കൊല്ലം: സ്കൂൾ-കോളേജ് വിദ്യാത്ഥികൾക്ക് വിൽക്കാനായി എത്തിച്ച 3.87 ഗ്രാം എം.ഡി.എം.എയുമായി യുവാവും പെൺസുഹൃത്തും അറസ്റ്റിൽ. ചന്ദനത്തോപ്പ് ഇടവട്ടം രഞ്ജു മന്ദിരത്തിൽ അച്ചു (30), എറണാകുളം പച്ചാളം ഓർക്കിഡ് ഇന്റർനാഷണൽ അപ്പാർട്ട്‌മെന്റിൽ സിന്ധു (30) എന്നിവരെയാണ് കൊല്ലം സിറ്റി ഡാൻസാഫ് സംഘവും ഈസ്റ്റ് പൊലീസും ചേർന്ന് പിടികൂടിയത്.
ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊല്ലം എസ്.എൻ കോളേജിന് സമീപമുള്ള സ്വകാര്യ റെസിഡൻസിയിൽ നിന്ന് ഇവരെ പിടികൂടിയത്. അച്ചുവിന്റെ പക്കൽ നിന്ന് 1.985 ഗ്രാമും രണ്ടാം പ്രതിയായ സിന്ധുവിന്റെ പക്കൽ നിന്ന് 1.884 ഗ്രാമും എം.ഡി.എം.എ പൊലീസ് കണ്ടെടുത്തു. 2023ൽ 88 ഗ്രാമിലധികം എം.ഡി.എം.എ കടത്താൻ ശ്രമിച്ചതിന് ഇരുവരെയും പാലക്കാട് കൊല്ലംകോട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ആഡംബര ജീവിതം നയിക്കാനാണ് ഇരുവരും അന്യസംസ്ഥാനങ്ങളിൽ നിന്ന് എം.ഡി.എം.എ കടത്തിയിരുന്നത്. ജില്ലാ പൊലീസ് മേധാവി കിരൺ നാരായണന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന 'മുക്ത്യോദയം' ലഹരി വിരുദ്ധ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു പരിശോധന. ഈ മാസം ഇതുവരെ 56 കേസുകളിലായി 58 പേരെയാണ് കൊല്ലം സിറ്റി പൊലീസ് പിടികൂടിയത്. ഇവരിൽ നിന്ന് 115.789 ഗ്രാം എം.ഡി.എം.എയും 20.72 കിലോ കഞ്ചാവും 28.38 ഗ്രാം ഹൈബ്രിഡ് കഞ്ചാവും 1.11 ഗ്രാം നൈട്രോസെപാം ഗുളികകളും പിടിച്ചെടുത്തു.
കൊല്ലം എ.സി.പി ഷരീഫിന്റെ മേൽനോട്ടത്തിൽ കൊല്ലം ഈസ്റ്റ് ഇൻസ്‌പെക്ടർ അനിൽ കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ സവിരാജൻ, ഷൈജു, അശോകൻ, സി.പി.ഒമാരായ അനീഷ്, രാഹുൽ, ആദർശ്, വനിത സി.പി.ഒ രാജി എന്നിവരും എസ്.ഐ സായിസേനന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |