കോഴിക്കോട്: സംസ്ഥാനത്തെ വർദ്ധിച്ചുവരുന്ന റോഡപകടങ്ങൾ കുറയ്ക്കാൻ മാർഗ നിർദ്ദേശങ്ങളുമായി മനുഷ്യാവകാശ കമ്മിഷൻ. മനുഷ്യജീവനുകൾ നഷ്ടപ്പെടുന്നത് ഒഴിവാക്കുന്നതിനും റോഡപകടങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനുമുള്ള സുപ്രധാന നിർദ്ദേശങ്ങൾ അടങ്ങിയ ഉത്തരവ് മനുഷ്യാവകാശ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ചീഫ് സെക്രട്ടറിയ്ക്ക് അയച്ചു. കോഴിക്കോട് നഗരത്തിലെ ഗതാഗത നിയമലംഘനങ്ങളെ കുറിച്ചുള്ള മാദ്ധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. അപകട മേഖലയ്ക്ക് മുൻഗണന നൽകി റോഡുകളുടെ അറ്റകുറ്റപണികൾ യഥാസമയം നടപ്പിലാക്കുക, കാൽനടയാത്രക്കാർക്ക് ഉൾപ്പെടെ റോഡിൽ സൗകര്യം ഒരുക്കുക, ക്യാമറകളും സ്മാർട്ട് ട്രാഫിക് സിഗ്നലുകളും എല്ലായിടത്തും വ്യാപിപ്പിക്കുക, നടപ്പാതകൾ ഒരുക്കുക തുടങ്ങിയ നിർദേശങ്ങളാണ് കമ്മിഷൻ നൽകിയത്.
പൊതുഗതാഗതം വിപുലീകരിക്കാനും, വൈഫൈ ഉൾപ്പെടെ സജ്ജമാക്കിയ ഉന്നതനിലവാരത്തിലുള്ള കാത്തിരിപ്പ് കേന്ദ്രങ്ങളും ബസ് ടെർമിനലുകളും സ്ഥാപിക്കാനും, ഗതാഗത നിയമങ്ങൾ കൃത്യമായി നടപ്പിലാക്കാൻ മോട്ടോർ വെഹിക്കിൾ, പൊലീസ് വകുപ്പുകളിൽ മനുഷ്യവിഭവശേഷി വർധിപ്പിക്കാനും, ഉദ്യോഗസ്ഥർക്ക് ആധുനിക ഗതാഗത സംസ്‌കാരത്തെക്കുറിച്ച് പരിശീലനം നൽകാനും നിർദ്ദേശമുണ്ട്.
2010 ൽ 53.97 ലക്ഷം വാഹനങ്ങൾ ഉണ്ടായിരുന്ന സ്ഥലത്ത് 2021 ൽ 149. 91ലക്ഷം വാഹനങ്ങളാണുള്ളതെന്ന് ട്രാൻസ്‌പോർട്ട് കമ്മിഷണർ കമ്മിഷനെ അറിയിച്ചു. 2010 ൽ 35,082 വാഹനാപകടങ്ങൾ സംസ്ഥാനത്ത് നടന്നപ്പോൾ 2021 ൽ ഇത് 33296 ആയി കുറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. വാഹനാപകടങ്ങളിൽ മരിക്കുന്നവരുടെ എണ്ണവും കുറഞ്ഞു. കോഴിക്കോട് ആർ .ടി. ഒ, സിറ്റി പൊലീസ് കമ്മിഷണർ എന്നിവർക്കും റിപ്പോർട്ട് സമർപ്പിച്ചു. ഉത്തരവിന്റെ പകർപ്പ് ട്രാൻസ്‌പോർട്ട് കമ്മിഷണർക്കും സംസ്ഥാന പൊലീസ് മേധാവിക്കും അയച്ചു. ഉത്തരവിന്റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ മൂന്നു മാസത്തിനകം ചീഫ് സെക്രട്ടറി രേഖാമൂലം സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |