കോട്ടയം : ഞങ്ങൾ എന്തുറപ്പിൽ ഇവിടെ ജോലി ചെയ്യും. സർക്കാർ ആശുപത്രികളിൽ ജോലി നോക്കുന്ന ആരോഗ്യപ്രവർത്തകരുടെ വാക്കുകളിൽ ആശങ്ക നിറയുകയാണ്. സുരക്ഷ ചോദ്യചിഹ്നമാകുമ്പോൾ അവർക്കിടയിൽ ആശങ്കയേറുകയാണ്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കത്തിമുനയിൽ പിടഞ്ഞുമരിച്ച ഡോ.വന്ദനാദാസിന്റെ നീറുന്ന ഓർമ്മകൾ കെട്ടടങ്ങും മുൻപാണ് താമരശേരിയിൽ ഡോക്ടർക്ക് വെട്ടേറ്റത്.
കള്ളുകുടിയൻമാരും ക്രിമിനലുകളും ആരോഗ്യപ്രവർത്തകർക്കെതിരെ തിരിയുന്നത് പതിവ് സംഭവമാണ്. രാത്രികാലങ്ങളിലാണ് ഇത് കൂടുതൽ. ജില്ലയിൽ കിടത്തി ചികിത്സാ സൗകര്യമുള്ള സർക്കാർ ആശുപത്രികളിൽ മെഡിക്കൽ കോളേജ് ആശുപത്രി ഒഴികെയുള്ളവിടങ്ങളിൽ രാത്രി ജോലി ആശങ്കാജനകമാണ്. സ്വകാര്യ ആശുപത്രികളിൽ സെക്യൂരിറ്റി ജീവനക്കാരുടെയും , സി.സി.ടി.വി ക്യാമറകളുടെയും സംരക്ഷണ വലയമുണ്ടാകാറുണ്ട്. രാത്രിയിൽ കൊണ്ടുവരുന്നതിൽ അപകടമുൾപ്പെടെ മിക്ക സംഭവങ്ങളിലും എത്തുന്ന രോഗികൾ മദ്യ ലഹരിയിലാണെന്ന് ജീവനക്കാർ പറയുന്നു. പൊലീസിന് നിയന്ത്രിക്കാൻ കഴിയുന്നതിനപ്പുറമാണ് പലപ്പോഴും കാര്യങ്ങൾ. അസഭ്യ വർഷത്തിനടക്കം ജീവനക്കാർ ഇരകളാകുകയാണ്.
എയ്ഡ് പോസ്റ്റില്ലാതെ ജില്ലാ ആശുപത്രി
രണ്ട് പൊലീസ് സ്റ്റേഷനുകളിൽ നിന്നും ജയിലിൽ നിന്നും പ്രതികളെ നിരന്തരം വൈദ്യ പരിശോധനയ്ക്ക് എത്തിക്കുന്ന ജില്ലാ ആശുപത്രിയിൽ സുരക്ഷാ സംവിധാനങ്ങൾ അപര്യാപ്തമാണ്. എന്തിന് പൊലീസ് എയ്ഡ് പോസ്റ്റിന് കെട്ടിടം പോലുമില്ല. ആശുപത്രിയുടെ പ്രധാന കവാടത്തിന് സമീപം ഇടുങ്ങിയ മുറിയ്ക്കുള്ളിലായിരുന്നു നേരത്തെ പ്രവർത്തനം. ശോച്യാവസ്ഥയെ തുടർന്ന് ഇത് പൊളിച്ചുമാറ്റി. നിലവിൽ അത്യാഹിത വിഭാഗത്തിനുള്ളിലെ പഴയ ഫീവർ ക്ലിനിക്കാണ് പൊലീസുകാരുടെ വിശ്രമ കേന്ദ്രം. മൂന്നു മുതൽ ആറ് പൊലീസുകാരാണുള്ളത്. പുറത്ത് എന്തെങ്കിലും സംഭവമുണ്ടായാൽ പൊലീസ് എത്താൻ വൈകുന്നതായി ആക്ഷേപമുണ്ട്. സി.സി.ടി.വി കൺട്രോൾ റൂമും പ്രവർത്തിക്കുന്നില്ല. പുതിയ എയ്ഡ് പോസ്റ്റ് നിർമിക്കാൻ ജില്ലാ പഞ്ചായത്ത് ഏഴു ലക്ഷം രൂപ അനുവദിച്ചെങ്കിലും തുടർനടപടികളുണ്ടായില്ല.
ഡോക്ടർമാരുടെ ആവശ്യങ്ങൾ
പൊലീസ് എയ്ഡ് പോസ്റ്റ്
സി.സി.ടിവി ക്യാമറ നിരീക്ഷണം
അക്രമികൾക്കെതിരെ കർശനവകുപ്പ്
30 ദിവസത്തിനകം കുറ്റപത്രം നൽകണം
അക്രമികളുടെ വിഹാരകേന്ദ്രം
ആശുപത്രി പരിസരങ്ങൾ സാമൂഹ്യ വിരുദ്ധരുടെ വിഹാരകേന്ദ്രം
ആശുപത്രി വളപ്പിൽ തന്നെ കിടന്നുറങ്ങുന്നവരും നിരവധി
സി.സി.ടി.വി ക്യാമറകൾ ഇല്ല, പലയിടത്തും പ്രവർത്തനരഹിതം
വനിതാ ഡോക്ടറെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത് 2023 ൽ
നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത് 2022ൽ
മാസങ്ങൾക്ക് മുൻപ് ഡോക്ടറുടെ ഡ്രൈവർക്ക് കുത്തേറ്റു
''മകളുടെ വിയോഗത്തിന്റെ ആഘാതത്തിൽ നിന്ന് ഇതുവരെ മുക്തി നേടിയിട്ടില്ല. ആ നഷ്ടം നികത്താനാവില്ല. ആരോഗ്യപ്രവർത്തകരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പ് വരുത്തുമെന്ന് അധികൃതർ ഉറപ്പ് നൽകിയെങ്കിലും വിവിധ ആശുപത്രികളിൽ അക്രമണസംഭവങ്ങൾ നടക്കുകയാണ്. ഇനിയെങ്കിലും സുരക്ഷ ശക്തമാക്കാൻ സർക്കാർ നടപടികൾ സ്വീകരിക്കണം.
-(മോഹൻദാസ്, ഡോ.വന്ദനാ ദാസിന്റെ പിതാവ്)
''എല്ലാ ആശുപത്രികളിലും സുരക്ഷാ ക്യാമറകൾ സജ്ജമാക്കണം. വനിതാ ഡോക്ടർമാർ സേവനം ചെയ്യുന്ന രാത്രികാലങ്ങളിൽ കൂടുതൽ സുരക്ഷാ ജീവനക്കാരെ നിയമിക്കണം.
-(ഡോ.ഗണേഷ്)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |