SignIn
Kerala Kaumudi Online
Thursday, 19 February 2026 2.48 AM IST

മിന്നിത്തിളങ്ങി ക്രിസ്‌മസ് വിപണി

Increase Font Size Decrease Font Size Print Page
xmas

പാലാ : തിരഞ്ഞെടുപ്പിന്റെ ആരവം ഒഴിഞ്ഞു, ഇനി ക്രിസ്മസ് ആഘോഷത്തിരക്കിലേക്ക് നാടും നഗരവും. ഡിസംബർ ആദ്യവാരത്തിൽ തന്നെ വീടുകളിലും സ്ഥാപനങ്ങളിലും നക്ഷത്രവെളിച്ചം എത്തി. ഇപ്പോൾ മറ്റ് അലങ്കാരങ്ങൾ, പുൽക്കൂട്, ക്രിസ്മസ് ട്രീ എന്നിവ ഒരുക്കുന്നതിനുള്ള തിരക്കാണ്. ക്രിസ്മസ് അടുക്കുന്നതോടെ കരോൾ സംഘങ്ങളും സജീവമാകും. സ്‌കൂളുകളിൽ ക്രിസ്മസ് പരീക്ഷ നടക്കുകയാണ്. പരീക്ഷകൾ അവസാനിക്കുന്ന 23 ന് സ്‌കൂളുകളിൽ ക്രിസ്മസ് ആഘോഷം. വ്യാപാര സ്ഥാപനങ്ങളിൽ പ്രത്യേക ക്രിസ്മസ് കോർണർ പ്രവർത്തനം ആരംഭിച്ചു. ബേക്കറികളിൽ കേക്ക് വില്പനയും സജീവമായി. ക്രിസ്മസ് വിപണിയിൽ പല ഇനങ്ങൾക്കും വില വർദ്ധിച്ചു. നക്ഷത്രങ്ങൾ, പുൽക്കൂട് സെറ്റുകൾ, ഉണ്ണിയേശുവും മാലാഖമാരുമെല്ലാം ഉൾപ്പെടുന്ന വിവിധ രൂപങ്ങൾ, അലങ്കാര ദീപങ്ങൾ എന്നിവയ്‌ക്കാണ് ആവശ്യക്കാരേറെ.

വ്യത്യസ്തതകൾ ഏറെയുള്ള സാന്താക്ലോസ് രൂപങ്ങൾ, ക്രിസ്മസ് ട്രീകൾ എന്നിവയും ഇക്കുറി വിപണികളിലെ കൗതുകങ്ങളാണ്. പേപ്പറിൽ നിർമിച്ച നക്ഷത്രങ്ങൾക്കു 30 മുതൽ 800 രൂപ വരെയാണ് വില. നിറങ്ങളുടെ വൈവിദ്ധ്യം നൽകുന്ന എൽ.ഇ.ഡി സ്റ്റാർ വില 100 രൂപ മുതൽ 2800 രൂപ വരെ. ക്രിസ്മസ് രാവുകളെ വർണാഭമാക്കുന്ന എൽ.ഇ.ഡി മാല ബൾബുകൾ 50 രൂപ മുതൽ ലഭ്യമാണ്.

ചൂരൽപുൽക്കൂടിന് ഡിമാൻഡ്

ചൂരൽ ഉപയോഗിച്ച് നിർമ്മിച്ച പുൽക്കൂടിനും ഇത്തവണയും ആവശ്യക്കാർ കൂടുതലാണ്. ഒരു തവണ വാങ്ങിയാൽ ഏതാനും വർഷം ഉപയോഗിക്കാം. 600 രൂപയാണ് കുറഞ്ഞ വില. 1000, 1500 രൂപയുടെ കൂടുകളും ലഭിക്കും. 2 അടി മുതൽ 12 അടി വരെ ഉയരമുള്ള ക്രിസ്മസ് ട്രീകൾ വില്പനയ്ക്കുണ്ട്. ക്രിസ്മസ് അപ്പൂപ്പന്റെ വേഷവിധാനങ്ങളുടെ വില്പപനയും സജീവമാണ്. വില 350 മുതൽ 2500 രൂപ വരെ. വൈവിദ്ധ്യമാർന്ന സമ്മാനങ്ങൾ, ആശംസാ കാർഡുകൾ എന്നിവയും വിപണിയിലുണ്ട്. വരും ദിവസങ്ങളിൽ പടക്ക വിപണിയും ഉഷാറാകും.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY