ന്യൂഡൽഹി: കേരളത്തിലെ ആറ് പദ്ധതികൾക്ക് സർവേ അനുമതി നൽകി റെയിൽവേ. നിലവിലേതിന് സമാന്തരമായി മൂന്നും നാലും പാതകൾ നിർമ്മിക്കുന്നതടക്കമുള്ള പദ്ധതികളിലാണ് സർവേ. കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവാണ് ഇക്കാര്യം എം.കെ. രാഘവൻ, ഷാഫി പറമ്പിൽ എന്നിവരെ ലോക്‌സഭയിൽ അറിയിച്ചത്.
ഭൂമി ഏറ്റെടുത്ത് നൽകാത്തതാണ് കേരളത്തിലെ റെയിൽ വികസനത്തിന്റെ പ്രതിസന്ധിയെന്ന് മന്ത്രി പറഞ്ഞു. ഭൂമിക്കായി റെയിൽവേ 2112 കോടി നൽകിയിട്ടും 476 ഹെക്ടറിൽ 73 ഹെക്ടർ മാത്രമാണ് ഏറ്റെടുത്തത്. അങ്കമാലി-ശബരിമല പാതയ്‌ക്കുള്ള 416 ഹെക്ടറിൽ 24 ഹെക്ടർ മാത്രമാണ് ഏറ്റെടുത്തത്. എറണാകുളം-തുറവൂർ, ഷൊർണൂർ-വള്ളത്തോൾ നഗർ, തിരുവനന്തപുരം-കന്യാകുമാരി പാത ഇരട്ടിപ്പിക്കൽ പദ്ധതികളും കാലതാമസം നേരിടുന്നു.
സർവേ അനുമതി ലഭിച്ചത്
മംഗലാപുരം - ഷൊർണൂർ - കോയമ്പത്തൂർ റൂട്ടിൽ 3, 4 വരി പാതകൾക്കുള്ള രണ്ട് പദ്ധതികൾ (407 കി.മി).
ഷൊർണൂർ - എറണാകുളം - കായംകുളം - തിരുവനന്തപുരം - നാഗർകോവിൽ റൂട്ടിൽ മൂന്നാം പാതയ്‌ക്കായി നാല് പദ്ധതികൾ (398 കി.മി).
9415 കോടി രൂപ എസ്റ്റിമേറ്റുള്ള രണ്ട് പാതകൾ, നാല് പാത ഇരട്ടിപ്പിക്കൽ ജോലികൾ എന്നിവ ഉൾപ്പെടുന്ന 266 കിലോമീറ്ററിന്റെ ആറ് പദ്ധതികൾ പുരോഗമിക്കുന്നു. ഇതിൽ 3250 കോടി ചെലവിലുള്ള 26 കിലോമീറ്ററിലെ പ്രവൃർത്തി പൂർത്തിയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |