കോഴിക്കോട്: ഹയർസെക്കൻഡറി പരീക്ഷയിൽ ജില്ലയിൽ 79.81 ശതമാനത്തിന്റെ വിജയത്തിളക്കം. പരീക്ഷയെഴുതിയ 38878 വിദ്യാർത്ഥികളിൽ 31,029 പേർ ഉന്നതപഠനത്തിന് യോഗ്യത നേടി. 3576 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസുണ്ട്. അതേ സമയം കഴിഞ്ഞ തവണത്തേക്കാൾ 58 പേർ കൂടുതൽ പരീക്ഷ എഴുതിയെങ്കിലും വിജയ ശതമാനം ഉയർന്നില്ല. 81.25 ശതമാനമായിരുന്നു കഴിഞ്ഞ തവണ. വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിലും വിജയ ശതമാനം കുറഞ്ഞു. കഴിഞ്ഞ തവണ 70.35 ശതമാനം പേരാണ് വിജയിച്ചതെങ്കിൽ ഇക്കുറി 65.80 ശതമാനമായി കുറഞ്ഞു. 2553 പേർ പരീക്ഷ എഴുതിയതിൽ 1680 പേർ ഉന്നത പഠനത്തിന് അർഹരായിട്ടുണ്ട്. ടെക്നിക്കൽ സ്‌കൂൾ വിഭാഗത്തിൽ 69.44 ശതമാനമാണ് വിജയം. 72 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 50 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യരായി. രണ്ട് പേർക്ക് മാത്രമാണ് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കാൻ സാധിച്ചത്. ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ 58.76 ശതമാനമാണ് വിജയം. 3390 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 1992 പേർ വിജയിച്ചു. 80 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി.
1200ൽ 1200 നേടിയവർ
ജില്ലയിൽ മുഴുവൻ മാർക്കും നേടിയത് 12 പേർ. സയൻസ് വിഷയങ്ങളിൽ 10 പേരും കൊമേഴ്സ് വിഷയങ്ങളിൽ ഒരാളും ഹ്യുമാനിറ്റീസിൽ ഒരാളുമാണ് 1200ൽ 1200 നേടിയത്. സയൻസ് വിഷയങ്ങളിൽ സെെദ കെ റസാക്ക് ( ഗവ.വി.എച്ച്. എസ്.എസ് പയ്യോളി), നഫ്സിയ സി.എം( ഗവ. ജി.എച്ച്.എസ്.എസ് ബാലുശ്ശേരി), ഗൗരി പാർവതി ടി (റഹാമാനിയ എച്ച്.എസ്.എസ് ഫോർ ഹാന്റികാപ്ഡ്), വാണി ലക്ഷ്മി കെ( റഹാമാനിയ എച്ച്.എസ്.എസ് ഫോർ ഹാന്റികാപ്ഡ്), ഇശ പ്രശാന്ത് ( മേമുണ്ട എച്ച്.എസ്.എസ് വില്യാപ്പള്ളി), ദേവനനന്ദ ബി (ഗവ.എച്ച്.എസ്.എസ് നരിക്കുനി), ശ്രീലക്ഷ്മി എസ് (നടുവണ്ണൂർ എച്ച്.എസ്.എസ്), ശ്രിയ പി.ടി (സേവാ മന്ദിർ എച്ച്.എസ്.എസ് രാമനാട്ടുകര), ക്രിസ്റ്റി പോൾ മാത്യു (ഹോളി ഫാമിലി എച്ച്.എസ്.എസ് വെണ്ണപ്പാറ), അംന ഫാത്തിമ( എം.ജെ വി.എച്ച്.എസ്.എസ് വില്യാപ്പള്ളി), കൊമേഴ്സ് വിഷയത്തിൽ ലിയാൻഡ്ര ഷെർലറ്റ് നെല്ലിയാനി( സെൻ്റ് മേരീസ് എച്ച്.എസ്.എസ്, കൂടത്തായി), ഹ്യുമാനിറ്റീസ് വിഷയത്തിൽ അൻവിയ എലിസബത്ത് (സെന്റ് മൈക്കിൾസ് ഗേൾസ് എച്ച്.എസ്.എസ്, വെസ്റ്റ്ഹിൽ)യുമാണ് ഫുൾ മാർക്ക് നേടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |