കോഴിക്കോട്: രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന ജില്ലാ യോഗം ഇന്ന്. രാവിലെ പത്തിന് ചെറുവണ്ണൂർ മലബാർ മെറീന കൺവൻഷൻ സെന്ററിലാണ് യോഗം. വിവിധ മേഖലയിൽനിന്നുള്ള ക്ഷണിക്കപ്പെട്ട 500 പേർ പങ്കെടുക്കും. സർക്കാർ സേവനങ്ങളുടെ ഗുണഭോക്താക്കൾ, ട്രേഡ് യൂണിയൻ, തൊഴിലാളി പ്രതിനിധികൾ, യുവജനങ്ങൾ, വിദ്യാർത്ഥികൾ, സാംസ്‌കാരിക, കായിക രംഗത്തെ പ്രതിഭകൾ, പ്രൊഫഷണലുകൾ, വ്യവസായികൾ, പ്രവാസികൾ, സാമുദായിക നേതാക്കൾ തുടങ്ങിയവരുമായി മുഖ്യമന്ത്രി സംവദിക്കും. മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, എ.കെ ശശീന്ദ്രൻ തുടങ്ങിയവരും പങ്കെടുക്കും. പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ അവസാന ഘട്ട ഒരുക്കങ്ങൾ വിലയിരുത്തി.
എൽ.ഡി.എഫ് റാലി വൈകിട്ട്,
നഗരത്തിൽ ഗതാഗത നിയന്ത്രണം
മന്ത്രിസഭയുടെ നാലാം വാർഷികത്തോടനുബന്ധിച്ച് എൽ.ഡി.എഫ് നേതൃത്വത്തിൽ ഇന്ന് വൈകിട്ട് നാലിന് റാലിയും പൊതുസമ്മേളനവും നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ യോഗം ഉദ്ഘാടനം ചെയ്യും. മന്ത്രിമാർ, എം.എൽ.എമാർ തുടങ്ങിയവരും പങ്കെടുക്കും. പൊതുപരിപാടിയിൽ പങ്കെടുക്കാൻ വരുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള ഇടങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. ഉച്ചക്ക് ശേഷം ബീച്ചിലും വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണമുണ്ടായിരിക്കും.
കോഴിക്കോട് താമരശ്ശേരി ഭാഗങ്ങളിൽ നിന്നും വരുന്ന വലിയ വാഹനങ്ങൾ-ഫ്രാൻസിസ് റോഡ് ഓവർ ബ്രിഡ്‌ജ് വഴി ബീച്ചിൽ എത്തി ആളുകളെ ഇറക്കിയ ശേഷം മുഹമ്മദലി കടപ്പുറത്ത് പാർക്ക് ചെയ്യണം. പ്രവർത്തകർ കാൽ നടയായിട്ടാണ് സമ്മേളന നഗരിയിൽ പ്രവേശിക്കേണ്ടത്.
കൊയിലാണ്ടി, വടകര താലൂക്കിൽ നിന്നുള്ള വലിയ വാഹനങ്ങൾ വെങ്ങളം എലത്തൂർ വെങ്ങാലി ബ്രിഡ്‌ജിനടിയിലൂടെ ഗാന്ധി റോഡ് ജംഗ്ഷനിൽ എത്തി ആളുകളെ ഇറക്കി നോർത്ത് ബീച്ച് പാർക്കിംഗ് ഏരിയയിൽ പാർക്ക് ചെയ്യണം.
ചെറിയ വാഹനങ്ങൾ ക്രിസ്ത്യൻ കോളേജ് - ഗാന്ധി റോഡ് ഓവർ ബ്രിഡ്‌ജ് കയറി ഗാന്ധി റോഡ് ജംഗ്ഷനിൽ എത്തി കേരള സോപ്പിന്റെ പാർക്കിംഗ് ഏരിയയിലാണ് പാർക്ക് ചെയ്യേണ്ടത്.
ഒരാൾ മാത്രമായി യാത്ര ചെയ്യുന്ന നാലു ചക്ര വാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കാതെ പരമാവധി പുറത്ത് സ്വകാര്യ പാർക്കിംഗ് ഉപയോഗപ്പെടുത്തണം.
സിറ്റിയിലെ പ്രധാനപ്പെട്ട റോഡുകളിൽ അനധികൃതമായി വാഹനം പാർക്ക് ചെയ്ത് ഗതാഗതം തടസപ്പെടുത്തിയാൽ റിക്കവറി വാഹനങ്ങൾ ഉപയോഗിച്ച് നീക്കം ചെയ്യുകയും കർശന നടപടികൾ സ്വീകരിക്കുകയും ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |