കോട്ടയം: ഒരുകാലത്ത് നിരത്തിലൂടെ രാജാക്കൻമാരായി പാഞ്ഞവർ. ഇന്ന് ആർക്കും വേണ്ടാതെ റോഡ് വക്കിലും പൊലീസ് സ്റ്റേഷൻ വളപ്പിൽ. തുരുമ്പെടുത്തതോടെ ഇന്ന് പാട്ടവിലയുമില്ല. എത്രയെത്ര വാഹനങ്ങളാണ് കാടുമൂടി നാശത്തിന്റെ പടുകുഴിയിലായത്. സർക്കാർ വാഹനങ്ങൾക്ക് പുറമേ വിവിധ കേസുകളിൽപ്പെട്ട് പൊലീസ് പിടിച്ചെടുത്തവ ഉൾപ്പെടെ വിവിധയിടങ്ങളിൽ നശിക്കുകയാണ്. മാർക്കറ്റ് റോഡ്, വെസ്റ്റ് പൊലീസ് സ്റ്റേഷന് സമീപത്തെ റോഡ്, ചിങ്ങവനം പൊലീസ് സ്റ്റേഷൻ മുൻഭാഗം, കളക്ടറേറ്റ് വളപ്പ്, ജനറൽ ആശുപത്രി കോമ്പൗണ്ട് എന്നിവിടങ്ങളിലാണ് നഗരത്തിൽ പഴയ വാഹനങ്ങൾ കാടുമൂടി കിടക്കുന്നത്.
ഇഴജന്തുക്കളുടെ സുഖവാസകേന്ദ്രം
വെസ്റ്റ് പൊലീസ് സ്റ്റേഷൻ പരിസരത്ത് പിടിച്ചിട്ടിരിക്കുന്ന വാഹനങ്ങൾ ഇഴജന്തുക്കളുടെ വാസകേന്ദ്രമാണ്. പല വാഹനങ്ങളെയും കാട് വിഴുങ്ങി. ഇത് കാൽനടയാത്രക്കാരെയും ദുരിതത്തിലാക്കുന്നു. സ്റ്റേഷൻ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം മുതൽ 500 മീറ്റർ ദൂരത്തിൽ വിവിധ കേസുകളിൽ പിടിച്ചെടുത്ത വാഹനങ്ങളാണ്. എം.സി റോഡിൽ ചിങ്ങവനം സ്‌റ്റേഷന് മുൻവശത്തും വാഹനങ്ങൾ തുരുമ്പെടുത്ത് നശിക്കുകയാണ്. മാർക്കറ്റ് റോഡിൽ നിരവധി ട്രക്കുകളാണ് കാടുമുടിക്കിടക്കുന്നത്.
ലേലം ചെയ്യണം
കളക്ടറേറ്റ് വളപ്പിൽ പഴയ അംബാസിഡർ മുതൽ വിവിധ വകുപ്പുകളുടെ പഴയ വാഹനങ്ങളും ഉപേക്ഷിച്ചനിലയിലുണ്ട്. ജനറൽ ആശുപത്രി പരിസരത്തും സമാനസാഹചര്യമാണ്. ആരോഗ്യ വകുപ്പിന്റെ വിവിധ വാഹനങ്ങൾ മുതൽ ആംബുലൻസുകൾ വരെ തുരുമ്പെടുത്ത് കിടക്കുന്നു. ഈ വാഹനങ്ങൾ ലേലം ചെയ്യണമെന്ന ആവശ്യം ശക്തമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |