡ് ഉന്നതർ മുതൽ സാദാ പൊലീസ് ഉദ്യോഗസ്ഥരും ഈ കണ്ണിയിലുണ്ട്. ഇവരൊക്കെയാണ് ശബരിമലയുടെ പേര് മോശമാക്കുന്നത്. ഇടനിലക്കാരായി നിന്ന് അയ്യപ്പന്റെ പേരു പറഞ്ഞു ലക്ഷങ്ങൾ ഉണ്ടാക്കുന്ന ഈ ദുർഭൂതങ്ങളെ അടിച്ചു പുറത്താക്കി ശുദ്ധികലശം നടത്തണമെന്നാണ് ചുറ്റുവട്ടത്തിന് ബന്ധപ്പെട്ടവരോട് പറയാനുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |