സംഭാഷണ കലയുടെ മർമ്മമറിഞ്ഞ ഹനുമാൻ വാക്കിന്റെ മൂല്യവും അർത്ഥത്തിന്റെ ശക്തിയും സൂക്ഷ്മതലത്തിൽ ഗ്രഹിച്ചിരുന്നു. മിതവും സാരവുമായി സംസാരിക്കുന്നവനാണല്ലൊ വാഗ്മി. (മിതം ച സാരം ച വചോഹി വാഗ്മിതാ- ശ്രീഹർഷൻ നൈഷധീയ ചരിതം 9-8) ഹനുമാൻ പരിപൂർണനായ വാഗ്മിയായിരുന്നു. ബഹുഭാഷാ പണ്ഡിതനായ ഹനുമാൻ, വചോ യുക്തിപടുവുമായിരുന്നു. അശോകവനികയിൽ സീതാദേവി ഇരിക്കുമ്പോൾ ഔചിത്യപൂർവം രാമകഥ, കീർത്തന രൂപത്തിൽ കാര്യമാത്രപ്രസക്തമായി അവതരിപ്പിക്കുന്ന ഹനുമാനെ സുന്ദരകാണ്ഡത്തിൽ കാണാം. വിദ്വജ്ജനങ്ങൾ ഉപയോഗിച്ചുവന്നിരുന്ന സംസ്കൃതഭാഷയ്ക്ക് പകരം സാധാരണമായ മനുഷ്യഭാഷയിലാണ് സീതയെ സമാശ്വസിപ്പിച്ചു കൊണ്ട് ഹനുമാൻ സംസാരിച്ചത്. ശ്രീരാമന്റെ ധർമ്മപത്നിയായ സീതാദേവിയുടെ ശ്രദ്ധയാകർഷിക്കുവാനും ദുഃഖമകറ്റാനും രാമകഥാഖ്യാനം വഴി മാത്രമേ സാധിക്കൂവെന്ന് മനശ്ശാസ്ത്രപടുവായ ഹനുമാൻ മനസിലാക്കിയിരുന്നു.
ഹനുമാന്റെ ഭാഷാചാതുര്യം സീതയും തിരിച്ചറിയുന്നുണ്ട്. " ഋത മൃജുമൃദുസ്ഫുടവർണ വാക്യം തെളിഞ്ഞിങ്ങനെ ചൊല്ലുന്നവർ കുറയും തുലോം" എന്ന സീതാവചനം ഇതിന് തെളിവാണ്. ശ്രോതാക്കൾ ആഗ്രഹിക്കുന്ന വിധം ഔചിത്യബുദ്ധിയോടെ കാര്യങ്ങൾ ക്രമീകരിച്ചു ഹിതചിന്തയോടെ പറയുവാൻ വക്താവ് എപ്പോഴും ശ്രദ്ധിക്കണം. ശ്രോതാവിന് പറയാനുള്ളത് കേൾക്കാനുള്ള ക്ഷമയുമുണ്ടാകണം. ഹനുമാൻ ഈ മിടുക്ക് എപ്പോഴും കാട്ടിയിട്ടുണ്ട്. മധുരമായി പറയുവാൻ മാത്രമല്ല, സന്ദർഭോചിതമായും ഋജുവായും വിഷയങ്ങൾ വിവരിക്കുവാനും ശ്രദ്ധിച്ചിരുന്നു. ശ്രീരാമാദികളോടും വാനരമുഖ്യന്മാരോടും രാക്ഷസന്മാരോടും മൈനാകപർവതത്തോടും മഹർഷിവര്യന്മാരോടും സുരസയോടും സിംഹികയോടും ലങ്കാലക്ഷ്മിയോടും ഹനുമാൻ നടത്തിയ ആശയവിനിമയരീതിയും ഭാഷാപ്രയോഗത്തിന്റെ വൈവിദ്ധ്യവും ആശയവിനിമയ കലയുടെ ഉത്തമപാഠങ്ങളാണ്.
ഉത്കണ്ഠ ശമിപ്പിച്ച വാഗ്മി
സീതയെ അന്വേഷിച്ച് മടങ്ങിവരുന്ന ഹനുമാനെ കാത്ത് സമുദ്രത്തിന്റെ വടക്കേക്കരയിൽ ഉത്കണ്ഠാകുലരായി നിലകൊണ്ട ജാംബവാദികളോട് താൻ സീതാദേവിയെ കണ്ടുവെന്ന് ആദ്യമേ പറഞ്ഞ് അവരുടെ ആകാംക്ഷയ്ക്കും ഉത്കണ്ഠയ്ക്കും ഹനുമാൻ ക്ഷിപ്രശമനം വരുത്തി. സീതയെ താൻ കണ്ട കാര്യം ശ്രീരാമനോട് ഉണർത്തിയപ്പോഴും ഹനുമാൻ ഇതേ ഔചിത്യം ദീക്ഷിക്കുന്നുണ്ട്. പറയാനുള്ളത് വെടിപ്പോടെ പറയാൻ നാം മനസിരുത്തണം. പറയേണ്ടതു പറയേണ്ടപോലെ പറയാതിരിക്കുന്നവരുടെയും പറയേണ്ട വിഷയത്തിൽ നിന്ന് വ്യതിചലിച്ച് ശ്രോതാക്കളുടെ വിലപ്പെട്ട സമയം വ്യർത്ഥമാക്കുന്നവരുടെയും പരത്തിപ്പരത്തിപ്പറഞ്ഞ് കേട്ടിരിക്കുന്നവരിൽ വിരസതയുണ്ടാക്കുന്നവരുടെയും എണ്ണം ഭയാനകമാംവിധം വർദ്ധിക്കുകയാണല്ലൊ. ആർദ്രതയും കാർക്കശ്യം വേണ്ടിടത്ത് അവ സമർത്ഥമായി സന്നിവേശിപ്പിച്ച് ആശയവിനിമയത്തെ സർഗാത്മകമായി വിനിയോഗിച്ച ഹനുമാനെ ഭാഷയിൽ പുലരുന്നവർ ആദരപൂർവം നോക്കിക്കാണണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |