മാവൂർ: വ്യാപകമായി മാലിന്യം നിക്ഷേപിക്കുന്ന ഇടമായി മാറി മാവൂർ. അപൂർവ ഇനത്തിൽ പെട്ട ദേശാടനകിളികൾ ഉൾപ്പടെ എത്തുന്ന തണ്ണീർ തടവും കൃഷിയിടങ്ങളും മലിനമായതായി നാട്ടുകാർ പറയുന്നു. കഴിഞ്ഞ വിഷു ദിനത്തിൽ രാത്രിയിൽ മാവൂർ - കോഴിക്കോട് റോഡിൽ തണ്ണീർ തടത്തിൽ കക്കുസ് മാലിന്യം തള്ളിയിരുന്നു. അതിന്റെ തുടർച്ചയെന്നോണം കഴിഞ്ഞ ദിവസം മാവൂർ കുറ്റികടവിലെ ജനവാസ കേന്ദ്രത്തിൽ കക്കൂസ് മാലിന്യം തള്ളിയിരുന്നു. വൈത്തനാരി പറമ്പിലെ വെള്ളം കെട്ടിനിൽക്കുന്ന വയലോരത്താണ് വലിയതോതിൽ കക്കൂസ് മാലിന്യം തള്ളിയത്. മാലിന്യം വാഹനത്തിൽ നിന്നും റോഡിലും വീണതിനാൽ പ്രദേശത്ത് ഉണ്ടായ അസഹനീയമായ ദുർഗന്ധമുണ്ടാവുകയായിരുന്നു. നാട്ടുകാർ നടത്തിയ പരിശോധനയിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ കുഴിയെടുത്ത് സ്ഥിരമായി മാലിന്യം മുടുകയാണെന്ന് മനസിലാക്കി. ഈ പരിസരത്ത് തന്നെയാണ് കുടിവെള്ള പദ്ധതിയുടെ കിണറുള്ളത് ഇവിടെ ഇറച്ചി കോഴിമാലിന്യം,ഹോട്ടൽ മാലിന്യം കെട്ടിടാവശിഷ്ടങ്ങൾ, കക്കൂസ് മാലിന്യം മറ്റു അവശിഷ്ടങ്ങൾ രാത്രികാലങ്ങളിൽ തള്ളുന്നുണ്ടെന്നും ഇങ്ങനെ വയൽ നികത്തുകയാണെന്നും നാട്ടുകാർ പറഞ്ഞു.
ചെറുപുഴയിലും മാലിന്യം
കുറ്റികടവ് പ്രദേശത്തോട് ചേർന്ന് പോകുന്ന ചെറുപുഴയിലും മാലിന്യം തള്ളിയത് കാരണം വെള്ളത്തിന് നിറം മാറ്റം സംഭവിച്ചിട്ടുണ്ട്. ചെത്തുകടവ് ഭാഗത്തു നിന്ന് വെള്ളം ശേഖരിച്ച് നടത്തിയ പരിശോധനയിൽ വർദ്ധിത അളവിൽ കോളിഫോം ബാക്ടീരിയ കണ്ടെത്തിയിട്ടുണ്ട്. മുൻ വർഷങ്ങളിൽ പുഴയിൽ ബ്ലൂ ഗ്രീൻ ആൽഗയുടെ സാന്നിദ്ധ്യം ക ണ്ടെത്തിയിരുന്നു. ഇതിന്റെ സാന്നിദ്ധ്യവും പുഴയിൽ വർദ്ധിച്ചിട്ടുണ്ട്. പുഴയുടെ പല ഭാഗങ്ങളിലായി വൻതോതിൽ മാലിന്യങ്ങളും അടിഞ്ഞു കൂടിയത് കാണാം. പുഴ വെള്ളത്തെ ആശ്രയിച്ച് ഒട്ടേറെ കുടിവെള്ള പദ്ധതികളും ജലസേചന പദ്ധതികളുമുണ്ട്. ഇതിൽ അതികൃതർ നടപടിയെടുക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്. കുറ്റികടവിൽ മാലിന്യം തള്ളിയവർക്കെതിരെ രണ്ട് ദിവസത്തിന് ശേഷമാണ് ഗ്രാമപഞ്ചായത്ത് പൊലീസിൽ പരാതി നൽകിയത് ആരോപണമുണ്ട്.
"മാവൂർ പഞ്ചായത്ത് മാലിന്യമുക്തമാക്കുന്നതിന് തീവ്ര ശ്രമം പഞ്ചായത്ത് നടത്തുമ്പോൾ അതിനെ തകർക്കാൻ ശ്രമിക്കുന്ന സാമൂഹിക വിരുതർക്കെതിരെ ശക്തമായ നിയമ നടപടിയുമായി മുന്നോട്ട് പോവും "
ടി. അബ്ദുൽ ഖാദർ, വാർഡ് മെമ്പർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |