
കോട്ടയം : കണ്ണിൽക്കണ്ടതെല്ലാം നശിപ്പിക്കും, ആക്രമിക്കാൻ പാഞ്ഞടുക്കും...കാട്ടുപന്നി ശല്യത്തിൽ ജനം പൊറുതിമുട്ടിയിട്ടും പരിഹാരം അകലെയാണ്. ജനവാസ മേഖലകളിലിറങ്ങി മനുഷ്യജീവനും സ്വത്തിനും നാശമുണ്ടാക്കുന്ന കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അധികാരമുണ്ടെങ്കിലും ലൈസൻസുള്ള തോക്കുടമകളുടെ അഭാവം തടസമാകുകയാണ്. മലയോര, ഗ്രാമീണ മേഖലകളിൽ റബർ ആവർത്തനക്കൃഷി ചെയ്യാൻ പോലും മടിക്കുകയാണ് കർഷകർ. കറുകച്ചാൽ, നെടുംകുന്നം, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, ചങ്ങനാശേരി, മുളവംവേലി, ഇടവെട്ടാൽ, പുവേലി, പാമ്പാടി എന്നിവിടങ്ങളിലാണ് കാട്ടുപന്നി ശല്യം കൂടുതൽ. കൈതക്കൃഷിക്ക് പാട്ടമെടുക്കാൻ പോലും ആളില്ലാതായി. പല തോട്ടങ്ങളും കാടും പടർപ്പും കയറി വനത്തിന് സമാനമാണ്. ഇതോടെ ഇവിടങ്ങളിലും കാട്ടുമൃഗങ്ങൾ പെരുകി. നെടുംകുന്നം പഞ്ചായത്ത് തോക്കെടുത്തെങ്കിലും ആറുമാസത്തിനിടെ കിട്ടിയത് രണ്ട് കാട്ടുപന്നികളെയാണ്.
തോക്ക് ലൈസൻസ് കടമ്പ
എല്ലാ പഞ്ചായത്തിലും ലൈസൻസുള്ള തോക്ക് ഉടമകൾ ഇല്ല. രാത്രി ഉറക്കമൊഴിഞ്ഞ് പന്നിയെ വെടിവയ്ക്കാൻ തോക്കുള്ളവരിൽ മിക്കവരെയും കിട്ടാറുമില്ല. നിലവിൽ തോക്ക് ലൈസൻസുള്ളവരിൽ ഭൂരിഭാഗവും 75 വയസിന് മുകളിലുള്ളവരാണ്. അനാരോഗ്യം കാരണം ഇവരുടെ സേവനം ബുദ്ധിമുട്ടാണ്. വെടിവയ്ക്കാൻ അനുമതി ലഭിച്ചാലും കടമ്പകളേറെയാണ്. മുലയൂട്ടുന്ന പന്നികളെ കൊല്ലാൻ പാടില്ല. പന്നി വനത്തിലേക്ക് രക്ഷപ്പെട്ടാൽ പിന്തുടർന്ന് വെടിവയ്ക്കരുത്. . വെടിയേറ്റ് ചത്താൽ മാംസം ഭക്ഷണത്തിനായി ഉപയോഗിക്കരുത്, പകരം വനപാലകരെ ബോദ്ധ്യപ്പെടുത്തി മണ്ണെണ്ണ ഉപയോഗിച്ച് ഉപയോഗ ശൂന്യമാക്കിയതിന് ശേഷം കുഴിച്ചുമൂടണം.
കർഷകനെ വട്ടംചുറ്റിക്കും
നിരന്തരം കൃഷി നശിപ്പിക്കപ്പെടുമ്പോൾ മാത്രം അപേക്ഷ സമർപ്പിക്കണം
ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന വില്ലേജ് ഓഫീസ് രേഖകൾ
പാട്ടക്കരാറിൽ കൃഷി ചെയ്യുന്നവർക്കും അപേക്ഷ നൽകാൻ കഴിയില്ല
നഷ്ടപരിഹാരം ലഭിക്കാത്തവരേറെ, നിരവധിപ്പേർ കൃഷി ഉപേക്ഷിച്ചു
''25 വർഷമായി കപ്പ കൃഷി ചെയ്യുന്നു. കഴിഞ്ഞ അഞ്ച് വർഷമായി പന്നിശല്യം രൂക്ഷമാണ്. പാട്ടത്തിനെടുത്ത വാഴ, കപ്പ കൃഷി കൂട്ടത്തോടെ കുത്തിമലർത്തി.
-(പുഷ്പമ്മ, മാടപ്പള്ളി)
''കാട്ടുപന്നികളെ തുരത്താൻ ശക്തമായ നടപടി സ്വീകരിക്കണം. കാട് കയറിക്കിടക്കുന്ന തോട്ടങ്ങളെല്ലാം വൃത്തിയാക്കാൻ ഉടമകൾക്ക് നോട്ടീസ് നൽകണം.
-രവീന്ദ്രൻ, കർഷകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |