കോഴിക്കോട്: സംസ്ഥാനത്തെ പൊതു ഇടങ്ങൾ ഭിന്നശേഷി സൗഹൃദമാക്കുമെന്ന സർക്കാർ നിലപാടിനോട് മുഖം തിരിച്ച് കോഴിക്കോട് ടൗൺ ഹാൾ. ലക്ഷങ്ങൾ മുടക്കി നവീകരണം പൂർത്തിയായിട്ടും ഭിന്നശേഷിക്കാർക്ക് ടൗൺഹാളിലെ സ്റ്റേജിൽ കയറാൻ റാമ്പോ മറ്റ് സൗകര്യങ്ങളോ ഇല്ല. പുറമെ നിന്ന് ടൗൺ ഹാളിനകത്തേക്ക് പ്രവേശിക്കാൻ റാമ്പ് ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും സ്റ്റേജിന് താഴെ ഇരിക്കണം. ഒരാഴ്ച മുമ്പ് ടൗൺ ഹാളിൽ നടന്ന സംഗീത പരിപാടിയിൽ പങ്കെടുക്കാനെത്തിയ ഭിന്നശേഷിക്കാരായ നാലുപേർ പരിപാടിയിൽ പങ്കെടുക്കാനാകാതെ മടങ്ങി. ഐ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റും മുഹമ്മദ് റഫി റോയൽ മ്യൂസിക് അക്കാഡമിയും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലാണ് പങ്കെടുക്കാനാവാതെ മടങ്ങേണ്ടി വന്നത്. കഴിഞ്ഞ വർഷം ഇതേ സംഘടന ടൗൺ ഹാളിൽ പരിപാടി സംഘടിപ്പിച്ചപ്പോഴും സമാന സാഹചര്യമായിരുന്നു. അന്ന് വിഷയം കോർപ്പറേഷന്റെ ശ്രദ്ധയിൽപെടുത്തിയപ്പോൾ നവീകരണത്തിൽ ഭിന്നശേഷിക്കാർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നായിരുന്നു ഉറപ്പ് . ടൗൺഹാളിലെ ഫർണിച്ചറുകളും കസേരകളും സ്റ്റേജും മറ്റും ആധുനിക രീതിയിൽ നവീകരിച്ചപ്പോഴും ഭിന്നശേഷിക്കാരുടെ ആവശ്യത്തോട് കോർപ്പറേഷൻ മുഖം തിരിച്ചു.
ജില്ലയിലെ കലാ സാംസ്കാരിക സംഘടനകളുടെ പ്രധാന പരിപാടികൾ നടക്കുന്നത് ടൗൺഹാളിലാണ്. ഭിന്നശേഷി സൗഹൃദമാണെങ്കിലും അബ്ദുറഹിമാൻ മെമ്മോറിയൽ ജൂബിലി ഹാളിന്റെ വാടക സാധാരണക്കാർക്ക് താങ്ങാവുന്നതിനും അപ്പുറമാണ്.
വിഷയം ചൂണ്ടിക്കാട്ടി പ്രസിഡന്റ് കെ.കെ മുഹമ്മദ് സംസ്ഥാന ഭിന്നശേഷി കമ്മിഷണർക്ക് പരാതി നൽകിയിട്ടുണ്ട്.
'' കെട്ടിടത്തിനും അനുബന്ധ സംവിധാനങ്ങൾക്കും കോടികൾ മുടക്കിയപ്പോഴാണ് റാമ്പിന്റെ കാര്യം വിസ്മരിച്ചത്. ഇത് ഭിന്നശേഷിക്കാരോടുള്ള അവഗണനയാണ്. വിഷയം മേയറുടെയും കോർപ്പറേഷൻ സെക്രട്ടറിയുടെയും ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. എത്രയും പെട്ടെന്ന് അനുകൂല തീരുമാനമാണ് പ്രതീക്ഷിക്കുന്നത്.
- കെ.കെ മുഹമ്മദ്, ഐ ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |