പാലാ: കൺസക്ഷൻ നൽകുന്നതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് എസ്.എഫ്.ഐ പ്രവർത്തകർ കൊട്ടാരമറ്റം സ്റ്റാൻഡിൽ ബസ് ജീവനക്കാരനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച്, പാലായിലെ സ്വകാര്യ ബസുകൾ നടത്തിയ മിന്നൽ പണിമുടക്ക് പിൻവലിച്ചു.
ഇന്നലെ വൈകിട്ട് പാലാ ആർ.ഡി.ഒ ജോസുകുട്ടി, ഡി.വൈ.എസ്.പി കെ. സദൻ എന്നിവരുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട എല്ലാ വിഭാഗം പ്രതിനിധികളുമായുള്ള ചർച്ചയെ തുടർന്നാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. ചർച്ചയിലെ തീരുമാനപ്രകാരം ബസ് ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ പ്രചരിച്ച ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച് മുഖം നോക്കാതെ നടപടിയെടുക്കും. മർദ്ദനത്തിൽ നേരിട്ട് പങ്കെടുത്തവർക്കെതിരെ നിയമനടപടിയുണ്ടാകും. വിദ്യാർത്ഥികളുടെ പരാതിയിലും അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കും.
ഇക്കാര്യങ്ങളെല്ലാം സി.പി.എം, ബി.എം.എസ്, ബസുടമ, തൊഴിലാളി യൂണിയൻ പ്രതിനിധികൾ എന്നിവരെല്ലാം സംയുക്തമായി സമ്മതിച്ചതോടെ ബസ് സമരം പിൻവലിച്ചതായി യോഗത്തിൽ തൊഴിലാളികൾതന്നെ അറിയിച്ചു. ഇന്ന് മുതൽ സ്വകാര്യ ബസുകൾ ഓടും.
യാത്രക്കാർക്ക് ആശ്വാസം
മീനച്ചിൽ താലൂക്കിൽ സ്വകാര്യ ബസ് ജീവനക്കാരുടെ സമരം രണ്ടാം ദിവസവും തുടർന്നതോടെ യാത്രക്കാർക്ക് ഇരട്ടി ദുരിതമായി മാറിയിരുന്നു.
ഇന്നലെയും സ്കൂൾകോളേജ് വിദ്യാർത്ഥികളും വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുമൊക്കെ ടാക്സി വാഹനങ്ങളെ ആശ്രയിച്ചാണ് വന്നുപോയത്. കെ.എസ്.ആർ.ടി.സി. ബസുകളിൽ വൻതിരക്കുമായിരുന്നു.
സ്വകാര്യബസ് പണിമുടക്കിന് അടിയന്തര പരിഹാരമുണ്ടാക്കണമെന്ന് മാണി സി. കാപ്പൻ എം.എൽ.എ പാലാ ആർ.ഡി.ഒ., ആർ.റ്റി.ഒ., ഡി.വൈ.എസ്.പി. എന്നിവർക്ക് കർശന നിർദ്ദേശം നൽകിയിരുന്നു.
ഇതേ തുടർന്നാണ് ആർ.ഡി.ഒ. ബന്ധപ്പെട്ട എല്ലാവരുടേയും യോഗം വിളിച്ചചേർത്ത് സംഭവത്തെക്കുറിച്ച് വിശദമായ ചർച്ച നടത്തി ഉചിതമായ തീരുമാനമുണ്ടാക്കിയത്
നൂറോളം ബസ് ജീവനക്കാർ ബി.എം.എസിൽ
പാലായിൽ ഒറ്റയടിക്ക് ബി.എം.എസ് യൂണിയനിലേക്ക് നൂറോളം ബസ് ജീവനക്കാർ അണിചേർന്നു. ഇവരിൽ പലരും മുമ്പ് സി.ഐ.ടി.യു., ഐ.എൻ.ടി.യു.സി. എന്നീ യൂണിയനുകളിൽ പ്രവർത്തിച്ചിരുന്നവരാണ്. തങ്ങൾക്ക് ഒരു പ്രശ്നമുണ്ടായപ്പോൾ പഴയ യൂണിയൻ നേതാക്കളാരും സഹകരിച്ചില്ലെന്നും ഇതേസമയം ബി.ജെ.പി.യുടെ സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എത്തി നീതി നടപ്പാക്കാൻ ബി.ജെ.പി. ഒപ്പമുണ്ടാകുമെന്ന് ഉറപ്പുനൽകിയതിനാലാണ് തങ്ങൾ ബി.എം.എസിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതെന്നും സ്വകാര്യ ബസ് ജീവനക്കാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |