SignIn
Kerala Kaumudi Online
Friday, 24 April 2026 6.06 PM IST

തെരുവ് നായ്ക്കൾക്കെല്ലാം ഷെൽട്ടർ, നടന്നാൽ കൊള്ളാമെന്ന് നാട്ടുകാർ !

Increase Font Size Decrease Font Size Print Page
dog

തെരുവ് നായ്ക്കളുടെ കടിയേൽക്കാതെ നാട്ടുകാരെ സംരക്ഷിക്കാൻ ഷെൽട്ടർ പണിയുമെന്ന തദ്ദേശ സ്ഥാപന അദ്ധ്യക്ഷന്മാരുടെ പ്രഖ്യാപനം കേട്ട് കോൾമയിർ കൊള്ളുന്നതിനൊപ്പം ഇത് വല്ലതും നടക്കുമോ എന്നാണ് ചുറ്റുവട്ടത്തിന്റെ ചോദ്യം. കോട്ടയം നഗരസഭ വക പഴയ വടവാതൂർ ഡമ്പിംഗ് യാർഡിലും കോടിമത ചന്തയിലും തെരുവ് നായ്ക്കളെ സംരക്ഷിക്കാൻ ഷെൽട്ടർ പണിയുമെന്നാണ് നഗരസഭാദ്ധ്യക്ഷൻ സന്തോഷ് കുമാർ പ്രഖ്യാപിച്ചിട്ടുള്ളത്. ഷെൽട്ടർ പണിയണമെന്നത് ചുറ്റുവട്ടത്തിന്റെ വർഷങ്ങളായുള്ള ആവശ്യമാണ്. ഒരുമിച്ച് കൂട്ടിലടച്ചാൽ പരസ്പരം കടിപിടി കൂടും. ഒന്നിച്ച് കുരക്കുന്നത് നാട്ടുകാരുടെ ഉറക്കംകെടുത്തും, മൂന്നുനേരം ഭക്ഷണത്തിന് ഫണ്ടില്ലതുടങ്ങിയ തൊടുന്യായങ്ങളായിരുന്നു പലരും പറഞ്ഞത്. സുപ്രീം കോടതി ഇടപെട്ടതോടെ ഷെൽട്ടർ പണിയാൻ ബന്ധപ്പെട്ടവർ നിർബന്ധിതരായി.

തെരുവ് നായ്ക്കളുടെ വംശവർദ്ധനവ് തടയാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കോടികൾ ചെലവഴിച്ചെങ്കിലും പലരുടെയും പോക്കറ്റിൽ ചെന്നതല്ലാതെ നായ്ക്കളുടെ എണ്ണം കൂടുകയായിരുന്നു. നായ്ക്കളെ പിടികൂടി കുത്തിവച്ച് പിടിച്ചിടത്ത് തിരിച്ച് കൊണ്ടിടാനുമെല്ലാം ഫണ്ടുണ്ടായിരുന്നു. പക്ഷേ മുഴുവൻ നായ്ക്കളെയും പിടികൂടാൻ കുടുംബശ്രീക്കാരെ ചുമതലപ്പെടുത്തിയെങ്കിലും ഭയം കാരണം ആളെ കിട്ടാതായി പദ്ധതി പൊളിഞ്ഞു. മുഴുവൻ നായ്ക്കൾക്കും പ്രതിരോധ കുത്തിവയ്പ്പ് നൽകണമെന്ന് സുപ്രീംകോടതി ഇണ്ടാസ് പുറപ്പെടുവിച്ചതും വിജയിച്ചില്ല. ജഡ്ജിമാർക്ക് വരെ കടിയേറ്റതോടെയാണ് എല്ലാത്തിനെയും പിടിച്ച് ഷെൽട്ടറിലിടാൻ കോടതി ഉത്തരവിട്ടത്.

വന മേഖലയോട് ചേർന്ന് ഷെൽട്ടർ പണിതാൽ നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാകില്ല. വന്യമൃഗങ്ങൾക്ക് വിശപ്പ് മാറും. നാട്ടിലിറങ്ങിയുള്ള ആക്രമണവും കുറയും. ഇതാണ് പ്രായോഗിക പദ്ധതിയെങ്കിലും കോടതി കയറുന്ന മൃഗ സ്നേഹികൾ സമ്മതിക്കേണ്ടേ. തെരുവ് നായ്ക്കളെ പിടികൂടി വിഷം കുത്തിവച്ചു കൊല്ലുന്ന പഴയ ഫലപ്രദമായ ഏർപ്പാട് കേന്ദ്രമന്ത്രിയായപ്പോൾ നിരോധിച്ച മേനക ഗാന്ധിയെ വരെ സുപ്രീംകോടതി കഴിഞ്ഞ ദിവസം കടിച്ചു കുടഞ്ഞിരുന്നു.

സുപ്രീംകോടതി ഇടപെടലോടെ തെരുവ് നായ്ക്കളുടെ ശല്യത്തിന് കുറവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ. ത്രിതല പഞ്ചായത്ത് അദ്ധ്യക്ഷന്മാരുടെ പ്രഖ്യാപനവും അവരിൽ ആവേശം പകർന്നിട്ടുണ്ട്. പെട്ടെന്നു നടത്തി കാണിക്കുന്നവർക്ക് ചുറ്റുവട്ടം വക ഒരു ബിഗ് സല്യൂട്ട് നൽകുന്നതായിരിക്കും.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.