കോഴിക്കോട് : അതിവേഗം പുരോഗമിക്കുകയാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണം. മഴയ്ക്കു മുന്നേ പൈലിംഗ് പ്രവൃത്തികൾ തീർക്കാനായിരുന്നു ശ്രമം. 1400 പെെൽ ഫൗണ്ടേഷൻ പില്ലറുകളിൽ 1100 എണ്ണം പൂർത്തിയായി. ഒന്നാം പ്ലാറ്റ്ഫോമിലെ പ്രധാന ടെർമിനലിന്റെ ജോലികൾ പുരോഗമിക്കുകയാണ്. ഇവിടെ 200 പൈലിംഗ് വേണ്ടിടത്ത് 120 എണ്ണം പൂർത്തിയായി. പണി ആരംഭിച്ച് ഒരു വർഷം പൂർത്തിയായപ്പോൾ നിർമാണ പ്രവർത്തനത്തിന്റെ 15 ശതമാനം പൂർത്തിയായതായാണ് റെയിൽവേ അവകാശപ്പെടുന്നത്.
ഒന്നാം പ്ലാറ്റ്ഫോമിലെ കെട്ടിടം പൂർണമായി പൊളിച്ചശേഷമാണ് ആദ്യ ടെർമിനലിന്റെ നിർമാണം നടപ്പാക്കുന്നതെങ്കിൽ നാലാം പ്ലാറ്റ്ഫോം കെട്ടിടം പൊളിക്കാതെയാണ് രണ്ടാമത്തെ ടെർമിനൽ നിർമിക്കുക.
നിലവിലെ നാലാം പ്ലാറ്റ്ഫോമിൽ നിന്ന് 15 മീറ്റർ പടിഞ്ഞാറു ഭാഗത്തേക്കു മാറിയാണ് പുതിയ ടെർമിനൽ ഉയരുന്നത്. ഭാവിയിൽ നിർമിക്കുന്ന റെയിൽ പാതകൾക്ക് ആവശ്യമായ സ്ഥലം വിട്ടുകൊടുത്താണ് പുതിയ ടെർമിനലിന്റെ നിർമാണം. ഇവിടുത്തെ പെെലിംഗ് പ്രവൃത്തികളും പുരോഗമിക്കുകയാണ്. നാലാം പ്ലാറ്റ്ഫോമിനു പുറത്ത് നിർമിക്കുന്ന ക്വാട്ടേഴ്സിന്റെ പെെലിംഗ് പൂർത്തിയായി ബാക്കി ജോലികൾ ആരംഭിച്ചു. റെയിൽവേ സ്റ്റേഷൻ ഓഫീസ് ആവശ്യങ്ങൾക്കായി മറ്റൊരു കെട്ടിടവും നിർമ്മിക്കുന്നുണ്ട്. 46 ഏക്കറിൽ 450 കോടിയുടെ നിർമാണ പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. 2027 ജൂൺ ഒന്നാണ് കരാർ കാലാവധി. സേലം ആസ്ഥാനമായ റാങ്ക് പ്രോജക്ട്സ് ആൻഡ് ഡെവലപ്പേഴ്സിനാണ് നിർമാണ ചുമതല.
-- ഇനി 2, 3 പ്ലാറ്റ്ഫോമുകളിലേക്ക്
റെയിൽവേ സ്റ്റേഷനിലെ 2, 3 പ്ലാറ്റ്ഫോമുകളിലെ എയർ കോൺകോഴ്സ് (സ്കൈ ലോബി)
സജ്ജീകരിക്കുന്ന ഭാഗത്തെ കെട്ടിടങ്ങൾ ഉടൻ പൊളിച്ചുതുടങ്ങും. എയർ കോൺകോഴ്സിന്റെ പൈലിംഗ് ആരംഭിക്കാനാണ് കെട്ടിടങ്ങൾ പൊളിക്കുന്നത്. ഈ രണ്ട് പ്ലാറ്റ്ഫോമിലും പുതിയ കെട്ടിടങ്ങൾ വരുന്നില്ലെന്ന സവിശേഷതയുമുണ്ട്. മൾട്ടി ലവൽ കാർ പാർക്കിംഗ് പ്ലാസകളിൽ പടിഞ്ഞാറുഭാഗത്തെയും കിഴക്ക് ഭാഗത്തെയും പെെലിംഗ് പൂർത്തിയായി.
-- റെയിൽവേ ഹെൽത്ത് യൂണിറ്റ് ആഗസ്റ്റിൽ
റെയിൽവേ ആശുപത്രിയായ ഹെൽത്ത് യൂണിറ്റ് നിർമാണം അവസാനഘട്ടത്തിലാണ്. ആഗസ്റ്റോടെ പൂർത്തിയാകും.
പ്ലാസ്റ്ററിംഗ് പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ജൂലായ് മാസത്തോടെ ഹെൽത്ത് യൂണിറ്റിന്റെ നിർമാണം പൂർത്തിയാകുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ സ്റ്റേഷൻ സന്ദർശിച്ചപ്പോൾ പറഞ്ഞിരുന്നു.
-- പെെലിംഗ് 80 ശതമാനം പൂർത്തിയായി
-- ഇനി രണ്ടാംഘട്ടം, 15 ശതമാനം പൂർത്തിയായി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |