വാടാനപ്പിള്ളി: നടുവിൽക്കര സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ എട്ട് പ്രതികൾ അറസ്റ്റിൽ. കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ വാടാനപ്പിള്ളി ഫസൽ നഗർ സ്വദേശി ബിൻഷാദ് (36), ഇടശ്ശേരി സുലൈമാൻ പള്ളിക്ക് സമീപം പുത്തൻപുരയിൽ വീട്ടിൽ മുഹമ്മദ് അഷ്ഫാക്ക് (23), കുട്ടമുഖം സ്വദേശി വടക്കിനേടത്ത് മുഹമ്മദ് അസ്‌ലം (28), ഗണേശമംഗലം അമ്പലത്ത് വീട്ടിൽ ഷിഫാസ് (30), റഹ്മത്ത് നഗർ പോക്കാക്കില്ലത്ത് ഫാസിൽ (24), ഗണേശമംഗലം അമ്പലത്ത് വീട്ടിൽ ഷാഫി മുഹമ്മദ്(36), വാടാനപ്പിള്ളി ബീച്ചിൽ രായംമരക്കാർ വീട്ടിൽ ആഷിഖ് (27), ഗണേശമംഗലം അറക്ക വീട്ടിൽ മുഹമ്മദ് റയീസ് (22) എന്നിവരാണ് അറസ്റ്റിലായത്.
നടുവിൽക്കരയിൽ ഹൈവേയുടെ പണി നടക്കുന്ന സ്ഥലത്തേക്ക് യുവാവിനെ വിളിച്ചു വരുത്തി അവിടെ നിന്നും അഷ്ഫാക്കും മറ്റൊരു പ്രതിയും ചേർന്ന് സ്‌കൂട്ടറിൽ കയറ്റിക്കൊണ്ടുപോയി വാടാനപ്പിള്ളി ബീച്ച് ശാന്തി റോഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിൽ എത്തിച്ച് ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിക്കുകയും കഴുത്തിൽ തോർത്തുമുണ്ട് മുറുക്കി കൊല്ലാൻ ശ്രമിക്കുകയുമായിരുന്നു. പരാതിക്കാരന്റെ സുഹൃത്തിന്റെ സഹോദരൻ ഷാഫിക്ക് 26000 രൂപ കൊടുക്കാനുള്ളതിനെ സംബന്ധിച്ച് കഴിഞ്ഞ മാസം തൃത്തല്ലൂരിൽ നടന്ന അടിപിടിയിൽ പരാതിക്കാരൻ ഇടപെട്ട് പ്രതികളെ പിടിച്ചുമാറ്റിയതിലുള്ള വൈരാഗ്യമാണ് ആക്രമിക്കാൻ കാരണമത്രെ. യുവാവിന്റെ കൈവശമുണ്ടായിരുന്ന 1000 രൂപയും മൊബൈൽ ഫോണും ഇവർ കവർച്ച ചെയ്‌തെടുത്തു.
റൂറൽ ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണ കുമാറിന്റെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പി: വി.കെ. രാജു, വാടാനപ്പിള്ളി സി.ഐ: എൻ.ബി. ഷൈജു, പ്രോബേഷൻ എസ്.ഐ: സനദ് എൻ. പ്രദീപ്, എസ്.ഐമാരായ ഷാഫി യുസഫ്, സി.ആർ. പ്രദീപ്, എ.എസ്.ഐ ലിജു ഇല്യാനി, എസ്.സി.പി.ഒ ജിനേഷ്, രാജ് കുമാർ, സി.പി.ഒ. മാരായ നിഷാന്ത്, ബിജു, സുർജിത്ത്, അഖിൽ, അമൽ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |