
കോട്ടയം : ജില്ലയിലെ വിവിധ ബാങ്കുകളിൽ അവകാശികളില്ലാതെ ശേഷിക്കുന്നത് 138 കോടി രൂപയുടെ നിക്ഷേപം. ജില്ലയിൽ ഇത്തരം 5.07 ലക്ഷം അക്കൗണ്ടുകളാണുള്ളത്. ഇത്തരം നിക്ഷേപങ്ങൾ അക്കൗണ്ട് ഉടമയ്‌ക്കോ അവകാശികൾക്കോ തിരിച്ചു നൽകും. ഇതിന്റെ ഭാഗമായ പ്രത്യേക ക്യാമ്പ് കോട്ടയത്ത് നവംബർ മൂന്നിന് സംഘടിപ്പിക്കും. ലീഡ് ബാങ്കിന്റെ നേതൃത്തിൽ എല്ലാ ബാങ്കുകളുടെയും സഹകരണത്തോടെ നടത്തുന്ന ജില്ലാതല ക്യാമ്പിന്റെ ഉദ്ഘാടനം രാവിലെ 10.30 ന് കോട്ടയം ശാസ്ത്രി റോഡിലെ സെന്റ് ജോസഫ് കത്തീഡ്രൽ ഹാളിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ നിർവഹിക്കും.
നിക്ഷേപകർ മരിച്ചുപോകുക, വിദേശത്ത് പോകുക തുടങ്ങിയ കാരണങ്ങളാൽ അക്കൗണ്ടുകളിൽ ഇടപാടുകൾ മുടങ്ങാറുണ്ട്.ചിലരുടെ അനന്തരാവകാശികൾക്കും അക്കൗണ്ടിനെക്കുറിച്ച് അറിവുണ്ടാകില്ല. പത്തു വർഷത്തിലേറെയായി ഒരു ഇടപാടപോലും നടക്കാത്ത അക്കൗണ്ടുകളാണ് അവകാശികളില്ലാത്ത അക്കൗണ്ടായി പരിഗണിക്കുക. ഇത്തരം അക്കൗണ്ടുകൾ റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലാണ്.
ക്യാമ്പ് പ്രയോജനപ്പെടുത്താം
അവകാശികളില്ലാത്ത നിക്ഷേപങ്ങളെക്കുറിച്ച് ബാങ്ക് രേഖകൾ പ്രകാരമുള്ള വിലാസത്തിൽ അന്വേഷണം നടത്തി അറിയിപ്പ് നൽകി. ഈ നടപടിയും സാദ്ധ്യമാകാത്ത അക്കൗണ്ടുകളിലെ പണം നൽകുന്നതിനായാണ് ക്യാമ്പ് നടത്തുന്നത്. നിക്ഷേപത്തിന്റെ അവകാശികളാണെന്ന് തെളിയിക്കുന്ന രേഖകൾ ഉണ്ടായിരിക്കണം. അവകാശികളാണെന്ന് ബോദ്ധ്യമായാൽ തുക തിരികെ ലഭിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ ക്യാമ്പിൽ ലഭിക്കും. ക്യാമ്പിന് ശേഷമുള്ള തുടർ നടപടികൾക്കായി എല്ലാ ബാങ്കുകളിലും സഹായ കേന്ദ്രങ്ങൾ പ്രവർത്തിക്കും.
'' അവകാശികളില്ലാത്ത നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ക്യാമ്പിൽനിന്ന് അറിയാനാകും.
രാജു ഫിലിപ്പ്. ലീഡ് ബാങ്ക് ജില്ലാ മാനേജർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |