@ നിർമ്മാണം അശാസ്ത്രീയമെന്ന് ആക്ഷേപം
കോഴിക്കോട്: വെങ്ങളം മുതൽ അഴിയൂർ വരെയുള്ള ദേശീയപാത നിർമ്മാണത്തിലെ അശാസ്ത്രീയതയിൽ യാത്രാദുരിതം രൂക്ഷം. ഗതാഗത തടസമാണ് പ്രധാന പ്രശ്നം. നിർമ്മാണം നടക്കുമ്പോൾ യാത്രക്കാർക്ക് സുഗമമായി സഞ്ചരിക്കാൻ സൗകര്യമൊരുക്കണമന്ന് വ്യവസ്ഥയുണ്ടെങ്കിലും കരാറുകാർ പാലിക്കുന്നില്ലെന്നാണ് ആക്ഷേപം. ഇത് അപകടങ്ങൾക്ക് കാരണമാകുന്നു. കുഴിയിൽ പെട്ടും മറ്റും പലർക്കും ഗുരുതരമായി പരിക്കേറ്റു. പലരും മരിച്ചു. 500ലധികം പേർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടാകുമെന്നാണ് നാട്ടുകാർ പറയുന്നത്. ഒരു ദിവസം പോലും ഗതാഗത തടസമില്ലാതെ യാത്ര ചെയ്യാനാകാത്ത സ്ഥിതിയാണ്.
വാഹനങ്ങൾക്ക് കേടുപാടുണ്ടാകുന്നതാണ് മറ്റൊരു പ്രശ്നം. ഇവ നന്നാക്കാൻ ഉടമകൾക്ക് പണച്ചെലവുമുണ്ടാകുന്നു. മഴയെ തുടർന്ന് സർവീസ് റോഡിന്റെ സ്ഥിതിയും മോശമാണ്. പലയിടങ്ങളിലും കുഴികളും വെള്ളക്കെട്ടുമാണ്. സ്ലാബുകളിൽ പലതും തകർന്നു. പണി പൂർത്തിയായെന്ന് പറയുന്ന മൂരാട് പാലത്തിന്റെ അപ്രോച്ച് റോഡ് നിരപ്പില്ലാത്തതാണ്. ഇവിടെയും വെള്ളക്കെട്ടാണ്. കോൺക്രീറ്റ് ചെയ്തിട്ടും ഗതാഗതം സുഗമമല്ല.
ദുരിതം പേറുന്നവർ നിരവധി
ഗതാഗത തടസം കാരണം കൃത്യസമയത്ത് വിമാനത്താവളത്തിൽ എത്താൻ കഴിയാതെ തൊഴിൽ പ്രശ്നങ്ങളുണ്ടായവർ നിരവധിയാണ്. യാത്ര മുടങ്ങിയവരുമുണ്ട്. അഭിമുഖത്തിന് എത്താൻ വൈകിയതിനെ തുടർന്ന് അവസരം നഷ്ടപ്പെട്ട ഉദ്യോഗാർത്ഥികൾ പോലുമുണ്ടെന്ന് നാട്ടുകാർ പറയുന്നു. രോഗികളുമായി പോകുന്ന ആംബുലൻസും കുരുക്കിൽ പെടുന്നത് പതിവാണ്. അധികൃതർക്ക് പരാതി നൽകിയിട്ടും കാര്യമായ നടപടിയില്ലെന്ന ആക്ഷേപമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |