കോഴിക്കോട്: പാൽ ഉത്‌പാദനത്തിലുണ്ടായ കുറവും കാലിത്തീറ്റ ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കളുടെ വില വർദ്ധനവും കാരണം പൊറുതി മുട്ടി ക്ഷീര കർഷകർ. ഒരു ചാക്ക് (50 കിലോ) കാലിത്തീറ്റയ്ക്ക് 1550 രൂപയാണ് വില. 10 ലീറ്റർ പാൽ ലഭിക്കുന്ന പശുവിന് ഒരു നേരം നാല് കിലോ കാലിത്തീറ്റയാണ് നൽകേണ്ടത്. ഇതോടൊപ്പം സമീകൃത ആഹാരമായ കടലപ്പിണ്ണാക്ക്, തേങ്ങാപ്പിണ്ണാക്ക്, പരുത്തിക്കുരു ഉൾപ്പെടെയുള്ളവയ്ക് ദിനംപ്രതി ചെലവ് 250 രൂപയോളമാണ്. ഇതിനിടെ പശുക്കൾക്ക് എന്തെങ്കിലും രോഗം പിടിപെട്ടാൽ അതിനുള്ള ചികിത്സാ ചെലവ് വേറെ. നിലവിൽ ബുദ്ധിമുട്ടില്ലെങ്കിലും വേനൽ കടുക്കുന്നതോടെ പച്ചപുല്ലിന്റെ ലഭ്യതയിലും കുറവുണ്ടാകും. ചൂടു കാലമായാൽ പശുക്കൾക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ വേറെ. ക്ഷീര വികസന വകുപ്പിന് കീഴിൽ 255 സഹകരണ സംഘങ്ങളാണ് കോഴിക്കോട് ജില്ലയിലുള്ളത്. ഇതിൽ ചിലതിന്റെ പ്രവർത്തനം ഭാഗികമാണ്. പഞ്ചായത്തിൽ രജിസ്റ്റർ ചെയ്ത കർഷകർക്ക് ഒരു ലിറ്റർ പാലിന് മൂന്നു രൂപയാണ് വകുപ്പ് ഇൻസെന്റീവായി നൽകുന്നത്.
മിൽമയിൽ രജിസ്റ്റർ ചെയ്തവർക്ക് ഒരു ചാക്ക് കാലിത്തീറ്റയ്ക്ക് 250 രൂപ സബ്സിഡി നൽകുന്നുണ്ട്. ഒരു കിലോ സെെലേജിന് (കാലിത്തീറ്റ) 1.5 രൂപയും മിൽമ സബ്സിഡിയായി നൽകുന്നുണ്ട്. ശരാശരി ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് 46 രൂപ 18 പെെസയാണ് നിലവിൽ മിൽമയിൽ നിന്നും നൽകിവരുന്നത്.
ഒരു ലിറ്റർ പാലിന് ഇൻസെന്റീവായി ഒരു രൂപയാണ് നൽകുന്നത്. മിൽമയിലെ വരുമാന വർദ്ധനവ് അനുസരിച്ച് ഇത് വർദ്ധിക്കാറുമുണ്ട്. മൂന്ന് മാസം മുൻപ് വരെ ലിറ്ററിന് അഞ്ച് രൂപയാണ് നൽകിയിരുന്നത്. വരും മാസങ്ങളിൽ ഇത് വീണ്ടും വർദ്ധിക്കുമെന്ന് മിൽമ അധികൃതർ പറഞ്ഞു.
ഇത് കൊണ്ട് മാത്രം പ്രയാസങ്ങൾ തീരുന്നില്ലെന്നാണ് കർഷകർ പറയുന്നത്. കന്നുകാലികളുടെ ഇൻഷുറൻസിന്റെ പ്രീമിയം തുക വർദ്ധിപ്പിച്ചതും ക്ഷീര കർഷകർക്ക് ഉണ്ടായിരുന്ന ഇൻഷുറൻസ് പരിരക്ഷ വെട്ടിക്കുറച്ചതും പ്രതിസന്ധി രൂക്ഷമാകാൻ കാരണമായിട്ടുണ്ട്.
ആവശ്യങ്ങൾ
കന്നുകാലി ഇൻഷുറൻസ് പ്രീമിയം തുക കുറയ്ക്കുക.
ക്ഷീര കർഷകർക്കുള്ള പെൻഷൻ കൃത്യമായി വിതരണം ചെയ്യുക
ഇൻസെന്റീവായി നൽകുന്ന തുകയ്ക്ക് മിനിമം തുക നിശ്ചയിക്കുക.
"'കാലിത്തീറ്റയ്ക്കകം വില വർദ്ധിക്കുകയാണ്. മിൽമയും ക്ഷീര വികസന വകുപ്പും നിലവിൽ നൽകുന്ന സബ്സിഡികൾ വർദ്ധിപ്പിച്ചാൽ മാത്രമേ മുന്നോട്ട് പോകാൻ സാധിക്കൂ.
- നാരായണൻ ( ക്ഷീര കർഷകൻ, കൊയിലാണ്ടി )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |