കോഴിക്കോട്: കോഴിക്കോട്ടെ ബഹുനില കെട്ടിടങ്ങളിൽ അഗ്നിസുരക്ഷ ഉൾപ്പെടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് ഫയർഫോഴ്സ് കണ്ടെത്തിയത് 18 കൊല്ലം മുമ്പ് മിഠായിത്തെരുവിൽ അഗ്നിബാധ തുടർക്കഥയായപ്പോഴായിരുന്നു. 12 വർഷത്തിനിടെ വലുതും ചെറുതുമായി കോർപ്പറേഷൻ പരിധിയിലുണ്ടായത് മുപ്പത്തഞ്ചിലധികം തീപിടിത്തം. ഇക്കൊല്ലം അഞ്ച് മാസത്തിനിടെയുണ്ടായ വൻ തീപിടിത്തങ്ങൾ നാല്. ഇതിൽ
കോഴിക്കോട് മെഡിക്കൽ കോളേജിലുണ്ടായ രണ്ടെണ്ണവും ഞായാഴ്ചയുണ്ടായ തീപിടിത്തവും പെടും. ഒമ്പത് കൊല്ലം മുമ്പ്, സംസ്ഥാനത്ത് ആദ്യമായി സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്ത ഒരു കെട്ടിടം അടച്ചുപൂട്ടിയതും കോഴിക്കോട്ടാണ്. തുടർന്ന് കെട്ടിടങ്ങളിൽ അഗ്നിസുരക്ഷാ സംവിധാനങ്ങൾ സ്ഥാപിച്ച് തുടങ്ങിയെങ്കിലും പിന്നീട് പലരുമത് മാറ്റി. ഇത് പരിശോധിച്ച് ഉറപ്പാക്കാനും ക്രമക്കേടുകൾ കണ്ടെത്തി നടപടിയെടുക്കാനും ഫയർ ഓഡിറ്റുണ്ടായില്ല.
പ്രശ്നം കോർപ്പറേഷനും ഗൗരവത്തിലെടുത്തില്ല.
അതിനിടെ അനധികൃത നിർമ്മാണങ്ങൾക്ക് കോർപ്പറേഷൻ കുട പിടിച്ചെന്ന ആക്ഷേപവുമുണ്ട്. വർഷങ്ങൾക്കിപ്പുറം കാലിക്കറ്റ് ടെക്‌സ്റ്റൈൽസിലെ തീപിടിത്തത്തിലെത്തി നിൽക്കുമ്പോൾ അനുഭവങ്ങളിൽ നിന്ന് ഒന്നും പഠിച്ചില്ലെന്നാണ് തെളിയുന്നത്. 2007 ഏപ്രിലിൽ മിഠായിത്തെരുവ് മൊയ്തീന്‍ പള്ളി റോഡിലെ പടക്കക്കടയ്ക്ക് തീപിടിച്ച് എട്ട് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 50 കടകള്‍ കത്തി. പിന്നീട് അഗ്നിബാധയുടെ തുടർച്ചയുണ്ടായി. 2024ൽ പാചകവാതകം ചോർന്ന് മുതലക്കുളത്തെ ചായക്കടയ്ക്ക് തീപിടിച്ച് പാചകക്കാരൻ മരിച്ചിരുന്നു.
അന്ന് മിഠായി തെരുവിൽ
മുമ്പ് മിഠായിത്തെരുവിലാണ് കൂടുതൽ തീപിടിത്തമുണ്ടായത്.
2007ൽ കടയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ആറ് കടകൾ കത്തിനശിച്ചു.
2010ൽ രണ്ട് തവണ മിഠായിത്തെരുവില്‍ തീപിടിത്തമുണ്ടായി. 10 കടകള്‍ കത്തിനശിച്ചു.
2015ലുമുണ്ടായ തീപിടിത്തത്തില്‍ നശിച്ചത് 15 കടകൾ.
2019ലും അഗ്നിബാധയുണ്ടായി. കടകളിൽ തീയണയ്ക്കാനുള്ള സംവിധാനമില്ലാത്തതും തെരുവിലെ വൈദ്യുതീകരണത്തിലെ പ്രശ്നങ്ങളും വിനയായി. പിന്നീട് മിഠായി തെരുവ് നവീകരിച്ചതോടെ അഗ്നിശമന സംവിധാനം മെച്ചപ്പെട്ടു.
തീപിടിത്തം പ്രതിവർഷം 2 വീതം
(2020 - 2024 )
ഇക്കൊല്ലം ഇതുവരെ 4
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |