കോട്ടയം : ഏത് നിമിഷവും കുരച്ചു ചാടി വീഴാം, കൂട്ടമായിട്ടാണെങ്കിൽ പിന്നെ രക്ഷയില്ല. തെരുവ് നായശല്യത്തിൽ വശംകെട്ട്
പ്രഭാതസവാരി ഉപേക്ഷിച്ച ഒരാളുടെ വാക്കുകളാണിത്. ഇത് ഒരാളുടെ അനുഭവമല്ല. തെരുവ് നായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിനും, പേവിഷബാധ ഉന്മൂലനം ചെയ്യുന്നതിനും ജില്ലാ ഭരണകൂടം വിപുലമായ പദ്ധതികൾ തയ്യാറാക്കിയിട്ടും ഒന്നുംഫലം കാണുന്നില്ല.രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നൂറ് കണക്കിന് നായ്ക്കളാണ് അലഞ്ഞ് നടക്കുന്നത്. പുലർച്ചെ പള്ളിയിലേക്കും ക്ഷേത്രങ്ങളിലേക്കും പോകുന്നവർക്കും, പത്രവിതരണക്കാർക്കും നേരെ നായ്ക്കൾ പാഞ്ഞടുക്കുന്നത് പതിവാണ്. രാത്രികാലങ്ങളിൽ ഇരുചക്രവാഹനങ്ങൾക്ക് കുറുകെ നായ്ക്കൾ ചാടുന്നത് പതിവാണ്. പ്രായമായ വളർത്തുനായ്ക്കളെ ഉടമസ്ഥർ തന്നെ നഗരത്തിലെ വിജനമായ സ്ഥലങ്ങളിൽ ഉപേക്ഷിക്കാറുണ്ട്.
രണ്ടാഴ്ച മുൻപ് കോട്ടയം കെ.എസ്.ആർ.ടി.സിയ്ക്കു സമീപത്തും, നാഗമ്പടത്തും ഉണ്ടായ തെരുവുനായ ആക്രമണത്തിൽ പതിനഞ്ചിലേറെപ്പേർക്ക് കടിയേറ്റു. രണ്ടിടത്തും ആളുകളെ ആക്രമിച്ച നായ പേവിഷ ബാധ ഏറ്റുമരിച്ചിരുന്നു.
9 വയസുകാരന് കടിയേറ്റു
മാതാപിതാക്കൾക്കൊപ്പം ബൈക്കിൽ പോകവേ ഒൻപതു വയസുകാരന് നായയുടെ കടിയേറ്റതാണ് ഒടുവിലത്തെ സംഭവം.
ചൊവ്വാഴ്ച ടി.ബി റോഡിലായിരുന്നു സംഭവം. ചിങ്ങവനം സ്വദേശികളായ മഹേഷ് - സവിത ദമ്പതികളുടെ മകൻ ക്രിസ്‌വിനാണ് കടിയേറ്റത്. ഇടവഴിയിലേയ്ക്ക് ബൈക്ക് തിരിയുന്നതിനിടെ നായ പാഞ്ഞെത്തുകയായിരുന്നു. ബൈക്ക് വെട്ടിച്ചുമാറ്റിയെങ്കിലും മദ്ധ്യത്തിൽ ഇരുന്ന ക്രിസ്‌വിന്റെ കാലിൽ കടിച്ചു. കാൽ കുടഞ്ഞെങ്കിലും നായ പിടിവിട്ടില്ല. ബൈക്ക് നിറുത്തിയതോടെയാണ് നായ ഓടിപ്പോയി. കുട്ടി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി.
വില്ലൻ അലക്ഷ്യമായ മാലിന്യംതള്ളൽ
പ്രദേശവാസികളുടെയും കച്ചവട സ്ഥാപനങ്ങളുടെയും അലക്ഷ്യമായ മാലിന്യം തള്ളലും അശാസ്ത്രീയമായ രീതിയിൽ പ്രവർത്തിക്കുന്ന അറവുശാലകളുമാണ് തെരുവു നായ്ക്കൾ പെരുകാൻ പ്രധാന കാരണം. മാലിന്യ നിർമാർജ്ജനത്തിന് വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെന്ന് തദ്ദേശസ്ഥാപനങ്ങൾ പറയുമ്പോഴും മാലിന്യനിക്ഷേപത്തിന് കുറവൊന്നുമില്ല. റോഡരികിൽ ചാക്കിൽ കെട്ടി വലിച്ചെറിയുന്ന മാലിന്യം നായ്ക്കൾ റോഡിലിട്ട് കടിച്ചുകീറുന്നത് പതിവാണ്. കോടിമതയിലെ എ.ബി.സി സെന്റർ സ്ഥിതി ചെയ്യുന്നത് പോലും നായ്ക്കളുടെ നടുവിലാണ്.
ഈ വർഷം കടിയേറ്റത് : 18000 പേർക്ക്
ഇവിടം ഇവരുടെ താവളം
കോടിമത, ഗുഡ്ഷെപ്പേർഡ് റോഡ്, റെയിൽവേ സ്റ്റേഷൻ പരിസരം, നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡ്, ചന്തക്കടവ് എം.എൽ റോഡ്, കോടിമത, ടി.ബി റോഡ്, പാക്കിൽ, ചെട്ടിക്കുന്ന്, കടുവാക്കുളം, പതിനഞ്ചിൽപ്പടി, ലക്ഷംവീട്, പാലാ, വൈക്കം, തലയോലപ്പറമ്പ്, ചങ്ങനാശേരി, നെടുംകുന്നം.
''
പൊതുനിരത്തിലെ ഭക്ഷണ ലഭ്യതയാണ് തെരുവ് നായകൾ പെറ്റുപെരുകാൻ കാരണം. വന്ധ്യകരണം കൃത്യമായി നടക്കാത്തതും പ്രതിസന്ധിയാകുന്നു. നഗരസഭ അധികൃതർ തുടർ നടപടികൾ സ്വീകരിക്കുന്നില്ല.
( നഗരവാസികൾ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |