കിളിമാനൂർ: സാധാരണക്കാർക്ക് ആശ്രയവും അഭ്യസ്തവിദ്യർക്കൊരു തൊഴിലെന്ന നിലയിലും ഗ്രാമങ്ങളിൽ ആരംഭിച്ച അക്ഷയ സെന്ററുകളുടെ നിലനിൽപ്പ് ആശങ്കയിൽ. സർവീസ് ചാർജ് വർദ്ധനവുമായി ബന്ധപ്പെട്ട ഹർജി ഹൈക്കോടതി തള്ളിയതോടെ അക്ഷയകേന്ദ്രങ്ങളുടെ നിലനിൽപ്പ് പ്രതിസന്ധിയിലാകുമെന്ന് സംരംഭകർ. 7 വർഷം മുമ്പ് നിശ്ചയിച്ച സർവീസ് ചാർജാണ് ഇപ്പോഴും ഈടാക്കുന്നത്. അക്ഷയ സെന്റർ പ്രവർത്തിക്കുന്ന കെട്ടിടവാടക, വൈദ്യുതി ചാർജ്, ഇന്റർനെറ്റ്, ജീവനക്കാരുടെ വേതനം തുടങ്ങിയ എല്ലാ ചെലവുകളും സംരംഭകർ സ്വന്തമായി വഹിക്കണം. ആധാർ എൻറോൾമെന്റ്, ആധാറിലെ തിരുത്തലുകൾ, പാസ്‌പോർട്ട് അപേക്ഷകൾ തുടങ്ങിയ സേവനങ്ങൾക്ക് മാത്രമാണ് ഭേദപ്പെട്ട സർവീസ് ചാർജ് ലഭിക്കുന്നത്.
സർവീസ് ചാർജില്ലാതെ
നടത്തിക്കൊണ്ടു പോകാനാവില്ല
ഒരു സെന്ററിൽ കുറഞ്ഞത് 5 കമ്പ്യൂട്ടർ, ഒരു സ്കാനർ, കളർ പ്രിന്റർ, ഫോട്ടോസ്റ്റാറ്റ് മെഷീൻ, സി.സി.ടി.വി തുടങ്ങിയവ നിർബന്ധമാണ്. ഇതിനെല്ലാം കുറഞ്ഞത് 12 ലക്ഷംരൂപയെങ്കിലും ചെലവുവരും.ഈ സാഹചര്യത്തിൽ സർവീസ് ചാർജില്ലാതെ അക്ഷയകേന്ദ്രങ്ങൾ നടത്തിക്കൊണ്ടുപോകാനാവില്ലെന്ന് സംരംഭകർ പറയുന്നു.ആധാർ എൻറോൾമെന്റിന് ഗുണഭോക്താക്കളിൽ നിന്ന് ഫീസീടാക്കുന്നില്ല. ഓരോ എൻറോൾമെന്റിനും 100 രൂപ വീതം കേന്ദ്രസർക്കാരാണ് നൽകുന്നത്. അതുപോലെ പാസ്‌പോർട്ട് അപേക്ഷയ്ക്ക് 100 മുതൽ 200രൂപവരെയും ചാർജ് ഈടാക്കും.
മസ്റ്ററിംഗ് ചാർജ് - 30 രൂപ
പാസ്‌പോർട്ട് അപേക്ഷയ്ക്ക് - 100 - 200രൂപ
മസ്റ്ററിംഗിനായി യാത്ര ചെയ്യണം
കൂടുതൽ അപേക്ഷകരെത്തുന്നത് പെൻഷൻ മസ്റ്ററിംഗിനാണ്. അക്ഷയകേന്ദ്രത്തിൽ നേരിട്ടെത്തി മസ്റ്ററിംഗ് നടത്തുമ്പോൾ 30 രൂപയാണ് സർവീസ് ചാർജ്. ഗുണഭോക്താക്കളുടെ വീടുകളിലെത്തി മസ്റ്ററിംഗ് നടത്തുന്നതിന് നിയമപ്രകാരം ഈടാക്കാവുന്നത് 50 രൂപയാണ്. ഗ്രാമീണ മേഖലയിൽ കിലോമീറ്ററുകൾ യാത്ര ചെയ്തുവേണം വീടുകളിലെത്തി മസ്റ്ററിംഗ് നടത്താൻ. അത്തരം കേസുകളിൽ 50 രൂപയെന്നത് തീരെ അപര്യാപ്തമാണ്. യാത്രാച്ചെലവ് തന്നെ പലമടങ്ങ് വേണ്ടിവരും.
യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് അക്ഷയ സംരംഭകർക്ക് ഓണം അലവൻസായി 1000രൂപ അനുവദിച്ചിരുന്നതൊഴിച്ചാൽ സംസ്ഥാന സർക്കാരിൽ നിന്ന് യാതൊരാനുകൂല്യവും ഇതുവരെ ലഭിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |