സീതാദേവിയെ അന്വേഷിച്ച് രാമലക്ഷ്മണന്മാർ കിഷ്കിന്ധയിലെത്തുന്ന വേളയിലാണ് രാമായണത്തിൽ ഹനുമാൻ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ബാലിയെ ഭയന്ന് ഋശ്യമൂകാചലത്തിൽ സുഗ്രീവാദികൾ വസിക്കുന്ന കാലം. ദൂരെ നിന്ന് നടന്നുവരുന്ന ആയുധധാരികളായ രണ്ടു മുനികുമാരന്മാർ തങ്ങളുടെ ശത്രുക്കളാണോ മിത്രങ്ങളാണോ എന്ന് തിരിച്ചറിഞ്ഞുവരാൻ സുഗ്രീവൻ ബുദ്ധിപൂർവം നിയോഗിക്കുന്നത് തന്റെ മന്ത്രിസത്തമനായ ഹനുമാനെയാണ്. സുഗ്രീവന് ഹനുമാന്റെ അസമാനമായ കഴിവിനെക്കുറിച്ചുള്ള ഉത്തമവിശ്വാസം ഇവിടെ തെളിയുന്നുണ്ട്. ബ്രഹ്മചാരീരൂപത്തിൽ രാമലക്ഷ്മണന്മാരുടെ അടുത്തെത്തി, മധുരവും ഹൃദ്യവുമായ വാക്കുകളാൽ അവർ ആരാണെന്നും എന്താണ് ലക്ഷ്യമെന്നും ഹനുമാൻ വിനയപൂർവം അന്വേഷിക്കുന്നുണ്ട്. ആദ്യ കൂടിക്കാഴ്ചയിൽത്തന്നെ ശ്രീരാമഹൃദയത്തിൽ ഹനുമാനോട് സവിശേഷമായ സ്നേഹം രൂപപ്പെടുന്നു. ഇതിന് മൂലകാരണമായത് തെളിഞ്ഞതും സംസ്കാര ക്രമസമ്പന്നവുമായ ഹനുമാന്റെ ഭാഷാപ്രയോഗ പ്രാവീണ്യമായിരുന്നു. ആശയപ്രകാശനത്തിന് ഏറ്റവും ഉചിതമായ വാക്കുകൾ സംവിധാന സൗന്ദര്യത്തോടെ ഉച്ചരിക്കുന്നതിൽ ഹനുമാനോളം പ്രാവീണ്യം മറ്റാർക്കുമില്ലെന്ന് ശ്രീരാമചന്ദ്രൻ ലക്ഷ്മണനോട് പറയുന്നുമുണ്ട്.
"പശ്യ സഖേ വടുരൂപിണം ലക്ഷ്മണ!
നിശ്ശേഷ ശബ്ദശ്ശാസ്ത്രമനേന ശ്രുതം
ഇല്ലൊരപശബ്ദമെങ്ങുമേ വാക്കിങ്കൽ
നല്ല വൈയാകരണൻ വടുനിർണയം" (അദ്ധ്യാത്മരാമായണം കിളിപ്പാട്ട്, കിഷ്കിന്ധാകാണ്ഡം വരി 77-80).
ഒരാളുടെ ഹൃദയസംസ്കാരത്തെ തിരിച്ചറിയാനുള്ള ഏറ്റവും സുഗമമായ മാർഗം ആ വ്യക്തിയുടെ വാക്കുകളാണ്. കേൾക്കാൻ ഇമ്പമുള്ള, നല്ല വാക്കുകൾ പറയുന്നവരെ സമൂഹം ആദരവോടെ നോക്കിക്കാണുമല്ലോ. സംഭാഷണ വേളയിൽ ഹനുമാന്റെ വായ, കണ്ണുകൾ, നെറ്റി, പുരികങ്ങൾ, മറ്റ് അവയവങ്ങൾ എല്ലാം ഒരു ദോഷവും പ്രകടിപ്പിക്കുന്നില്ലെന്നും ഭാഷയിൽ ശുഭലക്ഷണങ്ങൾ പൂർണമായും ദൃശ്യമാണെന്നും ശ്രീരാമൻ നിരീക്ഷിക്കുന്നുണ്ട്. "ഹൃദയം, കണ്ഠം, മൂർദ്ധാവ് എന്നീ സ്ഥാനങ്ങളിൽ നിന്ന് പുറപ്പെട്ട് സ്പഷ്ടമായി അഭിവ്യക്തമാകുന്ന ഇയാളുടെ ആശ്ചര്യജനകമായ വാക്കുകൾ കേട്ടാൽ ആർക്കാണ് ചിത്തപ്രസാദം ഉണ്ടാകാത്തത്! കൊല്ലാൻ വാളുയർത്തി നിൽക്കുന്ന ശത്രുവിന്റെ ഹൃദയത്തിന് പോലും സാന്ത്വനമരുളുവാൻ സമർത്ഥമാണ് ഈ വാഗ്വൈഭവം" എന്നും ശ്രീരാമൻ പ്രശംസിക്കുന്നുണ്ട്. അക്ഷരസ്ഫുടത , ഉച്ചാരണശുദ്ധി, ധ്വനിസാന്ദ്രത, വർണോച്ചാരണനിയമ നിഷ്കർഷ എന്നിത്യാദി സംസാരഭാഷയുടെ ഗുണ വിശേഷങ്ങൾ അളക്കാനുള്ള യന്ത്രോപകരണങ്ങൾ നിലവിലില്ലാതിരുന്ന കാലഘട്ടത്തിലാണ് ശ്രീരാമന്റെ സുചിന്തിതമായ ഈ വിലയിരുത്തൽ എന്നു കൂടി ഓർക്കണം.
(കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് മലയാള ഗവേഷണ വിഭാഗം തലവനാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |