കോട്ടയം : മുൻ പ്രധാനമന്ത്രി എ.ബി.വാജ് പേയിക്കും, മുൻ രാഷ്ടപതി പ്രതിഭാപാട്ടീലിനും ശേഷം രാഷ്ട്രപതി ദ്രൗപതി മുർമു കുമരകത്തിന്റെ സൗന്ദര്യം നുകരാൻ കുമരകം താജ് ഹോട്ടലിലിൽ 23 ന് രാത്രി എത്തും. സുരക്ഷയുടെ ഭാഗമായി റോഡുകൾ റീടാർചെയ്ത് മിനുക്കി. മൂന്നു വർഷമായി പൂർത്തിയാകാതെ കിടന്ന കുമരകം കോണത്താറ്റ് പാലം അവസാനവട്ട മിനുക്ക് പണിയിലാണ് . കവണാറ്റിൻകര റോഡിലുള്ള മരച്ചില്ലകളും വെട്ടി മാറ്റി. 2000 ഡിസംബർ അവസാനം പുതുവർഷം ആഘോഷിക്കാൻ വാജ്പേയ് ഒരാഴ്ച കുമരകം താജ് ഹോട്ടലിൽ തങ്ങിയതോടെയാണ് ടൂറിസം മാപ്പിൽ കുമരകം ശ്രദ്ധേയമായത്. ആയുർവേദ ചികിത്സയും, ഹൗസ് ബോട്ട് യാത്രയും നടത്തിയ വാജ്പേയ് കുമരകം ആറ്റാമംഗലം പള്ളി ഹാളിൽ പൊതുയോഗത്തിലും സംസാരിച്ചു. കോടികളുടെ ടൂറിസം പാക്കേജും പ്രഖ്യാപിച്ചു. വാജ് പേയ് വരുമ്പോൾ താജ് മാത്രമായിരുന്നു നക്ഷത്ര പദവിയിലുണ്ടായിരുന്നത്. ഇന്ന് സെവൻ സ്റ്റാർ അടക്കം രണ്ടു സഡനിലേറെ നക്ഷത്ര ഹോട്ടലുകളുമായി കുമരകത്തിന് ലോക ടൂറിസ്റ്റ് ഭൂപടത്തിൽ ശ്രദ്ധേയ സ്ഥാനമുണ്ട്. ടാജ് ഹോട്ടലിൽ വാജ്പേയ് താമസിച്ച സ്യൂട്ട് പ്രൈം മിനിസ്റ്റർസ്യൂട്ടായാണ് ഇന്ന് അറിയപ്പെടുന്നത്. 2000ൽ വാജ് പേയ് നട്ട തെങ്ങ് ഇന്ന് കായ്ഫലം തരുന്നു. 2010 ലായിരുന്നു പ്രതിഭാ പാട്ടീൽ താജിൽ താമസിച്ചത്. നിരവധി ലോക രാഷ്ട്രതലവന്മാരടക്കം നിരവധി വി.വി.ഐ.പിമാർ പിന്നീട് കുമരകത്തെത്തി.
ചരിത്രമുറങ്ങുന്ന ബംഗ്ലാവ്
1847 ൽ ബ്രിട്ടീഷ് മിഷനറിയും കർഷകനുമായ ആൽഫ്രഡ് ജോർജ് ബേക്കർ വേമ്പനാട് കായൽ തീരത്തെ 500 ഏക്കർ ചതുപ്പ് രാജാവിൽ നിന്ന് പാട്ടത്തിനെടുത്ത് കൃഷിഭൂമിയാക്കി .1881ലാണ് ഹിസ്റ്ററി ഹൗസ് എന്ന വിക്ടോറിയൻ ബംഗ്ലാവ് നിർമ്മിച്ചത്. 1962ൽ മിച്ചഭൂമിയായി സർക്കാർ ഏറ്റെടുക്കും വരെ ബേക്കർ കുടുംബത്തിലെ നാലു തലമുറ ഇവിടെ താമസിച്ചു. അരുന്ധതിറോയിയുടെ ദി ഗോഡ്സ് ഒഫ് സ്‌മാൾ തിംഗ്സിൽ ബംഗ്ലാവിനെക്കുറിച്ച് പരാമർശിക്കുന്നു. നിരവധി സിനിമകളും ഇവിടെ ഷൂട്ട് ചെയ്തു. 1982ലാണ് ബംഗ്ലാവും 100 ഏക്കറും കെ.ടി.ഡി.സി ഏറ്റെടുത്തത്. 1993ൽ കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ബേക്കർ ബംഗ്ലാവ് 99 വർഷത്തെ പാട്ടത്തിന് താജ് ഗ്രൂപ്പിന് കൈമാറിയത്. ബംഗ്ലാവിന്റെ ഓല മേഞ്ഞ മേൽക്കൂര ഓടാക്കിയതല്ലാതെ വലിയ മാറ്റങ്ങൾ വരുത്താതെയാണ് താജ് ഗ്രൂപ്പ്ഹോട്ടലാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |