
കോട്ടയം : തദ്ദേശ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള സർക്കാർ പ്രഖ്യാപനം ഏറെ ആശ്വാസം പകരുന്നത് റബർ, നെല്ല് കർഷകർക്ക്. റബറിന്റെ താങ്ങുവില 180 ൽ നിന്ന് 200 ആയും, നെല്ലിന്റെ സംഭരണ വില 28.20 രൂപയിൽ നിന്ന് മുപ്പതായുമാണ് ഉയർത്തിയത്. പ്രകടന പത്രികയിലെ പ്രഖ്യാപനം സർക്കാരിന്റെ അവസാനവർഷത്തിലാണ് യാഥാർത്ഥ്യമായതെങ്കിലും മലയോരമേഖലയിലെയും, അപ്പർകുട്ടനാട്ടിലെയും വോട്ടുബാങ്കിൽ ചലനം സൃഷ്ടിക്കാനാകും. റബർ തറവില ഉയർത്തണമെന്ന് കേരള കോൺഗ്രസ് (എം) നിരന്തരം ആവശ്യപ്പെടുന്നതാണ്. ജോസ് കെ മാണി എം.പിയും, മന്ത്രി റോഷി അഗസ്റ്റിനും നിരവധിത്തവണ മുഖ്യമന്ത്രിയെ സന്ദർശിച്ച് നിവേദനവും നൽകിയിരുന്നു. കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിൽ റബർ സബ്സിഡി പ്രശ്നം കോട്ടയത്തെ പ്രധാന ചർച്ചാവിഷയമായിരുന്നു. തോമസ് ചാഴികാടൻ ഈ വിഷയം കോട്ടയത്ത് നവകേരള സദസിൽ ഉന്നയിച്ചതിൽ മുഖ്യമന്ത്രി അതേ വേദിയിൽ വിമർശിച്ചത് വിവാദമായിരുന്നു.
19 രൂപ അധികമായി ലഭിക്കും
വിപണി വിലയും സർക്കാർ പ്രഖ്യാപിച്ച താങ്ങുവിലയും തമ്മിലുള്ള വ്യത്യാസം കണക്കിലെടുത്ത് സബ്സിഡി നൽകുന്ന സമാശ്വാസ പദ്ധതി പൊതുവിപണിയിലെ റബർ വില താങ്ങുവിലയായ 180 രൂപയിലും ഉയർന്നതോടെ കർഷകർക്ക് ലഭിച്ചിരുന്നില്ല . 200 രൂപയാക്കിയതോടെ നിലവിൽ ഒരു കിലോ റബറിന് 181 രൂപ (വ്യാപാരി വില ) ലഭിക്കുമ്പോൾ 19 രൂപ അധികമായി റബർ കർഷകർക്ക് ലഭിക്കും. ഷീറ്റാക്കുന്നതിനുള്ള ഉത്പാദന ചെലവ് വർദ്ധിച്ച സാഹചര്യത്തിൽ ഇത് കർഷകർക്ക് വലിയ ആശ്വാസമാണ്.
പച്ചപ്പണിയും കൂടുതൽ പാടങ്ങൾ
ഒരു കിലോ നെല്ല് 28.32 രൂപയാണ് സർക്കാർ സംഭരിക്കുന്നത്. കൈകാര്യച്ചെലവ് കുറച്ച് 28.20 രൂപയാണ് കർഷകർക്ക് നൽകുന്നത്. ഇതിൽ 23 രൂപ കേന്ദ്ര സർക്കാരാണ് നൽകുന്നത്. കേന്ദ്ര താങ്ങുവില 29 പൈസ കൂട്ടിയതോടെ 29.01 രൂപ സംസ്ഥാന സർക്കാർ നൽകേണ്ട സ്ഥാനത്താണ് 30 രൂപയാക്കി ഉയർത്തിയത്. ഇതോടെ നെൽക്കൃഷി ഉപേക്ഷിക്കാൻ തീരുമാനിച്ചവർക്കടക്കം ആശ്വാസമേകും. കൂടുതൽ പാടശേഖരങ്ങൾ കതിരണിയും. സ്വകാര്യമില്ലുകളുടെ ചൂണവും കുറയും.
''വരവും ചെലവും താരതമ്യം ചെയ്താൽ നഷ്ടക്കച്ചവടമായിരുന്നു റബർ കൃഷി. സർക്കാർ പ്രഖ്യാപനം കർഷകർക്ക് കൂടുതൽ പ്രതീക്ഷ നൽകുന്നു. നിരവധി റബർത്തോട്ടങ്ങളാണ് ടാപ്പിംഗ് നടത്താതെ കാടുകയറി കിടക്കുന്നത്. ടാപ്പിംഗം പുന:രാരംഭിക്കാനുള്ള നടപടികൾ പലരും തുടങ്ങും.
-ജോയി തോമസ്, കർഷകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |