
കോട്ടയം: റവന്യു ജില്ല ശാസ്‌ത്രോത്സവത്തിന് ഇന്ന് സയൻസ് സിറ്റിയുടെ നാട്ടിൽ തുടക്കമാകും. കഴിഞ്ഞവർഷത്തെ റവന്യു ജില്ല ശാസ്‌ത്രോത്സവം കിരീടം ചൂടിയ കുറവിലങ്ങാട് വിദ്യാഭ്യാസ ഉപജില്ലയിലാണ് ഇത്തവണ മേള നടക്കുന്നത്. നാല് വേദികളിലായി നടക്കുന്ന ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഐ.ടി പ്രവൃത്തിപരിചയ മേളകളിൽ വിവിധ വിദ്യാഭ്യാസ ഉപജില്ലകളിൽ നിന്നും മൂവായിരത്തോളം മത്സരാർത്ഥികൾ മാറ്റുരയ്ക്കും. പുതിയ മാനദണ്ഡങ്ങൾ പ്രകാരമുള്ള മത്സരങ്ങളാണ് ഇത്തവണ. കുറവിലങ്ങാട് സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളാണ് മുഖ്യവേദി. എച്ച്.എസ്.എസ്, എച്ച്.എസ്, എൽ.പി ക്ലാസുകളാണ് മറ്റ് വേദികൾ. രാവിലെ 10 ന് അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്യും. അഡ്വ. മോൻസ് ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. വെള്ളിയാഴ്ച 3.30 ന് നടക്കുന്ന സമാപന സമ്മേളനം ജോസ് കെ.മാണി എം.പി ഉദ്ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ ചിറ്റേത്ത് മുഖ്യപ്രഭാഷണം നടത്തും.
പുതിയ ഇനങ്ങളും
ശാസ്ത്രമേളയിൽ റോബോട്ടിക്‌സ്, ഇലക്‌ട്രോണിക്‌സ്, ഇന്റർനെറ്റ് ഓഫ് തിങ്‌സ് എന്നീ പുതിയ ഇനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഹയർ സെക്കൻഡറി, ഹൈസ്‌കൂൾ, യു.പി അദ്ധ്യാപകർക്ക് ടീച്ചിംഗ് എയ്ഡ്, ടീച്ചേഴ്‌സ് പ്രോജക്ട് എന്നീ വിഭാഗങ്ങളിൽ മത്സരമുണ്ടാകും. 60 അദ്ധ്യാപകരും മേളയിൽ പങ്കെടുക്കും. 500ലധികം കുട്ടികൾ പങ്കെടുക്കുന്ന സാമൂഹ്യശാസ്ത്രമേളയിൽ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് ചരിത്ര സെമിനാർ എന്ന പുതിയ ഇനവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഗണിതശാസ്ത്ര വിഭാഗം മത്സരങ്ങൾ തത്സമയമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |