രാമായണം ഇതിഹാസം മാത്രമല്ല. ഭാരതത്തിന്റെ പൈതൃകത്തെ കാത്തുസൂക്ഷിക്കുന്ന ശീലുകളാണ്. ആ ഇതിഹാസങ്ങളാണ് ഭാരതത്തെ അതിന്റെ അന്തസത്ത നിലനിറുത്താൻ സഹായിക്കുന്നത്. രാമായണത്തിലെ ഉപകഥകളും സംഭവങ്ങളും നൽകുന്ന പാഠങ്ങൾ മഹത്തരമാണ്. നമ്മുടെ ചുറ്റും ഒരുപാട് കൈകേയിമാരുണ്ട്, രാവണപ്പടകളുമുണ്ട്. പക്ഷേ, അവരെ നമുക്ക് തിരിച്ചറിയാനാകുന്നില്ല. അവിടെയാണ് ഏറ്റുമുട്ടലും മാനസിക സംഘർഷങ്ങളുമുണ്ടാകുന്നത്, മനസ് അശാന്തമാകുന്നത്. സമൂഹം അസ്വസ്ഥമാകുന്നത്.
രാവണനെന്ന ശക്തിമാനായ രാക്ഷസന് സീതാദേവിയെ അപഹരിക്കാൻ ഒരു ലക്ഷ്മണ രേഖയും തടസമായിരുന്നില്ല. എന്നിട്ടും വാല്മീകി നമുക്ക് പറഞ്ഞു തരുന്നു, ജീവിതത്തിലെ ലക്ഷ്മണരേഖയും അത് ഭേദിച്ചാലുള്ള ദുരന്തങ്ങളും. പുള്ളിമാന്റെ വേഷത്തിലെത്തിയ മാരീചനു പുറകെ പോയതാണല്ലോ രാമനും പിന്നീട് ലക്ഷ്മണനും സീതയുടെ സമീപത്ത് നിന്ന് മാറാൻ കാരണം. ഒന്നിലും ആകൃഷ്ടമായി ഭ്രമിക്കരുതെന്ന വലിയ സന്ദേശമാണിത്.
മന്ഥരയുടെ അന്തപ്പുര മന്ത്രത്തിൽ വീണുപോകും വരെ കൈകേയി ദശരഥന്റെ മാതൃകാ പത്നിയായിരുന്നു. തന്റെ പത്നിമാരിൽ ദശരഥ മഹാരാജാവിന് ഏറ്റവും പ്രിയപ്പെട്ടവളായിരുന്നു. പക്ഷേ, ചില കുടില മനസുകളുടെ മന്ത്രണങ്ങൾ ശുദ്ധമനസുകളെയും താളം തെറ്റിക്കുമെന്നും രാമായണം പഠിപ്പിക്കുന്നു. അധികാരത്തിനും സമ്പത്തിനും വേണ്ടി രക്തബന്ധങ്ങളും സ്നേഹബന്ധങ്ങളും മറക്കുന്ന പുതിയ കാലത്തിന്റെ പരിഛേദത്തെ നമുക്ക് മുന്നിൽ തുറന്നിടുകയാണ് കൈകേയിയിലൂടെ വാല്മീകി.
സീതാപഹരണം നടത്തിയ രാവണൻ സീതയെ കൊണ്ടുപോകുന്നത് പുഷ്പക വിമാനത്തിലാണ്, ഇന്നത്തെ അപഹർത്താക്കൾ ചെയ്യുന്ന പോലെ കാട്ടിലൂടെ വലിച്ചിഴയ്ക്കുകയോ ദ്രോഹിക്കുകയോ ചെയ്തില്ല. രാവണനിലും സത്യമുണ്ടായിരുന്നു, നേരിന്റെ തരിയുണ്ടായിരുന്നു. ഭഗവാന്റെ അവതാരമായ രാമന് ലങ്കയിൽ കടന്ന് സീതയെ മോചിപ്പിക്കൽ അത്ര പ്രയാസമുള്ള കാര്യമായിരുന്നില്ല. രാക്ഷസനായ രാവണന് പുഷ്പക വിമാനമുണ്ടെങ്കിൽ ദേവാവതാരമായ ശ്രീരാമന് ഒരു വിമാനം അപ്രാപ്യമല്ല. എന്നിട്ടും രാമൻ ലങ്കയിലെത്താൻ സ്വയം പ്രയത്നിക്കുകയാണ്, വാനര സേനയുടെ സഹായം തേടുകയാണ്, കിട്ടാവുന്ന എല്ലാ സഹായങ്ങളും തേടുന്നുമുണ്ട്. ഇവരൊന്നും രാമനെ സഹായിക്കുന്നത് രാമന്റെ അനുഗ്രഹത്തിന് വേണ്ടിയല്ല, അപഹരിക്കപ്പെട്ടത് ഒരു സ്ത്രീയാണ് എന്ന ചിന്തയിലാണ്. ഇതെല്ലാം വരാൻ പോകുന്ന കാലത്തെ ഒരുപാട് യുഗങ്ങൾക്ക് മുന്നേ നോക്കിക്കണ്ട വാല്മീകി എന്ന മുനിവര്യന്റെ വിരൽത്തുമ്പിൽ നിന്നും ഉതിർന്നതാണ്. അതുകൊണ്ടാണ് രാമായണം ഭാരത ഇതിഹാസമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |