കോഴിക്കോട്: ' ഭദ്രൻ ഡോക്ടറുണ്ടെങ്കിൽ പ്രസവത്തിന് ഭയക്കേണ്ടെന്ന് മലബാറിലെ പെണ്ണുങ്ങൾ പറഞ്ഞൊരു കാലമുണ്ടായിരുന്നു. ചികിത്സക്കെത്തുമ്പോഴും പ്രസവമുറിയിലേക്ക് കടന്നുവരുമ്പോഴും അദ്ദേഹത്തിന്റെ പുഞ്ചിരിക്കുന്ന മുഖം മതി സുഖപ്രസവത്തിന്. അത്രമേൽ പ്രിയമായിരുന്നു ഇന്നലെ വിടവാങ്ങിയ ഡോ.എസ്.ഭദ്രനോട് മലബാറിന്, വിശേഷിച്ച് കോഴിക്കോടിന്. 83ാം വയസിൽ അദ്ദേഹം കടന്നുപോകുമ്പോൾ മരണത്തിന് 25ദിവസം മുമ്പുവരെ സ്വകാര്യ ആശുപത്രിയിൽ സജീവ സാന്നിദ്ധ്യമായിരുന്നു. ഒരു ഗൈനക്കോളജിസ്റ്റിനപ്പുറം ഇൻഫെർട്ടിലിറ്റി സ്‌പെഷ്യലിസ്റ്റുകൂടിയായിരുന്നു ഡോ.ഭദ്രൻ. വർഷങ്ങളോളം ചികിത്സ നടത്തിയിട്ടും കുഞ്ഞുങ്ങളില്ലാതെ പോയ ദമ്പതികൾക്ക് കുഞ്ഞുങ്ങളെ സമ്മാനിച്ച ഡോക്ടർ.
കോഴിക്കോട് ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി നിരവധി കുഞ്ഞുങ്ങളാണ് ഡോ. ഭദ്രന്റെ കൈകളിലൂടെ പിറന്നുവീണത്. ഒരു കുടുംബത്തിലെ തന്നെ രണ്ടും മൂന്നും തലമുറകളുടെ പ്രസവം കൈകാര്യം ചെയ്യാനായ അപൂർവം ഡോക്ടർമാരിലൊരാളായിരുന്നു അദ്ദേഹമെന്ന് ഡോ. എ.കെ മുരളീധരൻ ഓർത്തു. മെഡിക്കൽ വിദ്യാർത്ഥികളുടെ മനസിൽ ചിരപ്രതിഷ്ഠ നേടിയ അദ്ധ്യപകൻ കൂടിയായിരുന്നു അദ്ദേഹം. ഒരിക്കലും ഒരു വിദ്യാർത്ഥിയെയും വഴക്കുപറയുന്ന സ്വഭാവം അദ്ദേഹത്തിനുണ്ടായിരുന്നില്ലെന്നും ഡോ. എ.കെ മുരളീധരൻ ഓർക്കുന്നു. മികച്ച ഡോക്ടർക്കുള്ള സംസ്ഥാന പുരസ്‌കാരമടക്കം നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |