കോട്ടയം : കലോത്സവങ്ങൾക്ക് അരങ്ങുണർന്നതോടെ നൃത്തയിനങ്ങൾക്കുള്ള ചെലവ് രക്ഷിതാക്കളുടെ നടുവൊടിക്കുന്നു. സി.ബി.എസ്.ഇ കലോത്സവങ്ങൾ പൂർത്തിയായി. ഉപജില്ലാ കലോത്സവങ്ങൾ അടുത്ത മാസം നടക്കാനിരിക്കേ എല്ലാവരും പരിശീലനത്തിലാണ്. നൃത്താദ്ധ്യാപകരുടെ ഫീസ് മുതൽ മേക്കപ്പ് സാധനങ്ങൾക്കും വസ്ത്രങ്ങൾക്കും വില ഇരട്ടിയിലധികമായി. ഒന്നിലധികം ഐറ്റങ്ങളിൽ പങ്കെടുക്കാനുള്ളവർക്ക് ബാദ്ധ്യത ഏറും. അവശ്യവസ്തുക്കളുടെ വിലക്കയറ്റം തീർക്കുന്ന സാമ്പത്തിക പ്രതിസന്ധിയ്ക്ക് പുറമേയാണ് അധികഭാരം. ഒരു ഐറ്റം വേദിയിലെത്തണമെങ്കിൽ ഒന്നര മുതൽ രണ്ട് ലക്ഷം രൂപവരെയാണ് ചെലവ്. ഒരു വശത്ത് കാശുള്ളവർ അരങ്ങ് കൊഴുപ്പിക്കുമ്പോൾ കലയോടുള്ള ആഗ്രഹം കൊണ്ട് മാത്രം ഒപ്പമെത്താൻ പെടാപ്പാടുപെടുന്ന രക്ഷിതാക്കളാണ് മറുവശത്ത്. കഴിവുള്ള മക്കളെ അരങ്ങിലെത്തിക്കാൻ കടംവാങ്ങിയും പണയംവച്ചും എത്തുന്നവരും അനവധിയാണ്. കഴിവ് കണ്ടറിഞ്ഞ് അദ്ധ്യാപകരും നാട്ടുകാരും സഹായിക്കുന്നവരുമുണ്ട്.
പ്രശസ്തിയ്ക്കനുസരിച്ച് ഫീസും ഉയരും
എത്ര വിയർത്താലും ഒലിച്ചുപോകാത്ത ത്രീഡി മേക്കപ്പാണ് ഇപ്പോൾ. 3500 മുതലാണ് ഫീസ്. പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റുകൾക്ക് ഫീസും ഉയരും. ആഭരണങ്ങളും വസ്ത്രങ്ങളും സ്വന്തമായി വാങ്ങുന്നവരും വാടകയ്ക്ക് എടുക്കുന്നവരുമുണ്ട്. വസ്ത്രങ്ങളുടെ തയ്യൽക്കൂലിയും വാടകയും അമ്പത് ശതമാനത്തിലേറെ ഉയർന്നു. സ്റ്റേജിലെ പെർഫോമൻസ് മാത്രമല്ല, മേക്കപ്പിന്റെയും വസ്ത്രത്തിന്റെയും പകിട്ടും തിളക്കവുമെല്ലാം മാർക്കിനെ സ്വാധീനിക്കും. പട്ടുസാരിയുടെ വസ്ത്രവും ടെമ്പിൾ ജുവലറിയും ഉൾപ്പെടെ പരിഗണിച്ചാണ് വിധിനിർണയം. പതിനായിരം മുതലുള്ള സാരിയാണ് ഉപയോഗിക്കുക. ചിട്ടപ്പെടുത്തുന്ന അദ്ധ്യാപകർ, പാട്ട്, സൗണ്ട് മിക്സിംഗ് അങ്ങനെ എല്ലാ മേഖലയിലും ഫീസ് കൂടി.
മൂന്ന് ഐറ്റം വേദിയിലെത്താൻ 5 ലക്ഷം
പട്ട് വസ്ത്രത്തിന് ചെലവും തയ്യൽക്കൂലിയും
സാങ്കേതിക പ്രവർത്തകരുടെ ചെലവ്
ഗ്രേസ് മാർക്കും പ്രശസ്തിയും മോഹിച്ച് ഒരുവിഭാഗം
കലയോടുള്ള ആഗ്രഹം കൊണ്ട് പണം സംഘടിപ്പിക്കുന്നവർ
''സ്വന്തമായി കഥയുണ്ടാക്കി ചിട്ടപ്പെടുത്താൻ എടുക്കുന്ന അദ്ധ്യാപകരുടെ സമർപ്പണം. എന്നാൽ ഇതൊന്നുമില്ലാതെ യൂട്യൂബ് നോക്കി കോപ്പി അടിക്കുന്നവരുമുണ്ട്. നൃത്ത ഇനങ്ങളുടെ ചെലവ് വർദ്ധിച്ചു. കഴിവുള്ള കുട്ടികൾക്ക് ഇളവുകളും നൽകാറുണ്ട്.
-രാജേഷ് പാമ്പാടി,നൃത്താദ്ധ്യാപകൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |