
അമ്പലം വിഴുങ്ങികൾ തരികിട നടത്തി ദേവസ്വം മുതൽ തട്ടിയെടുത്തതിന്റെ തുടർക്കഥകളാണിപ്പോൾ ചുറ്റുവട്ടത്ത് കേൾക്കുന്നത്. പോറ്റി മുതൽ മുരാരി വരെയുള്ളവർ ശബരിമലയിലെ സ്വർണപ്പാളി ചെമ്പാക്കി മാറ്റി നടത്തിയ തട്ടിപ്പുകൾ പിടിക്കപ്പെട്ടല്ലോ എന്നറിഞ്ഞ് ദൈവത്തിന്റെ മുതൽ കട്ടിട്ടുള്ളവനൊന്നും രക്ഷപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ് അറിയാതെ അയ്യനയ്യപ്പ സ്വാമിയേ എന്ന് ശരണം വിളിച്ചു പോകുകയാണ് ഭക്തർ. ശബരിമലയിൽ കീഴ് ശാന്തിയുടെ സഹായിയായി തരികിട കാട്ടി പുറത്തായി പിന്നീട് സ്പോൺസറായി ശബരിമലയിൽ എല്ലാവരുടെയും ഉറ്റതോഴനായി വളർന്ന് അയ്യപ്പന്റെ സ്വർണം അടിച്ചു മാറ്റിയ കഥയാണ് പോറ്റിക്കുള്ളത്. എന്നാൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായി കുറഞ്ഞ കാലത്തിനുള്ളിൽ തരികിട കാട്ടി കോടികൾ ഉണ്ടാക്കിയ കഥയാണ് മുരാരിയുടേത്. ഏറ്റുമാനൂരും, വൈക്കത്തും, തിരുനക്കരയിലുമടക്കം ജോലി ചെയ്ത ക്ഷേത്രങ്ങളിലെല്ലാം തട്ടിപ്പ് നടത്തിയ വീരസാഹസികഥയാണ് മുരാരിയുടേത്. ഏഴരപ്പൊന്നാനയ്ക്ക് ഏറ്റുമാനൂർ ക്ഷേത്രത്തിലെ തീപിടിത്തത്തിൽ കേടുപാട് സംഭവിച്ചതിനാൽ അറ്റകുറ്റപ്പണി നടത്തണമെന്ന് മുരാരി തീരുമാനിച്ചെങ്കിലും പുറത്തു കൊണ്ടു പോകാൻ ഭക്തജനങ്ങൾ സമ്മതിക്കാതിരുന്നത് എന്തായാലും മഹാഭാഗ്യമായി.
തൊഴിലാളി യൂണിയനുകൾ ഇത്ര ശക്തമായ ഒരു സ്ഥലം അമ്പലം പോലെ വേറെയില്ല. ദേവന്റെ മുതൽ കട്ടവരെ പിടിക്കാൻ ശ്രമിച്ചാൽ എല്ലാ യൂണിയനുകളിലുള്ളവരും ഒന്നായി കള്ളനെ രക്ഷിക്കാൻ നോക്കും. സത്യസന്ധരായ ഉന്നത ഉദ്യോഗസ്ഥർക്കും കാഴ്ചക്കാരായി നിൽക്കാനേ കഴിയൂ. നടപടി എടുത്താലും രാഷ്ട്രീയ സ്വാധീനത്താൽ ഉടൻ തിരിച്ചു കയറും. അന്വേഷണ ഫയലും അതോടെ മുങ്ങും. പല മുരാരിമാരുടെയം കള്ളക്കഥകൾ പുറത്തു വരാത്തതും ഇതുകൊണ്ടാണ്.
പെരുന്നയിൽ സാധാരണ കുടുംബത്തിൽ ജനിച്ച് ദേവസ്വം ബോർഡ് കീഴ്ഉദ്യോഗസ്ഥനായി ജോലിയിൽക്കയറി ശബരിമല അഡ്മിനിസ്ടേറ്റീവ് ഓഫീസർ വരെ ഉയർന്ന മുരാരി കുറഞ്ഞ കാലം കൊണ്ടുണ്ടാക്കിയത് കോടികളുടെ സ്വത്താണ്. ഒരുപക്ഷേ ഉന്നത സ്വാധീനമുള്ള മുരാരി ദേവസ്വം ബോർഡ് പ്രസിഡന്റ് വരെ ആയേനേ എന്നാണ് സംസാരം.
ഏതായാലും ദേവസ്വം ബോർഡിൽ ഉന്നത ഉദ്യോഗസ്ഥരായിരുന്നവരുടെയും ബോർഡ് അംഗങ്ങളുടെയും സ്വത്ത് വിവരം അന്വേഷിക്കണമെന്നാണ് ചുറ്റുവട്ടത്തിന് പറയാനുള്ളത്. പലരുടെയും ചെമ്പ് അതോടെ പുറത്താകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |