75% തീപിടിത്തവും അവധി ദിവസങ്ങളിൽ
കോഴിക്കോട്: കൃത്യമായ നഗരാസൂത്രണവും ശ്രദ്ധയുമുണ്ടെങ്കിൽ കോഴിക്കോട്ട് തുടർക്കഥയാകുന്ന തീപിടിത്തം ഒഴിവാക്കാമെന്ന് വിദഗ്ദ്ധർ. കാലിക്കറ്റ് ടെക്സ്റ്റെെൽസിലും കോഴിക്കോട് മെഡിക്കൽ കോളേജിലുമുണ്ടായ വൻ തീപിടിത്തങ്ങൾ ജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. രണ്ട് പതിറ്റാണ്ടിനിടെ നാൽപ്പതോളം തീപിടിത്തങ്ങളാണ് കോഴിക്കോട്ടുണ്ടായത്. വർഷങ്ങൾക്ക് മുമ്പ് എട്ട് പേരുടെ മരണത്തിനിടയാക്കിയ മിഠായിത്തെരുവ് തീപിടിത്തത്തെ തുടർന്ന് ഫയർ ഓഡിറ്റ് കർശനമാക്കണമെന്ന് ഫയർഫോഴ്സ് ആവശ്യപ്പെട്ടിരുന്നു. ഇതിൽ വീഴ്ചയുണ്ടായെന്ന് മേയറും സമ്മതിച്ചു. ഈ സാഹചര്യത്തിൽ നിരവധി നിർദ്ദേശങ്ങളാണ് അഗ്നിശമന സേനയും സംഘടനകളും മറ്റും മുന്നോട്ടു വയ്ക്കുന്നത്.
കാണാൻ ഭംഗി, പക്ഷേ അപകടം
ഭംഗിക്കായി കെട്ടിടത്തിന് പുറത്ത് പാനൽ നിർമ്മിക്കരുത്. ഇത് അനധികൃതമാണ്. ജനലുകൾ പൂർണ്ണമായും അടയ്ക്കരുത്. തീപിടിത്തമുണ്ടായാൽ അകത്തു കയറാൻ ജനലുകളാണ് സേനാംഗങ്ങൾ പ്രധാനമായും ഉപയോഗിക്കുക. അടച്ചാൽ പൊളിക്കാൻ സമയമെടുക്കും. ഇത് തീപിടിത്തം രൂക്ഷമാക്കും. കാലിക്കറ്റ് ടെക്‌സ്റ്റൈൽസിലുണ്ടായത് ഇതാണ്.
വേണം ഫയർ സ്റ്റെയർകേസ്
ഫയർ എൻ.ഒ.സി. ആവശ്യമുള്ള കെട്ടിടങ്ങളിൽ ഫയർ സ്റ്റെയർ കേസും മെയിൻ സ്റ്റെയർകേസും പ്രത്യേകം വേണം. തീപിടിത്തമുണ്ടായാൽ രക്ഷാപ്രവർത്തനത്തിനാണ് ഫയർ സ്റ്റെയർകേസ്. ഇത് അടച്ചിടരുത്. പലരും അടച്ചിടുന്നുണ്ട്. സ്ഥാപനങ്ങളിൽ കൂടുതൽ സാധനങ്ങൾ സംഭരിക്കാതിരിക്കുക.
ഒഴിഞ്ഞ സ്ഥലങ്ങൾ കെെയടക്കരുത്
വരാന്തയും ഗോവണിയും ഉൾപ്പെടെ ഒഴിഞ്ഞ സ്ഥലത്തെല്ലാം സാധനങ്ങൾ കൂട്ടിവയ്ക്കരുത്. മുകളിലത്തെ നിലകളിലേക്കുള്ള ഗോവണിക്കടിയിലും വശങ്ങളിലും പടികളിലുമെല്ലാം തുണിക്കെട്ടുകളും മറ്റ് സാധനങ്ങളും പല സ്ഥാപനങ്ങളിലും സൂക്ഷിക്കാറുണ്ട്. കാലിക്കറ്റ് ടെക്‌സ്റ്റൈൽസിലും ഇതായിരുന്നു സ്ഥിതി.
വെെദ്യുതി ഉപകരണങ്ങൾ പരിശോധിക്കണം
ജീവനക്കാർക്ക് ചായയും ഭക്ഷണവുമുണ്ടാക്കുന്നിടത്തുള്ള സ്റ്റൗ, ഇൻഡക്ഷൻ കുക്കർ തുടങ്ങിയവ പ്രത്യേകം പരിശോധിക്കണം. കടയടയ്ക്കും മുമ്പ് എല്ലാം ഓഫാക്കിയെന്ന് ഉറപ്പാക്കണം. ഉപകരണങ്ങൾ ഓൺ ചെയ്ത ശേഷം വെെദ്യുതി പോയാൽ സ്വിച്ചോഫ് ചെയ്യാൻ പലരും മറക്കാറുണ്ട്. വെെദ്യുതി വരുന്നതോടെ പ്രവർത്തിച്ച് തീപിടിത്തമുണ്ടാകാം.
അവധി ദിവസങ്ങളിൽ പ്രത്യേക ശ്രദ്ധ
ഞായറാഴ്ചയുൾപ്പെടെ അവധി ദിവസങ്ങൾക്ക് തലേന്ന് കടയടക്കും മുമ്പ് അയൺ ബോക്സ്, സ്റ്റൗ, ഇൻഡക്ഷൻ കുക്കർ തുടങ്ങി തീപിടിത്തത്തിന് സാദ്ധ്യതയുള്ളവ ഓഫാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. 75ശതമാനം തീപിടിത്തവും അവധി ദിവസങ്ങളിലാണുണ്ടാകുന്നത്. ജീവനക്കാരില്ലാത്തതിനാൽ അവധിദിവസങ്ങളിൽ പതിവുശ്രദ്ധയുണ്ടാകില്ല. കാലിക്കറ്റ് ടെക്‌സ്റ്റൈൽസിൽ ഞായറാഴ്ചയായിരുന്നു തീപിടിത്തം.
മറ്റ് ചില നിർദ്ദേശങ്ങൾ
പ്ളഗിൽ നിന്ന് എക്സ്റ്റൻഷൻ എടുക്കാതിരിക്കുക.
സാധാരണ പ്ളഗിൽ പവർ പ്ളഗ് ഉപയോഗിക്കരുത്.
വയറിംഗും മറ്റും കൃത്യമായി പരിശോധിക്കുക.
കോർപ്പറേഷൻ ഫയർ ഓഡിറ്റ് നിർബന്ധമാക്കുക.
പ്ളാനിലില്ലാത്ത നിർമ്മാണം നടത്താതിരിക്കുക.
" തീപിടിത്ത പ്രതിരോധത്തിൽ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പരിശീലനം നൽകണം. ഇതിന് സ്ഥാപന ഉടമകൾ മുന്നോട്ടുവരണം. "
കെ.എം. അഷ്റഫ് അലി , ജില്ലാ ഫയർ ഓഫീസർ
തീപിടിത്തം: കാരണം ഷോർട്ട് സർക്യൂട്ട്? ആണ്/ അല്ല!
കോഴിക്കോട്: കോഴിക്കോട് പുതിയ ബസ് സ്റ്റാൻ്റിലെ കാലിക്കറ്റ് ടെക്സ്റ്റൈൽസിലുണ്ടായ തീപിടിത്തത്തിൻ്റെ കാരണം ഇപ്പോഴും അജ്ഞാതം! നാല് ദിവസം പിന്നിട്ടിട്ടും വ്യക്തമായ ഒരു സൂചനയുമില്ല. ഫോറൻസിക്, ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ് പരിശോധനകൾ നടന്നെങ്കിലും വ്യത്യസ്ത അഭിപ്രായമാണ് ഇവർക്കുള്ളത്. ഷോർട്ട് സർക്യൂട്ടാകില്ല കാരണമെന്നാണ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൻറെ പ്രാഥമിക നിഗമനം. എന്നാൽ അതിനുള്ള സാദ്ധ്യത തള്ളാനാകില്ലെന്ന് ഫോറൻസിക് വിഭാഗം പറയുന്നു. രാസപരിശോധനയിലൂടെയേ വ്യക്തമാകൂ എന്നാണ് ഫയർഫോഴ്സ് പറയുന്നത്. കാലിക്കറ്റ് ടെക്സ്റ്റൈൽസിലെ ഒന്നാം നിലയിലെ വയറിംഗ് സംബന്ധിച്ച് ഫോറൻസിക് വിഭാഗം വിശദമായി പരിശോധിച്ചു വരികയാണ്. എന്നാൽ രണ്ടാം നിലയിൽ നിന്ന് തീയുണ്ടായെന്നാണ് ഫയർഫോഴ്സ് പറയുന്നത്. ഇവിടെ ഫോറൻസിക് പരിശോധന നടന്നിട്ടില്ല. കോർപ്പറേഷൻ അന്വേഷണ സംഘത്തെ നിയോഗിച്ചെങ്കിലും റിപ്പോർട്ട് സമർപ്പിക്കാൻ വെെകുമെന്നാണ് വിവരം. പ്രാഥമിക റിപ്പോർട്ട് പോലും സമർപ്പിക്കാത്തത് വീഴ്ചയാണെന്ന് ആക്ഷേപമുണ്ട്. അതേസമയം മൂന്നു ദിവസത്തിനകം റിപ്പോർട്ട് നൽകുമെന്നും സൂചനയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |