കൊച്ചി: കൊച്ചിയിൽ വീണ്ടും 'ടാസ്‌ക്' തട്ടിപ്പ്. എറണാകുളം സ്വദേശിയായ യുവ എൻജിനിയർക്ക് നഷ്ടമായത് 13.98 ലക്ഷം രൂപ. 26കാരന്റെ പരാതിയിൽ മുളവുകാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സോണാലി എന്നുപേരുള്ള ഉത്തരേന്ത്യക്കാരിയെ പ്രതിയാക്കിയാണ് എഫ്.ഐ.ആർ. അക്കൗണ്ടിലെ തുച്ഛമായ തുക ഫ്രീസ് ചെയ്യാൻ സാധിച്ചിട്ടുണ്ടെന്നാണ് വിവരം.
ഏതാനും മാസങ്ങൾക്ക് മുമ്പാണ് സോണാലി യുവാവിനെ സാമൂഹ്യ മാദ്ധ്യമത്തിലൂടെ പരിചയപ്പെടുന്നത്. ടിഫാനി ആൻഡ് കോ എന്ന ഓൺലൈൻ കമ്പനിയുടെ കസ്റ്റമർ സപ്പോർട്ടറാണെന്ന് സ്വയം പരിചയപ്പെടുത്തിയ യുവതി ഒരു വെബ്സൈറ്റിന്റെ ലിങ്ക് 26കാരന്റെ ടെലിഗ്രാം അക്കൗണ്ടിലേക്ക് നൽകി. ഇതിൽ നൽകുന്ന ടാസ്‌കുകൾ പൂർത്തിയാക്കിയാൽ കമ്മിഷൻ നൽകാമെന്നും വിശ്വസിപ്പിച്ചു. ടാസ്‌കുകൾ വിജയകരമായി പൂർത്തിയാക്കിയതിന് തുടക്കത്തിൽ പണം ലഭിച്ചതോടെ യുവാവിന് വിശ്വാസമേറി.
നിശ്ചിത പണം നൽകിയാൽ കൂടുതൽ ടാസ്‌കുകൾ കൈമാറാമെന്ന് വിശ്വസിപ്പിച്ച് പലതവണകളായി 13.98 ലക്ഷം രൂപ കൈക്കലാക്കുകയായിരുന്നു. ടാസ്‌കുകൾ വിജയിക്കുന്നതിന് ലഭിക്കുന്ന വൻതുകകൾ ആപ്പിൽ കാണിച്ചിരുന്നതിനാൽ തട്ടിപ്പാണെന്ന് യുവാവ് കരുതിയില്ല. കഴിഞ്ഞ ദിവസം ഏഴ് ലക്ഷം രൂപ ആവശ്യപ്പെട്ടതോടെയാണ് തട്ടിപ്പ് മനസിലാകുന്നത്. ഇതുവരെ ലഭിച്ച പണം പിൻവലിക്കാനും സാധിക്കാതെ വന്നതോടെയാണ് പൊലീസിനെ സമീപിച്ചതെന്നാണ് അറിയുന്നത്.
കൈക്കലാക്കുന്ന പണം ഞൊടിയിടയിൽ പത്തും ഇരുപതും അക്കൗണ്ടുകളിലേക്ക് മാറ്റുന്നതാണ് ഇത്തരം തട്ടിപ്പുകാരുടെ രീതി. ഐ.പി മേൽവിലാസം കേന്ദ്രീകരിച്ച് അന്വേഷണം എങ്ങുമെത്താറില്ല. ജാർഖണ്ഡ്, പശ്ചിമബംഗാൾ, ബീഹാർ, നേപ്പാൾ തുടങ്ങിയ സ്ഥലങ്ങളിലാണ് നേരത്തെ രജിസ്റ്റർ ചെയ്ത കേസുകളിലെ അന്വേഷണം എത്തിനിന്നത്. ജാർഖണ്ഡിലുള്ള അക്കൗണ്ടിലേക്കാണ് പണം പോയിരിക്കുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്. രാജ്യവ്യാപകമായി ഈവിധം തട്ടിപ്പ് പെരുകുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |