വടകര: ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ നാദാപുരം റോഡ് റെയിൽവെ അടിപ്പാത യാഥാർത്ഥ്യമാവുന്നു. 28 ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് അടിപ്പാതയുടെ ഉദ്ഘാടനം നിർവഹിക്കും. മടപ്പളളി ഹൈസ്കൂളുകൾ, മടപ്പള്ളി കോളേജ്, ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി തുടങ്ങിയ സ്ഥാപനങ്ങളുമായി ബന്ധപ്പെടാനും തലശ്ശേരി, കണ്ണൂർ ഭാഗങ്ങളിൽ എത്തിച്ചേരാൻ കിഴക്കൻ പ്രദേശങ്ങളിലുള്ളവർക്കും സൗകര്യമാവും ദിനംപ്രതി കുട്ടികളടക്കം നിരവധി പേരാണ് റെയിൽപാളത്തിൽ കയറിയിറങ്ങേണ്ടി വന്നിരുന്നത്. അടിപ്പാത യാഥാർത്ഥ്യമാവുന്നതോടെ അപകട ഭീഷണിക്ക് പരിഹാരമാവും. പഞ്ചായത്തും സംസ്ഥാന സർക്കാരും ചേർന്ന് പദ്ധതി പൂർത്തിയാക്കണമെന്ന ഉപാധികളോടെ റെയിൽവേ അടിപ്പാതക്ക് അനുമതി ലഭിച്ചത്. മുൻ എം.എൽ.എ സി.കെ നാണുവിൻ്റെ ആസ്തി വികസന ഫണ്ട് 1.86 കോടി അനുവദിച്ചു. മുഖ്യമന്ത്രിയുടെ റീബിൽഡ് കേരള പദ്ധതിയിൽ ഒരു കോടി രൂപ ചെലവഴിച്ച് അപ്രോച്ച് റോഡ് ഡ്രൈനേജ്, റൂഫിംഗ് എന്നിവ ഒരുക്കി. 45 മീറ്റർ നീളവും നാല് മീറ്റർ വീതിയിലും 3 മീറ്റർ ഉയരത്തിലുള്ള റൂഫിംഗുമാണ് അടിപ്പാതക്കുള്ളത്. ചെറുവാഹനങ്ങൾക്ക് സൗകര്യപ്രദമായി യാത്ര ചെയ്യാം. മഴക്കാലത്ത് അടിപ്പാതകളിൽ ഉണ്ടാവുന്ന വെള്ളക്കെട്ട് ഒഴിവാക്കാൻ മുകളിലെ റൂഫിഗിനു പുറമെ ഓവുചാലും ഓട്ടോമാറ്റിക്ക് പമ്പിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഒഞ്ചിയം പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ഊരാളുങ്കൽ സൊസൈറ്റിയും റെയിൽവെയുടെ എൻജിനിയറിംഗ് വിഭാഗവുമാണ് അടിപ്പാത നിർമ്മാണം പൂർത്തീകരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |