
കോട്ടയം : ഏത് കാറ്റിലും ഉലയാത്ത വാകത്താനം എന്നും യു.ഡി.എഫിന് ശുഭപ്രതീക്ഷയാണ്. കൈപ്പത്തി കണ്ടാൽ കണ്ണുമടച്ചു കുത്തുന്നതാണ് ഇതുവരെയുള്ള പാരമ്പര്യം. ഇത്തവണ കരുത്തരെ പോരിനിറക്കിയാണ് മുന്നണികളുടെ മത്സരം. യു.ഡി.എഫിനായി മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ജോഷി ഫിലിപ്പ് വീണ്ടും കളത്തിലിറങ്ങുമ്പോൾ വിദ്യാഭ്യാസത്തിൽ ഡോക്ടറേറ്റ് നേടിയ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ. ജയ്‌മോൻ പി. ജേക്കബ്, ബി.ജെ.പിയ്ക്കായി രവീന്ദ്രനാഥ് വാകത്താനവും രംഗത്തുണ്ട്. വാകത്താനം പഞ്ചായത്ത് പൂർണമായും മാടപ്പള്ളി, വാഴപ്പള്ളി പഞ്ചായത്തുകളുടെ ഭാഗങ്ങളും ഉൾപ്പെടുന്നതാണ് ഡിവിഷൻ. യു.ഡി.എഫിന് ശക്തമായ വോട്ടു ബാങ്കുള്ള ഡിവിഷനിൽ കേരള കോൺഗ്രസിനും സ്വാധീനമുണ്ട്. യു.ഡി.എഫിന് ആധിപത്യമുണ്ടായാൽ പ്രസിഡന്റാകാൻ ഏറ്റവും സാദ്ധ്യതയുള്ളയാണ് ജോഷി ഫിലിപ്പ്. പഞ്ചായത്ത് പ്രസിഡന്റായി ഉൾപ്പെടെ പ്രവർത്തിച്ചിട്ടുള്ള ജോഷിയ്ക്ക് വോട്ടർമാർക്കിടയിൽ പരിചയപ്പെടുത്തലുകൾ ആവശ്യമില്ല. പാർട്ടി പ്രവർത്തനത്തിനൊപ്പം അദ്ധ്യാപനവും ഭംഗിയായി കൈകാര്യം ചെയ്യുന്ന ഡോ. ജെയ്‌മോൻ പി. ജേക്കബിലൂടെ അട്ടിമറിയാണ് എൽ.ഡി.എഫ് ആഗ്രഹിക്കുന്നത്. കഴിഞ്ഞ തവണ 6079 വോട്ടിനായിരുന്നു കോൺഗ്രസിലെ സുധാ കുര്യന്റെ ജയം.
ജോഷി ഫിലിപ്പ് (യു.ഡി.എഫ്)
കെ.പി.സി.സി. ജനറൽ സെക്രട്ടറിയായ ജോഷി ഫിലിപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും, ഡി.സി.സി. പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തിലേക്ക് രണ്ടാം മത്സരം. വാകത്താനം പഞ്ചായത്ത് മുൻ പ്രസിഡന്റായിരുന്നു.
ഡോ. ജയ്‌മോൻ പി ജേക്കബ് (എൽ.ഡി.എഫ്)
തൃപ്പൂണിത്തറ കോളേജ് ഒഫ് ടീച്ചർ എഡ്യൂക്കേഷൻ പ്രിൻസിപ്പലായ ഡോ. ജയ്‌മോൻ പി. ജേക്കബ് സസ്യശാസ്ത്രം, സാമൂഹ്യശാസ്ത്രം, മനശാസ്ത്രം, വിദ്യാഭ്യാസം, ഇംഗ്ലീഷ് വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുണ്ട്. വിദ്യാഭ്യാസത്തിൽ ഡോക്ടറേറ്റ്. 33 വർഷത്തെ അദ്ധ്യാപന പരിചയം. തിരഞ്ഞെടുപ്പ് മത്സരരംഗത്ത് ആദ്യം.
രവീന്ദ്രനാഥ് (എൻ.ഡി.എ)
പൊതുപ്രവർത്തനത്തെ പരിചിത മുഖമാണ് രവീന്ദ്രനാഥ് വാകത്താനം. ബി.ജെ.പിയുടെ കോട്ടയം, ഇടുക്കി, ആലപ്പുഴ ഉൾപ്പെടുന്ന മേഖലയുടെ സെക്രട്ടറിയാണ്. 2000 ൽ മാടപ്പള്ളി ബ്ലോക്കിലെ വാകത്താനം ഡിവിഷനിൽ നിന്ന് മത്സരിച്ചു. ജില്ലാ പഞ്ചായത്തിലേക്ക് ആദ്യ മത്സരമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |