കോഴിക്കോട്: സർക്കാർ മുന്നറിയിപ്പുകളും നിർദ്ദേശങ്ങളുമെല്ലാം കാറ്റിൽപറത്തി കല്ലായിപ്പുഴയിൽ കൈയേറ്റം. കല്ലായി പുഴയോരത്തെ കൈയേറ്റങ്ങൾ കണ്ടെത്തി സർക്കാർ ഭൂമി തിരിച്ചറിയുന്നതിന് കോഴിക്കോട് കോർപ്പറേഷന്റെ സഹായത്തോടെ റവന്യൂ വകുപ്പ് സ്ഥാപിച്ച ജെണ്ടകൾ വ്യാപകമായി തകർത്തിരിക്കുകയാണ്. തകർത്തവർക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് ജില്ലാ കളക്ടർ ,കോർപ്പറേഷൻ സെക്രട്ടറി, താഹസിൽദാർ എന്നിവർക്ക് പരാതി നൽകിയിരിക്കുകയാണ് കല്ലായി പുഴ സംരക്ഷണ സമിതി.
കല്ലായി പുഴയും തീരവും സ്യകാര്യവ്യക്തികൾ കൈയേറിയതിനെതിരെ കല്ലായി പുഴ സംരക്ഷണ സമിതിയുടെ പരാതിയിൽ ഹൈക്കോടതി ഉത്തരവ് പ്രകാരം 2019 ൽ കോർപ്പറേഷന്റെ അഞ്ചര ലക്ഷം രൂപ ചെലവിൽ റവന്യൂ വിഭാഗം കല്ലായി പുഴ തീരത്ത് സ്ഥാപിച്ച ജെണ്ടകളാണ് വ്യാപകമായി കൈയേറ്റക്കാർ നശിപ്പിച്ചു കൊണ്ടിരിക്കുന്നത്. ഒരു ജെണ്ടക്ക് 5,500 രൂപ ചെലവിൽ 100 ജെണ്ടകളാണ് പുഴ തീരങ്ങളിൽ സ്ഥാപിച്ചത്. അസി. കളക്ടറുടെയും ഡെപ്യൂട്ടി കളക്ടറുടെയും നേതൃത്വത്തിൽ റവന്യൂവിഭാഗം ജെണ്ട സ്ഥാപിക്കുന്ന നടപടിയെ കല്ലായിയിലെ കൈയേറ്റക്കാരായ കച്ചവടക്കാർ തടഞ്ഞപ്പോൾ പൊലീസ് ബലം പ്രയോഗിച്ച് മാറ്റിയാണ് ജെണ്ടകൾ സ്ഥാപിക്കാൻ സാധിച്ചത്. കസബ വില്ലേജിൽപ്പെട്ട ചാലപ്പുറത്ത് നിന്ന് കല്ലായി ഭാഗത്തേക്ക് പോകുന്ന റോഡിൽ സമദ് സോമില്ലിന് സമീപം ജെണ്ടക്ക് മുകളിൽ കൂറ്റൻ മരങ്ങൾ തള്ളിയാണ് ജെണ്ട നശിപ്പിച്ചത്. കല്ലായിയിൽ മരമില്ലിന് മുൻവശത്തുള്ള ജെണ്ട വാഹനം കയറ്റിയാണ് നശിപ്പിച്ചത് . നഗരം വില്ലേജിൽപ്പെട്ട കല്ലായി പാലത്തിന് താഴെ അനധികൃതമായി വിറക് കച്ചവടം ചെയ്യുന്ന വ്യക്തി വിറക് ഇറക്കി വെച്ചാണ് ജെണ്ടകൾ പൂർണമായി തകർത്തത്. കല്ലായിപാലത്തിന് സമീപം പുതുതായി വന്ന ഓഡിറ്റോറിയത്തിന്റെ കോമ്പൗണ്ടിൽ സ്ഥാപിച്ചിരുന്ന ജെണ്ട നീക്കം ചെയ്താണ് നശിപ്പിച്ചത്.
ക്രിമിനൽ നടപടി സ്വീകരിക്കണം
കോഴിക്കോട്: പുഴ തീരത്തെ സർക്കാർ ഭൂമി തിരിച്ചറിയുന്നതിന് ഖജനാവിൽ നിന്ന് ചെലവഴിച്ച് സ്ഥാപിച്ച ജെണ്ടകൾ തകർത്ത വർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന് കല്ലായി പുഴ സംരക്ഷണ സമിതി യോഗം ആവശ്യപ്പെട്ടു. തകർക്കപ്പെട്ട സ്ഥലത്ത് ജെണ്ടകൾ പുന:സ്ഥാപിക്കണം. അല്ലാത്ത പക്ഷം നിയമ നടപടിക്ക് കോടതിയെ സമീപിക്കും. യോഗത്തിൽ പ്രസിഡന്റ് എസ്.കെ.കുഞ്ഞിമോൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫൈസൽ പള്ളിക്കണ്ടി, പി.പി ഉമ്മർകോയ, പ്രദീപ് മാമ്പറ്റ,എം നൂർ മുഹമ്മത്, എസ്.വി. അശറഫ്, കെ.ടി.സിദീഖ് എന്നിവർ പ്രസംഗിച്ചു.
'സർക്കാർ സ്ഥാപിച്ച ജെണ്ടകൾ തകർത്തതിനെതിരെ രണ്ടു വർഷം മുമ്പ് പുഴ സംരക്ഷണ സമിതി തഹസിൽദാർക്ക് പരാതി നൽകിയിരുന്നു. കസബ പൊലീസിൽ റവന്യൂ വകുപ്പ് നൽകിയ പരാതിയിൽ വേണ്ടത്ര അന്വേഷണമൊ മറ്റു നടപടികളൊ ഉണ്ടാകാതിരുന്നതിനാലാണ് കൂടുതൽ ജെണ്ടകൾ തകർക്കാൻ കാരണം'.
ഫൈസൽ പള്ളിക്കണ്ടി, ജനറൽ സെക്രട്ടറി
കല്ലായി പുഴ സംരക്ഷണ സമിതി.
ജെണ്ട
സർക്കാർ ഭൂമിയാണെന്ന് തിരിച്ചറിയാൻ ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റ് ഒരു മീറ്റർ ഉയരത്തിലും ഒരു മീറ്റർ വീതിയിലും സമചതുരത്തിൽ കരിങ്കല്ല് കൊണ്ട് നിർമ്മിക്കുന്ന സ്തൂപമാണ് (ജെണ്ട).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |